ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ, യുക്രെയ്ൻ വിഷയത്തെച്ചൊല്ലി ദിവസങ്ങൾ നീണ്ടുനിന്ന കൂടിയാലോചനകൾക്കു ശേഷം നേതാക്കൾ ഏകാഭിപ്രായത്തിൽ എത്തിയതായി റിപ്പോർട്ട്. ഇതു കൂടി ചേർത്ത പുതുക്കിയ സംയുക്ത പ്രസ്താവനയുടെ കരട് വിതരണം ചെയ്തു. ഇത് എല്ലാവരും അംഗീകരിച്ചതായാണ് വിവരം. 

യുക്രെയ്ൻ സംഘർഷത്തെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച വാക്കുകൾ ജി20 പ്രതിനിധി സംഘം അംഗീകരിച്ചു. എന്നാൽ യുക്രെയ്ൻ ആക്രമണം സംബന്ധിച്ചുള്ള ഖണ്ഡികയിൽ ‘യുക്രെയ്നിലെ യുദ്ധം’ എന്നോ ‘യുക്രെയ്ന് എതിരായ യുദ്ധം’ എന്നോ പറയുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നെന്നും റിപ്പോർട്ടുണ്ട്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം നേതാക്കളുടെയും പ്രതിനിധികൾ വെള്ളിയാഴ്ച തയാറാക്കിയ സംയുക്ത പ്രസ്താവനയുടെ കരടുരേഖ അംഗീകരിച്ചിരുന്നു. അതിൽ യുക്രെയ്നുമായി ബന്ധപ്പെട്ട ഭാഗം ശൂന്യമാക്കിയാണ് ഇട്ടിരുന്നത്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്തിയ ചർച്ചകളിൽ ഏകാഭിപ്രായത്തിൽ എത്താത്തതിനാലാണ് ഈ ഭാഗം ഒഴിച്ചിട്ടിരുന്നത്. സെപ്റ്റംബർ ആറിന് നടന്ന പ്രതിനിധികളുടെ യോഗത്തിനു ശേഷമായിരുന്നു ഈ ചർച്ചകൾ. യുക്രെയ്ൻ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇത്തവണത്തെ ജി 20 ഉച്ചകോടിയിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ഉച്ചകോടി മികച്ച രീതിയിൽ അവസാനിക്കുന്നതിനായി നിലവിലെ സംയുക്ത പ്രസ്താവന എല്ലാവരും അംഗീകരിക്കാൻ ഇന്ത്യ സമ്മർദം ചെലുത്തിയേക്കും. 

അതിനിടെ, 2026ൽ ജി20യുടെ അധ്യക്ഷത യുഎസ് വഹിക്കുമെന്ന പരാമർശത്തിനെതിരെ ചൈന എതിർപ്പ് അറിയിച്ചെന്നാണ് വിവരം. ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർ ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞവർഷത്തെ ജി20 സംയുക്ത പ്രസ്താവന റഷ്യയെ വിമർശിക്കുന്നതായിരുന്നു. ഇക്കുറി യുക്രെയ്ൻ വിഷയം ഉൾപ്പെടുത്തെരുതെന്നാണ് റഷ്യയുടെ നിലപാട്. തങ്ങളുടെ നിലപാട് പ്രതിഫലിക്കാത്ത പ്രസ്താവന തടയുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാ‍വ്‍റോവ് വ്യക്തമാക്കി. യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചു പറയുന്ന ഭാഗത്തെ ചൈനയും എതിർത്തിരുന്നു. 

English Summary: India proposes new text on Ukraine crisis to break impasse on G20 communique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com