ADVERTISEMENT

കോഴിക്കോട്∙ പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാണ്ടി ഉമ്മന് കിട്ടിയത് കേരളത്തിന്റെ മുഴുവൻ പിന്തുണയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും വി.ഡി. സതീശൻ ചോദിച്ചു. ‘‘പിണറായി വിജയന്റെയും നേതൃത്വത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആരും പാര്‍ട്ടിയിൽ ഇല്ല എന്നതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സർക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞത്. ഇന്നലെ അതു മാറ്റി പറഞ്ഞു. മലക്കം മറിയാൻ വിദഗ്ധനാണ് എം.വി. ഗോവിന്ദൻ. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാറിയിരിക്കുന്നു.’’– വി.ഡി. സതീശൻ പറഞ്ഞു.

പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്യുകയാണ്. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റി അറിയപ്പെടന്ന ഒരു സിപിഎം നേതാവിനെ നിയമിച്ചു. ഗണേഷ് കുമാർ പരാതിപ്പെട്ടപ്പോൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണു പറഞ്ഞത്. പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിലാണ്. സ്വന്തം വകുപ്പിൽ ഇങ്ങനെയൊരുകാര്യം നടന്നത് അറിഞ്ഞില്ലെങ്കിൽ അദ്ദേഹം എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.

ഈ സർക്കാരിനോടുള്ള രോഷവും പ്രതിഷേധവും കൊണ്ടാണ് ജനങ്ങൾ വൻഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായമാണ് യുഡിഎഫ് തുറക്കുന്നത്. എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചു. വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി നമുക്ക് നൽകിയത്. ഇത്രയും വലിയ വിജയം നൽകിയ ജനങ്ങളുടെ മുന്നിൽ തലകുനിക്കുകയാണ്. വലിയ ഭൂരിപക്ഷം ഞങ്ങളുടെ ചുമലിലേക്കു വച്ചിരിക്കുന്നത് വലിയ ഭാരമാണ്. കൂടുതൽ ഉത്തരവാദിത്തത്തോടു കൂടി പെരുമാറാൻ ഞങ്ങൾക്കു പുതുപ്പള്ളിയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ ഞങ്ങൾക്കു പിന്തുണ നൽകി. 94 വയസ്സുള്ള ഗ്രോവാസു മുദ്രാവാക്യം വിളിച്ചപ്പോള്‍ വാ പൊത്തിപ്പിടിക്കുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്. ഇത് കമ്യൂണിസ്റ്റ് സർക്കാരല്ല, തീവ്ര വലതുപക്ഷ സംസ്കാരാണെന്നും സതീശൻ വിമർശിച്ചു.

English Summary: VD Satheesan's Reaction On Puthuppally Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com