ADVERTISEMENT

ന്യൂഡൽഹി∙ ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം ഉണ്ടാക്കാന്‍ വേണ്ടി വന്നത് 200 മണിക്കൂർ, 300 യോഗങ്ങൾ, 15 ഡ്രാഫ്റ്റ്. യുക്രെയ്ൻ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യുടെ ഡൽഹി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ തന്റെ രണ്ട് ടീം അംഗങ്ങളെ ജി20 ഷെർപ്പ അമിതാഭ് കാന്ത് അഭിനന്ദിച്ചു.

‘‘ജി20 ഉച്ചകോടിയുടെ സങ്കീർണമായ ഭാഗം റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം കൊണ്ടുവരിക എന്നതായിരുന്നു. ഇതിനായി 200 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾ, 300 ഉഭയകക്ഷി യോഗങ്ങൾ, 15 ഡ്രാഫ്റ്റുകൾ എന്നിവ നടത്തി. ഇതിൽ സഹായത്തിനായി രണ്ട് മിടുക്കരായ ഓഫിസർമാരെ ലഭിച്ചു’’– ഓഫിസർമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമിതാഭ് കാന്ത് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്. ‘‘എനിക്ക് ഒരു നല്ല വാർത്ത ലഭിച്ചു. ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനം കാരണം, ഡൽഹി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം രൂപപ്പെട്ടു. അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്ത ഷെർപ്പയെയും മന്ത്രിമാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് എംപി ശശി തരൂരും അമിതാഭ് കാന്തിന് പ്രശംസ അറിയിച്ച് രംഗത്തെത്തി. ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണെന്ന് തരൂർ പറഞ്ഞു. ‘നിങ്ങൾ ഐ‌എ‌എസ് തിരഞ്ഞെടുത്തപ്പോൾ ഐ‌എഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്ടപ്പെട്ടതായി തോന്നുന്നു’വെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ജി20 പ്രഖ്യാപനത്തിൽ സമവായം കൈവരിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. ചൈന, റഷ്യ, മറ്റു പ്രധാന പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയ ചർച്ചകളും ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നിവയുടെ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചത്.

സമ്മേളനത്തിൽ പങ്കെടുക്കാത്ത റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനു കാരണമായത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിൽ നയതന്ത്രപരമായും ഇന്ത്യയ്ക്കു തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടുമെന്നതാണ് ഇന്ത്യയെ ഇക്കാര്യത്തിൽ കഠിന പ്രയത്നത്തിനു പ്രേരിപ്പിച്ചത്.

English Summary: 200 Hours, 300 Meetings: G20 Sherpa Lists Hard Work Behind Delhi Consensus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com