ADVERTISEMENT

ഇംഫാൽ∙ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ രണ്ടുമാസമായി ദിവസവും അവനു വേണ്ടി പ്രഭാതഭക്ഷണം ഒരുക്കി കാത്തിരിക്കുകയായിരുന്നു എന്ന് മണിപ്പൂരിൽ അക്രമികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വിദ്യാർഥിയുടെ പിതാവ്. എല്ലാ ദിവസവും തീന്‍മേശയില്‍ ഒരു പ്ലേറ്റില്‍ അവനു വേണ്ടി ഭക്ഷണം വിളമ്പിവയ്ക്കുമായിരുന്നു. അവന്‍ തിരിച്ചുവരുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്നും ‌വിദ്യാർഥികളുടെ മാതാപിതാക്കൾ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

ജൂലൈ 6നാണ് ആൺകുട്ടിയെ സഹപാഠിയായ പെൺകുട്ടിക്കൊപ്പം കാണാതായത്. ഇരുവരുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഇന്നലെ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ‘‘എന്റെ മകനോ ആ പെൺകുട്ടിയോ എന്ത് തെറ്റാണ് ചെയ്തത്. അവരെ ഒരുമിച്ച് തട്ടിക്കൊണ്ടുപോയി. ശേഷം ക്രൂരമായി കൊലപ്പെടുത്തി.’’– കൊല്ലപ്പെട്ട ആൺകുട്ടിയുടെ പിതാവ് പറഞ്ഞു.

പതിനേഴു വയസ്സുള്ള പെൺകുട്ടി നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ജൂലൈ ആറിന് വീട്ടിൽ നിന്ന് പുറത്തു പോയതെന്ന് അമ്മ പറഞ്ഞു. ‘‘ഖ്വാക്ടയ്ക്കു സമീപത്തുവച്ചാണ് അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് സൈബർ പൊലീസ് പറഞ്ഞു. അവൾ തിരിച്ചെത്തുന്നതു കാണാതിരുന്നപ്പോൾ ഞാൻ ഫോണിൽ വിളിച്ചു. അവൾ ഫോണെടുത്തു. ഭയന്നു വിറച്ചാണ് അവൾ സംസാരിച്ചത്. നംബാലിലുണ്ടെന്നായിരുന്നു പറ‍ഞ്ഞത്. നംബാലിൽ എവിടെ എന്നു ചോദിച്ചു. അച്ഛനെ അങ്ങോട്ടു വിടാമെന്നു പറഞ്ഞു. പക്ഷേ അൽപം കഴിഞ്ഞപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. എനിക്ക് നീതി ലഭിക്കണം. എന്റെ കുഞ്ഞിനെ കൊന്നവർ ശിക്ഷിക്കപ്പെടണം.’’–പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.

മെയ്തെയ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 20 മെയ്തെയ് എംഎൽഎമാർ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്ത് നൽകി. വിദ്യാർഥികളുടെ രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കാണാതായ ഇരുവരും പുൽത്തകിടിയിലിരിക്കുന്നതായിരുന്നു ഒരു ചിത്രം. ഇവരുടെ സമീപത്ത് തോക്കുധാരികളായ അക്രമികളെയും കാണാം. വിദ്യാർഥികൾ കൊല്ലപ്പെട്ട നിലയിലുള്ളതായിരുന്നു മറ്റൊരു ചിത്രം.

മണിപ്പുരിൽ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ വിദ്യാർഥികളെ കാണാതായത് വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. കടയിലെ സിസിടിവിയിൽ വിദ്യാർഥികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എങ്കിലും വിദ്യാർഥികളെ കണ്ടെത്താനായില്ല. തുടർന്ന് കേസ് സിബിഐക്ക് വിട്ടു.

English Summary: Father Shares His Painful Wait For Justice After Son's Abduction And Murder

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com