ADVERTISEMENT

ഐസോൾ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെക്കാൾ പ്രധാനമന്ത്രിക്കു താൽപര്യം ഇസ്രയേല്‍–ഹമാസ് യുദ്ധമാണെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മിസോറമിലെത്തിയ രാഹുൽ ഗാന്ധിയുടെ വിമർശനം. 

‘‘ഇസ്രയേലിൽ എന്താണു നടക്കുന്നത് എന്നതിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും വലിയ താൽപര്യമുണ്ട്. എന്നാൽ മണിപ്പുരിൽ സംഭവിക്കുന്ന കാര്യങ്ങളിൽ പ്രധാനമന്ത്രിക്ക് തീരെ താൽപര്യമില്ല. ഇതെന്നെ അത്ഭുതപ്പെടുത്തുന്നു. മണിപ്പുരിനെ ബിജെപി തകർത്തു. അതു നിലവിൽ  ഒറ്റ സംസ്ഥാനമല്ല, രണ്ടു സംസ്ഥാനമാണ്.  ആളുകളും കുട്ടികളും കൊല്ലപ്പെടുന്നു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. എന്നാൽ മണിപ്പുർ സന്ദർശിക്കേണ്ടതു പ്രധാനപ്പെട്ട കാര്യമായി പ്രധാനമന്ത്രിക്കു തോന്നുന്നില്ല. മണിപ്പുരിൽ മേയിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷ‌ം ആരംഭിച്ചിട്ടും പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കാത്തതു നാണക്കേടുണ്ടാക്കുന്ന കാര്യമാണ്’’ –രാഹുൽ പറഞ്ഞു. 

രണ്ടുദിവസത്തെ പ്രചാരണത്തിനായാണു രാഹുൽ ഗാന്ധി ഐസോളിൽ എത്തിയത്. ഇന്നു രാവിലെ 11ന് ഐസോളിൽ രാഹുൽ ഗാന്ധി പദയാത്ര നടത്തി. 40 അംഗ നിയമസഭയിലേക്കു ത്രികോണമത്സരമാണെങ്കിലും പ്രധാന പോരാട്ടം ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും (എംഎൻഎഫ്) പുതിയ രാഷ്ട്രീയപാർട്ടിയായ സൊറാം പീപ്പിൾസ് മൂവ്മെന്റും (സെഡ്പിഎം) തമ്മിലാണ്. പ്രധാന പ്രതിപക്ഷം എന്ന നിലയിൽനിന്നു കോൺഗ്രസ് പിന്തള്ളപ്പെട്ടെങ്കിലും ഗ്രാമമേഖലകളിൽ ഇപ്പോഴും സ്വാധീനമുണ്ട്.

English Summary:

Rahul Gandhi says Modi is interested in Israel than Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com