ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിപടലങ്ങളും (മൂൺ ഡസ്റ്റ്/ ലൂണാർ എപ്പിറെഗോലിത്ത്) പാറകളും പറത്തിയെന്നും ഇതു ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം (എജക്റ്റ ഹാലോ) തീർത്തെന്നും ഐഎസ്ആർഒ. വെള്ളിയാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഐഎസ്ആർഒ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാൻഡിങ് പ്രദേശത്തിനു ചുറ്റുമുള്ള 108.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഏകദേശം 2.06 ടൺ പൊടിപടലങ്ങൾ വീണതായാണ് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻആർഎസ്‌സി) ശാസ്ത്രജ്ഞർ കണക്കാക്കുന്നതെന്ന് ഐഎസ്ആർഒ പറഞ്ഞു. ചന്ദ്രയാൻ-2 ഓർബിറ്ററിലെ ഓർബിറ്റർ ഹൈ-റെസല്യൂഷൻ ക്യാമറയിൽ (ഒഎച്ച്ആർസി) പതിഞ്ഞ പാൻക്രോമാറ്റിക് ചിത്രങ്ങളിൽനിന്നാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്. വിക്രം ലാൻഡർ ഇറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപും ശേഷവും ലഭിച്ച ചിത്രങ്ങൾ താരതമ്യം ചെയ്തായിരുന്നു പഠനം.

ലാൻഡറിനെ വലയം ചെയ്യുന്ന ‘എജക്റ്റ ഹാലോ’ രൂപപ്പെട്ടെന്നായിരുന്നു കണ്ടെത്തൽ. ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രോപരിതലത്തിലും ചാന്ദ്ര വസ്തുക്കളിലും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനു സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ. ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിന്റെ ജേണലിൽ ഈ കണ്ടെത്തലുകളെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23ന് ആണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ആദ്യത്തെ 10 ദിവസത്തിൽ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവർ ചന്ദ്രനിൽ ഏകദേശം 100 മീറ്റർ സഞ്ചരിച്ചു. ലാൻഡറിനെ ഒരിക്കൽക്കൂടി പൊക്കി ഇറക്കാനും കഴിഞ്ഞു. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം ഇതിനിടെ കൈമാറി. ചന്ദ്രനിൽ സൂര്യാസ്തമായതോടെ സ്ലീപ് മോഡിലേക്കു മാറിയ ലാൻഡറും റോവറും നിലവിൽ ആ അവസ്ഥയിൽ തന്നെയാണ്.

English Summary:

Chandrayaan-3 Vikram Lander Ejected Lunar Soil As It Landed On Moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com