ADVERTISEMENT

ഇസ്‍ലാമാബാദ്∙ റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് ആയുധങ്ങൾ നൽകാൻ രണ്ട് അമേരിക്കൻ കമ്പനികളുമായി പാക്കിസ്ഥാൻ  കരാറിൽ ഏർപ്പെട്ടെന്ന് ബിബിസി ഉർദു റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ 364 മില്ല്യൺ ഡോളറാണ് കരാറിലൂടെ നേടിയത്.

ഗ്ലോബൽ മിലിട്ടറി, നോർത്രോപ് ഗ്രുമൻ എന്നീ രണ്ട് അമേരിക്കൻ കമ്പനികളുമായി 155 എംഎം ഷെല്ലുകളുടെ വിൽപ്പനയ്ക്കായാണു പാക്കിസ്ഥാൻ കരാറിലേർപ്പെട്ടത്. 

2022 ഓഗസ്റ്റ് 17നാണു പാക്കിസ്ഥാൻ കരാറിൽ ഒപ്പിടുന്നത്. എന്നാൽ യുക്രെയ്നും അയൽരാജ്യമായ റൊമാനിയയ്ക്കും ആയുധങ്ങൾ നൽകിയെന്ന കാര്യം പാക്കിസ്ഥാൻ നിരന്തരം നിഷേധിച്ചിരുന്നു. യുക്രെയ്നിന് ആയുധങ്ങൾ നൽകിയിട്ടില്ലെന്നായിരുന്നു ഇസ്‍ലമാബാദിലെ വിദേശകാര്യ ഓഫിസ് വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പാക്കിസ്ഥാനു നിഷ്പക്ഷ സമീപനമാണെന്നും വിദേശകാര്യ ഓഫിസ് വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‍മെന്റിന്റെ (പിഡിഎം) ഭരണകാലത്താണു കമ്പനികളുമായി പാക്കിസ്ഥാൻ കരാറിലേർപ്പെടുന്നത്.  ജൂലൈയിൽ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദമൈത്രോ കുലേബ പാക്കിസ്ഥാൻ സന്ദർശിച്ചപ്പോഴും യുക്രെയ്ന് പാക്കിസ്ഥാൻ ആയുധങ്ങൾ നൽകിയെന്ന റിപ്പോർട്ട് നിഷേധിച്ചിരുന്നു.

അമേരിക്കൻ ഫെഡറൽ പ്രൊക്യുർമെന്റ് ഡേറ്റ സിസ്റ്റത്തിൽനിന്നുള്ള കണക്കുകളെ ഉദ്ധരിച്ചാണ്  ബിബിസിയുടെ റിപ്പോർട്ട്. 232 മില്ല്യൻ ഡോളറിന്റെ കരാർ ഗ്ലോബൽ മിലിട്ടറിയുമായും 131 മില്ല്യൻ ഡോളറിന്റെ കരാർ നോർത്രോപ് ഗ്രുമനുമായാണു പാക്കിസ്ഥാൻ നടത്തിയത്. 2023 ഒക്ടോബറിലാണു കരാർ കാലാവധി അവസാനിച്ചതെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടീഷ് മിലിട്ടറി കാർഗോ വിമാനത്തിലാണ് ആയുധങ്ങൾ വിതരണം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ എയർ ബേസിൽ അഞ്ചുപ്രാവശ്യമാണു വിമാനമെത്തിയത്. 2022 ഓഗസ്റ്റിലാണു ആദ്യ വിമാനം റാവൽപിണ്ടിയിൽ എത്തിയത്.

2022–23 കാലത്ത് പാക്കിസ്ഥാന്റെ ആയുധ കയറ്റുമതി 3,000 ശതമാനം വർധിച്ചതായും സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്കുകൾ പ്രകാരം ബിബിസി പറഞ്ഞു. 2021–22 കാലത്ത് പാക്കിസ്ഥാൻ 13 മില്ല്യൻ ഡോളറിന് ആയുധ കയറ്റുമതി നടത്തിയതായും 2022–23 കാലത്ത് ഇത് 415 മില്ല്യൻ ഡോളറായി വർധിച്ചതായും കണക്കുകളുണ്ട്. 

English Summary:

Pakistan Sold Weapons to Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com