ADVERTISEMENT

തിരുവനന്തപുരം∙ ബഹിഷ്കരണാഹ്വാനം ഏശാത്തതുകൊണ്ടു നവകരേള സദസ്സിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ഇക്കൂട്ടത്തിൽ മുസ്‌ലിം ലീഗുണ്ടെന്നു കരുതുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസും വലതുപക്ഷ മാധ്യമശൃംഖലയുമാണ് ഇതിനായി ഗവേഷണം നടത്തുന്നത്. കോൺഗ്രസ് നേതാക്കൾ എന്തും പറയാൻ മടിക്കാത്തവരായി മാറി. മുഖ്യമന്ത്രിയുടെ തന്തയ്ക്കു വിളിക്കുകയും ക്രിമിനലാണെന്നു പറയുകയുമാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നതു കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. മാധ്യമങ്ങളുടെ നിലപാടുകളേയും എം.വി.ഗോവിന്ദൻ വിമർശിച്ചു. മാധ്യമങ്ങൾ കണ്ണുമടച്ചാണ് ഇടതുപക്ഷത്തെ വിമർശിക്കുന്നത്.

മുഖ്യമന്ത്രിയെ അപഹസിക്കുന്ന ചാനൽ ചർച്ചകളിൽ ഇടതുപക്ഷ പ്രതിനിധിയെ അയയ്ക്കേണ്ടതുണ്ടോ എന്ന് ആലോചിക്കും. മാധ്യമപിന്തുണയോടെയല്ല നവകേരള സദസ്സ് നടക്കുന്നത്.  യൂത്ത് കോണ്‍ഗ്രസുകാർ മരണസ്‌ക്വാഡ് പോലെ പ്രവർത്തിച്ചാണ് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. അവർ മന്ത്രിമാരുടെ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു.  പ്രതിപക്ഷനേതാവ് എന്തും പറയാൻ നിലയിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .

നവകേരള സദസ്സിൽ രാഷ്ട്രീയം പറയാം. രാഷ്ട്രീയത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ്. സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്ന രാഷ്ട്രീയമാണു നവകേരള സദസ്സിൽ പറയുന്നത്. ജനസമ്പർക്ക പരിപാടിയും നവകേരള സദസ്സുമായി താരതമ്യമില്ല. വ്യക്തിപരമായി മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു നടത്തിയതാണു ജനസമ്പർക്ക പരിപാടി. ചില ആളുകൾക്ക് ആനുകൂല്യം കൊടുക്കാനായി നടത്തിയതാണ്. അതിന്റെ ആറിരട്ടിയാണ് ഇപ്പോൾ കൊടുക്കുന്നത്. – എം.വി.ഗോവിന്ദൻ പറഞ്ഞു.

വ്യാജ െഎഡി കാർഡ് സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണ്. അതിൽ നേതൃത്വത്തിന് വരെ പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റിലേക്കുള്ള നോമിനേഷൻ കീഴ്‌വഴക്കം ലംഘിച്ചാണ് ഗവർണർ നടപ്പാക്കിയത്.  എല്ലാ അംഗങ്ങളെയും ഗവർണർ നോമിനേറ്റ് ചെയ്‌തത് മാനദണ്ഡങ്ങൾ തെറ്റിച്ചാണ്. മറിയക്കുട്ടിക്കെതിരെ ദേശാഭിമാനി തെറ്റായ വാർത്ത നൽകിയത് പർവതീകരിക്കേണ്ട. സംഭവത്തിൽ ദേശാഭിമാനി മാപ്പ് പറഞ്ഞിട്ടുണ്ട്, അത് ആയിരത്തിൽ ഒന്നുമാത്രം നടക്കുന്ന സംഭവമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 

English Summary:

NavaKerala Sadas: M.V. Govindan against Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com