ADVERTISEMENT

ചെന്നൈ/മലപ്പുറം∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് (ഐയുഎംഎൽ). മതേതര കക്ഷികൾ ബിജെപി തന്ത്രം തിരിച്ചറിഞ്ഞുകൊണ്ട് തീരുമാനമെടുക്കണമെന്ന് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി കമ്മിറ്റി യോഗത്തിനു ശേഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപി രാഷ്ട്രീയ നേട്ടത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പൊളിറ്റിക്കൽ അഡ്വൈവസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗ് എപ്പോഴും വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ ബിജെപി വിശ്വാസത്തെ രാഷ്ട്രീയ അജൻഡയാക്കുന്നതിനോടു യോജിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു.

വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനമായി ബിജെപി ക്ഷേത്ര ഉദ്ഘാടനം മാറ്റുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും മുസ്‌ലിം ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ ഉദ്ഘാടന ചടങ്ങ് ബിജെപി കേവലം രാഷ്ട്രീയമാക്കി മാറ്റുകയാണ്. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

‘‘മുസ്‌ലിം ലീഗ് വിവേകത്തോടെയാണ് ഈ വിഷയം സമീപിക്കുന്നത്. ഭരണഘടനാ ധാർമ്മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതിൽ ഒറ്റക്കെട്ടായി മതേതര ശക്തികൾക്കു നിലയുറപ്പിക്കാനാകണം. മത വിശ്വാസത്തെ അധികാരത്തിനുള്ള മറയാക്കുന്ന ബിജെപിയെ വിശ്വാസി സമൂഹം തിരിച്ചറിയണം. ഇന്ത്യക്കാരുടെ വിശപ്പും തൊഴിലില്ലായ്മയും മറ്റു ജനകീയ പ്രശ്നങ്ങളുമാണ് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്ര ബിന്ദുവാകേണ്ടത്. അതാണ് ശരിയായ ജനാധിപത്യം. രാമക്ഷേത്രത്തെ മറയാക്കി യഥാർഥ പ്രശ്നങ്ങളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഇന്ത്യൻ ജനത ജാതി,മത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും.’’ – യോഗം പങ്കുവച്ചു.

English Summary:

Muslim League on Ram Temple inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com