ADVERTISEMENT

മോസ്കോ∙  യുക്രെയ്നുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഞെട്ടിച്ച് വീണ്ടും വിശ്വസ്തയുടെ മരണം. പുട്ടിന്റെ ഏറ്റവും വലിയ പ്രചാരക ടെലിവിഷൻ ചാനലിൽ ഒന്നായ ക്യൂബന്റെ ചീഫ് എഡിറ്ററുടെ മരണമാണ് റഷ്യയിൽ ആശങ്ക ഉയർത്തുന്നത്. ഇതോടെ പുട്ടിന്റെ വിശ്വസ്തരായ 2 വനിതാ മാധ്യമപ്രവർത്തകരെയാണ് കൊലപാതകമെന്നു സംശയിക്കാവുന്ന വിധം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക ടിവി കമ്പനിയായ ക്യൂബന്റെ ചീഫ് എഡിറ്ററായ സോയ കൊനവലോവ (48) യെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഷബാധയേറ്റു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപം മുൻ ഭർത്താവിന്റെ മൃതദേഹവും ഉണ്ടായിരുന്നു. ഇവർക്ക് 15 വയസ്സുള്ള ഒരു മകളും ഒരു മകനുമുണ്ട്. യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധത്തെ പിന്തുണയ്ക്കുന്ന മുൻനിര പോരാളി തന്നെയായിരുന്നു കൊനവലോവ നേതൃത്വം നൽകുന്ന ചാനൽ. സംഭവവുമായി ബന്ധപ്പെട്ട് റഷ്യ അന്വേഷണം ആരംഭിച്ചു. ശരീരത്തിൽ പ്രത്യക്ഷമായി മുറിവുകളൊന്നുമില്ലെന്നും ഫൊറൻസിക് പരിശോധന നടന്നു വരികയാണെന്നും റഷ്യ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.  മൃതദേഹം കണ്ടെത്തുന്നതിന് 24 മണിക്കൂർ‌ മുൻപ് ഇരുവരും മരിച്ചിരുനെന്നാണ് വിവരം. 

പുട്ടിന്റെ പ്രിയപ്പെട്ടവരുടെ മരണം തുടർക്കഥ

പുട്ടിന്റെ പ്രിയ പത്രമായ കൊംസൊമൊൾസ്കയ പ്രവ്‌ദയുടെ ഡപ്യൂട്ടി എഡിറ്റർ ചീഫ് അന്ന സാറേവയെ (35) കഴിഞ്ഞ മാസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ രണ്ടാം വാരം പനിയും അസ്വസ്ഥകളും അനുഭവപ്പെട്ട അന്ന തൊട്ടു പിന്നാലെ മരിക്കുകയായിരുന്നു. കൊംസൊമൊൾസ്കയ പ്രവ്‌ദയുടെ എഡിറ്റർ ഇൻ ചീഫ് വ്ലാഡിമിർ സൊളൊവ്യോയ് (68)  മരിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് അന്നയുടെ വിയോഗം. 2022 സെപ്റ്റംബറിൽ‌ ഹൃദയാഘാതത്തെ തുടർന്നാണ് സൊളൊവ്യോയുടെ അന്ത്യം. കിഴക്കൻ റഷ്യയി‍ൽ പര്യടനത്തിനിടെ സംഭവിച്ച മരണം കൊലപാതകമാണെന്നും യുക്രെയ്നിനു പങ്കുണ്ടെന്നും റഷ്യ അന്ന് ആരോപിക്കുകയും ചെയ്തു. 

മകളെ ഫോണിൽ ബന്ധപ്പെട്ട് കിട്ടാത്തതിനെ തുടർന്ന് പിതാവ് താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് അന്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ അന്ന ആക്രമണത്തിന് ഇരയായിതിന്റെയോ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 2023 ഒക്ടോബറിലെ കണക്ക് അനുസരിച്ച് 83.9 മില്യൺ വായനക്കാരുമായി റഷ്യയിൽ ഏറ്റവും വായനക്കാരുള്ള വാർത്താ വെബ്സൈറ്റായിരുന്നു കൊംസൊമൊൾസ്കയ പ്രവ്‌ദ.

സൊളൊവ്യോയുടെ മരണം ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നെങ്കിലും മരണത്തിനു മുൻപ് ശ്വാസം മുട്ടലും മറ്റും അനുഭവപ്പെട്ടെന്ന റിപ്പോർട്ട് സംശയമുണർത്തിയിരുന്നു. പുട്ടിന്റെ യുക്രെയ്ൻ വിരുദ്ധ യുറോപ്യൻ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്ന മാധ്യമമായിരുന്നു പ്രവ്ദ. പുട്ടിൻ തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട പത്രമായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള റോസ്തോവിൽ മാധ്യമപ്രവർത്തകൻ അലക്സാണ്ടർ റിബിനെയും കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 

English Summary:

Head of Russian state-run propaganda TV found dead alongside ex-husband after mysterious ‘poisoning’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com