ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷിക്കുന്നതു സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന്. സഹപാഠികൾ ഹോസ്റ്റലിൽ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥ‌നെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. 

സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യമായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. കുടുംബത്തിന്റെ ആവശ്യം അതാണെങ്കിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്നാണു മുഖ്യമന്ത്രി പിതാവ് ജയപ്രകാശിനെ അറിയിച്ചത്. കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകുന്നേരം ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കി. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി. സാധാരണ ഇത്രയും താമസം ഉണ്ടാവില്ല.

സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പിൽനിന്നു വിജ്ഞാപനത്തിന്റെ കോപ്പി കൊച്ചിയിലെ സിബിഐ ഓഫിസിലേക്കും മറ്റൊരു പകർപ്പ് ഡിജിപിക്കുമാണ് അയയ്ക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്കുവേണ്ടി ഡപ്യൂട്ടി സെക്രട്ടറിയാണു കൊച്ചിയിലെ സിബിഐ വിഭാഗത്തിന്റെ തലവനു കത്തയച്ചത്. അന്വേഷണം വേണോ എന്നു തീരുമാനിക്കേണ്ടത‌ു സിബിഐയാണ്. അന്വേഷണം വൈകിപ്പിക്കാനാണു നീക്കമെന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം വൈകിയാൽ തെളിവുകൾ നശിപ്പിക്കാനാകുമെന്നും കുടുംബം പറയുന്നു.

സിബിഐ അന്വേഷണത്തെ സർക്കാർ വൈകിപ്പിക്കുകയാണെന്നു സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞു. എല്ലാവരുടെയും വായ്‌മൂടികെട്ടുന്നതിൽ അവർ വിജയിച്ചു. തെളിവുകൾ നശിപ്പിച്ചു. സിബിഐക്ക് ഓടിവന്ന് കേസ് എടുക്കാൻ ആകില്ല. സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ സർക്കാർ വൈകിപ്പിക്കുകയാണ്. സിബിഐ വന്നാൽ ഒരു തെളിവും ലഭിക്കരുതെന്ന ലക്ഷ്യമാണ്. അല്ലെങ്കിൽ തുടക്കം മുതൽ സിബിഐ ഇരുട്ടിൽതപ്പണം എന്ന ചിന്തയാണ്. ശക്തമായാണ് അവർ പ്രവർത്തിക്കുന്നത്. പരമാവധി വൈകിപ്പിച്ചു കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്നും ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞു.

സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ഗവർണറെ കണ്ട് സിബിഐ അന്വേഷണം വൈകുന്നതിലുള്ള ആശങ്ക അറിയിച്ചു. പൂക്കോട് വെറ്ററിനറി കോളജിലെ 33 വിദ്യാർഥികൾക്കെതിരെയുള്ള നടപടി പിൻവലിച്ച വിസിയുടെ നടപടിക്കെതിരായ പ്രതിഷേധവും പങ്കുവച്ചു. വിഷയത്തിൽ ഗവർണറുടെ കൂടുതൽ നടപടികൾ കുടുംബം അഭ്യർഥിച്ചു.

English Summary:

CBI investigation on Siddharth death delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com