ADVERTISEMENT

കൽപറ്റ∙ മഞ്ഞുപെയ്യുന്ന തണുത്ത പ്രഭാതങ്ങളോടെയാണു വയനാട്ടിലെ ദിവസങ്ങൾ ആരംഭിക്കുന്നതെങ്കിലും ഉച്ചയാകുന്നതോടെ വെയിലിനു നല്ല ചൂടാണ്. വയനാട്ടിലെ രാഷ്ട്രീയ സാഹചര്യവും ഇതേ രീതിയിലാണു നീങ്ങുന്നത്. എൽഡിഎഫിന്റെ ആനി രാജയാണു വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി ആദ്യം പ്രചാരണം ആരംഭിച്ചത്. യുഡിഎഫും എൻഡിഎയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് രാഹുൽ ഗാന്ധി തന്നെയാണ് വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതെന്ന് പ്രഖ്യാപനം വന്നു. എന്നാൽ ഇതുവരെയും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയില്ല. ബിജെപി സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിലായിരുന്നു ആകാംക്ഷ. ഞായറാഴ്ച ഇറങ്ങിയ പട്ടികയിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തണുപ്പൻ പ്രചാരണങ്ങൾക്ക് ഇതോടെ വിരാമമാകുമെന്ന് ഉറപ്പായി. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ തന്നെയാണു ബിജെപി നിർത്തിയത്. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ടാണ് അടുത്തകാലം വരെ വയനാട് വാർത്തകളിൽ നിറഞ്ഞെതെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ തീപാറുന്ന പോരാട്ടത്തിന്റെ ഇടമായി വയനാട് മാറുകയാണ്.  

∙ തണുപ്പ് മാറി ചൂടുപിടിക്കും

2019ലെ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപ് എൽഡിഎഫിന്റെ സ്ഥാനാർഥി പി.പി.സുനീർ പ്രചാരണം തുടങ്ങി. രാഹുൽ ഗാന്ധി വന്നതോടെ പി.പി.സുനീറിന്റെ പ്രചാരണം തണുത്തു. രാഹുൽ ഗാന്ധിയാണു മത്സരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ എൻഡിഎ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർഥിയാക്കുകയായിരുന്നു. എന്നാൽ തുഷാറിനു കാര്യമായി വോട്ടു പിടിക്കാൻ സാധിച്ചില്ല. 2014ൽ എൻഡിഎയ്ക്കു ലഭിച്ചതിനേക്കാൾ കുറവാണ് തുഷാറിനു ലഭിച്ചത്. ഇത്തവണ എൽഡിഎഫും ബിജെപിയും കരുതിക്കൂട്ടിയാണ് ഇറങ്ങിയത്. രാഹുൽ മത്സരിക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വം നിലനിൽക്കെ തന്നെ ദേശീയ നേതാവായ ആനി രാജയെ കളത്തിലിറക്കി എൽഡിഎഫ് പ്രചാരണം ആരംഭിച്ചു. കോൺഗ്രസും എൽഡിഎഫും ദേശീയ നേതാക്കളെ രംഗത്തിറക്കിയതോടെ ബിജെപി ദേശീയ നേതാവിനെ ഇറക്കുമോ എന്ന ചോദ്യമുയർന്നു. ദേശീയ നേതാക്കൾക്കൊപ്പം നിൽക്കുന്ന പ്രബലനായ കെ.സുരേന്ദ്രനെ തന്നെ കേന്ദ്രം കളത്തിലിറക്കി മറുപടി നൽകി. ഇതോടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചൂടു പിടിക്കാൻ തുടങ്ങി.   

 ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു(Photo: X/ @INCIndia)
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു(Photo: X/ @INCIndia)

∙ രാഹുലിനെ പൂട്ടുക ബിജെപി ലക്ഷ്യം

യുഡിഎഫിന്റെ കുത്തകമണ്ഡലമായ വയനാട്ടിൽ എന്തിനാണ് കെ.സുരേന്ദ്രനും ആനി രാജയും മത്സരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല സാധാരണക്കാരും ചോദിക്കുന്നുണ്ട്. ആ ചോദ്യം തന്നെയാണു വയനാട്ടിലെ തിരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ടാണു സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയതെന്നാണു വിവരം. ദേശീയ നേതാവിനെ വയനാട്ടിൽ സ്ഥാനാർഥിയാക്കുന്നതിനെക്കാളും ഉചിതം മണ്ഡലത്തിനു പരിചിതനായ ആളെ നിയമിക്കുന്നതാണ് നല്ലതെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചു. രാഹുൽ ഗാന്ധിയുടെ അനായാസ വിജയത്തിനു തടയിടുകയും ജയിക്കുകയാണെങ്കിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ ഒതുക്കുകയുമാണു ലക്ഷ്യംവയ്ക്കുന്നത്. 

ആനി രാജ ഇതിനകം തന്നെ എല്ലാ മണ്ഡലങ്ങളിലും സന്ദർശനം നടത്തി. ജയിക്കാനുറച്ചുള്ള പ്രചാരണമാണ് അവർ നടത്തുന്നത്. സിപിഐയും സിപിഎമ്മും കൃത്യമായ ഇടപെടൽ നടത്തിയാണു പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പരമാവധി ആളുകളെ നേരിൽ കണ്ടാണ് ആനി രാജയുടെ പ്രചാരണം. ഞായറാഴ്ചയാണു സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകിട്ട് സുരേന്ദ്രൻ വയനാട്ടിൽ റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും. സുരേന്ദ്രന്റെ വരവിൽ ബിജെപി പ്രവർത്തകർ വൻ ആവേശത്തിലാണ്. നേരിട്ടറിയാവുന്ന ഏറ്റവും കരുത്തനായ സ്ഥാനാർഥിയെ കിട്ടിയതോടെ പ്രചാരണം കൊഴുപ്പിക്കാനാണ് തീരുമാനം. 

കെ.സുരേന്ദ്രൻ
കെ.സുരേന്ദ്രൻ

ജയിക്കുക എന്നതിനപ്പുറം രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഇടിച്ച് യുഡിഎഫിന്റെ കുത്തകമണ്ഡലത്തിൽ പോലും രാഹുലിന്റെ പ്രധാന്യം നഷ്ടപ്പെട്ടു എന്നു സ്ഥപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഈസി വാക്കോവറിനുള്ള സാധ്യത ഇല്ലാതാക്കുകയാണു ബിജെപിയുടെ നീക്കം.

എൽഡിഎഫ് സ്ഥാനാർഥി ആനി രാജ തിരുനെല്ലി പഞ്ചായത്തിൽ വോട്ട് അഭ്യർഥിക്കുന്നു.
എൽഡിഎഫ് സ്ഥാനാർഥി ആനി രാജ തിരുനെല്ലി പഞ്ചായത്തിൽ വോട്ട് അഭ്യർഥിക്കുന്നു.

∙ സുരേന്ദ്രനെ പരിചയപ്പെടുത്തേണ്ടതില്ല: പ്രശാന്ത് മലവയൽ

കെ.സുരേന്ദ്രനെ വയനാട് മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നു ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ. ‘‘വയനാട്ടിൽനിന്ന് സംഘടനാ പ്രവർത്തനം തുടങ്ങിയ ആളാണ് സുരേന്ദ്രൻ. അദ്ദേഹത്തിന് ഇവിടുത്തെ സംഘടനാ നേതാക്കളെയും ആളുകളെയും അറിയാം. വയനാട്ടിലെ ആളുകൾക്കു സുരേന്ദ്രനെയും അറിയാം. ആനി രാജ – രാഹുൽ ഗാന്ധി സംഖ്യത്തിനെതിരെ ആര് മത്സരിക്കും എന്നാണു ജനം നോക്കിക്കൊണ്ടിരുന്നത്. വയനാട്ടിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. വന്യമൃഗ ശല്യം, കൃഷി, ഗതാഗതം, ആരോഗ്യമേഖല എന്നിവയിലെല്ലാം അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്. ഇതിനെല്ലാം സാധിക്കുന്ന ആളാണ് സുരേന്ദ്രൻ’’ – പ്രശാന്ത് മലവയൽ പറഞ്ഞു.

English Summary:

The real competition at Wayanad Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com