ADVERTISEMENT

ന്യൂഡൽഹി∙ ‌ആം ആദ്മി പാർട്ടിയെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ട് ഇ.‍ഡിക്ക് മുൻപിൽ ഹാജരായി. കൈലാഷ് ഗെലോട്ടിനെ ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിന്  ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഇ.ഡി ഇന്ന് സമൻസ് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിജയ് നായരുമായുള്ള ബന്ധം അന്വേഷിക്കാനാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മന്ത്രിക്കെതിരെ ഇ.ഡിയുടെ അടുത്ത നീക്കം. കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാളിനു പുറമേ എഎപി എംപി സഞ്ജയ് സിങ്, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി ഡൽഹി റൗസ് അവന്യൂകോടതി ഉത്തരവിട്ടിരുന്നു. കേജ്‌രിവാൾ‌ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നുമാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്. 

തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി.

തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ എന്ന് കേജ്‍രിവാൾ കോടതിയിൽ ചോദിച്ചു.

നേരത്തേ അറസ്റ്റിലായവർക്കുമേൽ തന്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്‍രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്‍രിവാൾ ആരോപിച്ചു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കേജ്‍രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്റ്റിലായതിനു ശേഷമാണെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും കേജ്‌രിവാൾ വ്യക്തമാക്കി. 

English Summary:

AAP leader Kailash Gehlot has been called for questioning by the Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com