ആഭിചാര ക്രിയകൾക്ക് കാർമികത്വം വഹിച്ച നാലാമനാര്?; നിർണായകമായി ആര്യ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശം
Mail This Article
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ, ദേവി, ആര്യ എന്നിവരുടെ മരണത്തിൽ പുറത്തുനിന്നുള്ളവരുടെ സ്വാധീനം ഉറപ്പിച്ചു പുതുതായി രൂപീകരിച്ച അന്വേഷണസംഘം. മരണപ്പെട്ട മൂന്നു പേരുടെയും ഇമെയിൽ ചാറ്റുകൾ പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം അനുസരിച്ചുള്ള സാത്താൻ സേവയാണു മരണകാരണമെങ്കിൽ ഈ ആഭിചാരപ്രക്രിയയിൽ മുഖ്യകാർമികൻ മരിക്കാറില്ല. സാധരാണ സാത്താൻസേവ കേസുകളിൽ കൊലപാതകം നടത്താൻ ഒരാളുണ്ടാകും. ബാക്കിയെല്ലാം ഇരകളാകും. എന്നാൽ ഇവിടെ നവീനും ആര്യയും ദേവിയും ഉൾപ്പെടെ മൂന്നുപേരും മരണപ്പെടുകയായിരുന്നു. അങ്ങനെയെങ്കിൽ മുഖ്യ കാർമികൻ ആരായിരുന്നുവെന്നാണു ചോദ്യം.
അതേസമയം, സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയിട്ടും മരണം നടന്ന അരുണാചലിലെ ഹോട്ടൽ മുറിയിൽ മറ്റൊരാൾ വന്നതിന്റെ തെളിവുകളില്ല. എന്നാൽ ഓൺലൈനിലൂടെ ആരെങ്കിലും സാത്താൻ സേവയുടെ മുഖ്യകാർമികനാവാൻ സാധ്യതയുണ്ട്. അരുണാചലിലെത്തി ആദ്യ മൂന്നു ദിവസങ്ങളിൽ നവീനും ദേവിയും ആര്യയും ആഭിചാരം നടത്തുന്നവരുടെ കൺവെൻഷനിൽ പങ്കെടുത്തോയെന്നതും പൊലീസിനു മുന്നിലെ പ്രധാന ചോദ്യചിഹ്നമാണ്. എന്നാൽ കേസിലെ നാലാമൻ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആളാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണു പുതിയ അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്. ആറു പേരടങ്ങുന്ന അന്വേഷണസംഘം മരിച്ച മൂവരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും അടക്കം മൊഴി രേഖപ്പെടുത്തും. അരുണാചലിലേക്കു പോകുന്നതിനു തൊട്ടുമുൻപു വരെയുള്ള ഇ-മെയിൽ ചാറ്റുകൾ വീണ്ടെടുക്കാനും നടക്കുന്നുണ്ട്.
ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കി...
മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽനിന്നുമിറങ്ങിയ നവീനും ദേവിയും ആര്യയുമായി അരുണാചലിലേക്കു കടക്കാനുള്ള നീക്കങ്ങൾ ശ്രദ്ധാപൂർവമാണു നടത്തിയത്. ആര്യയെ കാണാതായാൽ വീട്ടുകാർ പൊലീസിൽ പരാതി നൽകുമെന്നും തങ്ങളിലേക്ക് അന്വേഷണം നീങ്ങുമെന്നും ഇവർക്ക് അറിയാമായിരുന്നു. 10 ദിവസം വിവിധയിടങ്ങളിൽ ദമ്പതികൾ സഞ്ചരിച്ചു. നാലു ദിവസം തിരുവനന്തപരം കഴക്കൂട്ടത്തുണ്ടായിരുന്നു. എവിടെയാണു താമസിച്ചതെന്നു കണ്ടെത്തിയിട്ടില്ല. പല ദിവസവും മൊബൈൽ ഓഫ് ചെയ്തിരുന്നു. 26ന് ആര്യയെ പലരും കണ്ടിട്ടുണ്ടെന്നാണു വിവരം. അന്നാണു വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
നവീനാണ് ടിക്കറ്റെടുത്തത്. ഓണ്‍ലൈൻ ഇടപാടുകള്‍ ഒഴിവാക്കാൻ നവീൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴക്കൂട്ടത്തുള്ള ട്രാവൽ ഏജൻസിയിൽനിന്നു മൂന്നു പേർക്കുള്ള ടിക്കറ്റെടുത്തപ്പോഴും പണമായിട്ടാണു തുക നൽകിയത്. യാത്രാ വിവരങ്ങള്‍ വേഗത്തിൽ കണ്ടെത്താതിരിക്കാനായിരുന്നു ഇതെന്നു പൊലീസ് സംശയിക്കുന്നു. ഹോട്ടൽ മുറിയെടുത്തപ്പോഴും നവീൻ മറ്റുള്ളവരുടെ രേഖകള്‍ നൽകിയില്ല. സ്വന്തം കാറിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതും ആര്യയുമായി അരുണാചലിലേക്കു പോകുന്നതു മരണം വരെയും യാതൊരു രീതിയിലും പുറത്തറിയാതിരിക്കാനാണ്.
ആര്യ സുഹൃത്തുക്കള്‍ക്കു മൂന്നു വർഷം മുൻപ് പങ്കുവച്ച ഒരു ഇ-മെയിൽ സന്ദേശമാണു നിലവിൽ അന്വേഷണസംഘത്തിന്റെ പിടിവള്ളി. ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിതത്തെ കുറിച്ചാണു പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. വ്യാജ മെയിൽ ഐഡിയിൽനിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോർവേഡ് ചെയ്യുകയാണ് ആര്യ ചെയ്തത്. മരണ വാര്‍ത്ത അറിഞ്ഞതിനു പിന്നാലെയാണു സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ ഇതു പൊലീസിനു കൈമാറിയത്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.