ADVERTISEMENT

സ്തർ. ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ചോരക്കറ പുരണ്ട പ്രദേശം. പുരാണത്തിൽ ‘ദണ്ഡകാരണ്യ’മെന്ന പേരിൽ അറിയപ്പെടുന്ന ബസ്തര്‍ ഛത്തിസ്ഗഡിന്റെ ഭാഗമാണ്. ഇന്ത്യയിലെ പുരാതന ആദിവാസി മേഖല വാർ‌ത്തകളിൽ പലപ്പോഴും ഇടം നേടുന്നത് മാവോയിസ്റ്റ് ആക്രമണങ്ങളുടെ പേരിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച മറ്റൊരു ഏറ്റുമുട്ടലിനും ബസ്തർ മേഖല സാക്ഷ്യം വഹിച്ചു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 15 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടെ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു സുരക്ഷാസേന ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. 

കാംഗർ ജില്ലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടൽ. ഛോട്ടെബെതിയ പൊലീസ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന ബിനാഗുണ്ടയുടെയും കൊറോണർ ഗ്രാമങ്ങളുടെയും ഇടയ്ക്കുള്ള ഹപാതോല വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ബസ്തറിലെ ഏറ്റവും അധികം മരണം നടന്ന ഏറ്റുമുട്ടൽ ഇതാണെന്ന് ഐജി സ്ഥിരീകരിച്ചു. കാംഗർ വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് (ഏപ്രിൽ 26) പോളിങ് ബൂത്തിൽ എത്തുകയെങ്കിലും നക്സൽ ബാധിത മേഖലയായ ബസ്തർ ആദ്യ ഘട്ടമായ ഏപ്രിൽ 19ന് വോട്ട് രേഖപ്പെടുത്തും. ബസ്തറിൽ മാത്രം 60,000ൽ അധികം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നു ബസ്തർ ഐജി പി.സുന്ദർരാജ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

∙ ശിക്ഷനടപ്പാക്കുന്ന നിബിഢ വനം

ജഗ്ദൽപുരിൽനിന്നും ദന്തേവാഡയിലേക്കുള്ള റോഡിനിരുവശവും കാടാണ്. പകൽസമയം പോലും ഇതുവഴി പോകാൻ ആളുകൾക്കു ഭയമാണ്. ഏറ്റുമുട്ടലുകളും ആക്രമണങ്ങളും അറസ്റ്റും നിത്യസംഭവങ്ങളാണ് ഇവിടെ. പുരാണത്തിലെ ‘ദണ്ഡകാരണ്യം’ എന്ന പ്രദേശമാണ് ഛത്തിസ്ഗഡിലെ ബസ്തർ. ‘ശിക്ഷ നടപ്പാക്കുന്ന വനം’ എന്നാണു ദണ്ഡകാരണ്യം എന്ന പദത്തിനർഥം. ഈ പദം അന്വർഥമാക്കും വിധമാണ് ഇവിടത്തെ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയം. മധ്യപ്രദേശിലായിരുന്നു ബസ്തർ. 2000ല്‍ ഇതു ഛത്തീസ്ഗഡിന്റെ ഭാഗമായി. ബസ്തർ, ദന്തേവാഡ, കൊണ്ടഗാവ്, ബിജാപുർ, നാരായൺപുർ, കാംഗർ, സുക്മ തുടങ്ങിയ പ്രദേശങ്ങൾ ബസ്തർ ഡിവിഷനായി മാറി. കേരള സംസ്ഥാനത്തെക്കാൾ വലിയ മേഖലയാണു ബസ്തർ. വ്യത്യസ്ത വിഭാഗത്തിൽ വരുന്ന ആദിവാസികളാണു ബസ്തർ മേഖലയിലെ പ്രദേശവാസികൾ. കഴിഞ്ഞ വർഷം മാത്രം ഏറ്റുമുട്ടലിൽ 79 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 

നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള ഇന്ത്യൻ സ്പെഷൽ സെക്യൂരിറ്റി സേനയിലെ അംഗങ്ങൾ. File Photo by DIBYANGSHU SARKAR / AFP
നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള ഇന്ത്യൻ സ്പെഷൽ സെക്യൂരിറ്റി സേനയിലെ അംഗങ്ങൾ. File Photo by DIBYANGSHU SARKAR / AFP

∙ ദരിദ്രരുടെ ബസ്തർ 

ഭയത്തിന്റെതല്ല, ദാരിദ്ര്യത്തിന്റെയും വികസന മുരടിപ്പിന്റെയും മറ്റൊരു മുഖമുണ്ട് ബസ്തറിന്. ഇന്നും അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ കഴിയുന്നവരാണു ബസ്തറിലുള്ളതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബസ്തറിന്റെ ഭാഗമായ ദന്തേവാഡയിലെ ജനങ്ങൾക്ക് ആശുപത്രിയിലെത്താൻ പത്തു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കണം. എന്നാൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബസ്തറിന്റെ ഭാഗമായ റോഞ്ചി ഗ്രാമത്തിൽ ഭൂരിഭാഗവും നിരക്ഷരരാണ്. ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി സ്കൂളില്ല. കിലോമീറ്ററുകൾ താണ്ടിയാണു കുട്ടികൾ സ്കൂളിലെത്തുന്നത്. മിക്ക കുട്ടികളും ഹോസ്റ്റലുകളിൽനിന്നാണു പഠിക്കുന്നതും. ഗ്രാമങ്ങളിൽ തൊഴിലവസരങ്ങളും കുറവാണ്. 

∙ നക്സലുകളെ ചെറുക്കാൻ ബസ്തരിയ 

നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽനിന്നുള്ള ആദിവാസി യുവതീയുവാക്കളെ ചേർത്ത് സിആർപിഎഫ് രൂപം നൽകിയതാണു ബസ്തരിയ ബറ്റാലിയ‌ൻ. 500 പേരടങ്ങുന്ന സംഘത്തിൽ 189 വനിതകളുണ്ട്. 

∙ വെള്ളിത്തിരയിലും ബസ്തർ 

ബസ്തറിലെ ഏറ്റുമുട്ടലുകളെയും രാഷ്ട്രീയ സംഭവ വികാസങ്ങളെയും ആസ്പദമാക്കി 2024ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലറാണ് ബസ്തർ: ദ് നക്സൽ സ്റ്റോറി. 2010ൽ ദന്തേവാഡയില്‍ 76 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണു ചിത്രം. നക്സലേറ്റ് – മാവോയിസ്റ്റ് കലാപത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം മാർച്ച് 25ന് തിയറ്ററിലെത്തിയിരുന്നു.

English Summary:

Bastar and Naxal Movement: Special Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com