ADVERTISEMENT

കോഴഞ്ചേരി (പത്തനംതിട്ട) ∙ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് കരുതലായി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. കോഴഞ്ചേരി താലൂക്ക് അസി.സപ്ലൈ ഓഫിസർ പി.ടി.ദിലീപ് ഖാൻ, സിപിഒ യു.എസ്.ഹരികൃഷ്ണൻ, ഡ്രൈവർ ആർ.ശ്രീജിത് കുമാർ, ഫൊട്ടോഗ്രഫർ അനു എന്നിവരടങ്ങിയ നിരീക്ഷണ സംഘത്തിന്റെ സമയോചിത ഇടപെടലാണ് ഗുരുതരമായി പരുക്കേറ്റ വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിന്റെ (30) ജീവൻ രക്ഷിച്ചത്. പത്തനംതിട്ട – കോട്ടയം ജില്ലകളുടെ അതിർത്തിയായ പ്ലാച്ചേരിയിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 

പൊന്തൻപുഴ വനപ്രദേശത്തുനിന്ന് ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച യുവാവ് അവശനായി ഓടിവരുന്നതു കണ്ടത്. സംഘത്തെ കണ്ടപ്പോൾ ഇവരുടെ കാൽക്കലേക്കു വീണ യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. കുടിക്കാൻ വെള്ളം നൽകിയ സംഘം യുവാവിന്റെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം 108 ആംബുലൻസ് വിളിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. അപ്പോഴേക്കും സർവലയൻസ് ടീമിന്റെ ജില്ലാ നോഡൽ ഓഫിസർ പി.രാജേഷ് കുമാറും സ്ഥലത്തെത്തി. യുവാവിനെ ആംബുലൻസിൽ റാന്നി താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 

സ്ഥലത്തെത്തിയ മണിമല, റാന്നി സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ ഉടൻ അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളായ കൊടുങ്ങൂരിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ സ്വദേശി ജി.പ്രസീദ് (52) എന്നിവരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. സുമിത്തും സാബുവും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. സാബു ദേവസ്യ സുമിതിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദുമായി ചേർന്ന് മദ്യം നൽകുകയും, ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 30നും സമാനമായ രീതിയിൽ യുവാവിനെ വനത്തിൽ എത്തിച്ചുവെങ്കിലും അന്നു കൊലപാത ശ്രമം നടന്നില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. മണിമല എസ്എച്ച്ഒ കെ.പി.ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആശുപത്രിയിൽ കഴിയുന്ന സുമിത് സുഖം പ്രാപിച്ചുവരുന്നു.

English Summary:

Election monitoring team helped man who escaped from murder attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com