ADVERTISEMENT

തിരുവനന്തപുരം ∙ ശക്തമായ രാഷ്ട്രീയ നിലപാടുകൾ സൂക്ഷിക്കുന്ന ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം. തുടർച്ചയായ നാലാം വിജയത്തിനായി ഇറങ്ങുന്ന സിറ്റിങ് എംപി ശശി തരൂരാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇടതുമുന്നണി സ്ഥാനാർഥിയായി മുതിർന്ന സിപിഐ നേതാവും 2005 ലെ തിരഞ്ഞെടുപ്പിലെ വിജയിയുമായ പന്ന്യൻ രവീന്ദ്രനും എത്തുമ്പോൾ ശക്തമായ ത്രികോണ മത്സരത്തിനാണ് തലസ്ഥാനത്ത് അരങ്ങൊരുങ്ങുന്നത്.

കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഇതിൽ കോവളത്തു മാത്രമാണ് യുഡിഎഫ് എംഎൽഎ.

തരൂരിനെ മുന്നിൽനിർത്തി കോൺഗ്രസ്

ശശി തരൂരാണ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മുഖം. തരൂരിന്റെ വ്യക്തിപ്രഭാവമാണ് യുഡിഎഫിന്റെ കരുത്ത്. സമുദായ സമവാക്യങ്ങൾ തരൂരിന് അനുകൂലമാണെന്ന് പാർട്ടി വിശ്വസിക്കുന്നു. പാർട്ടിയിലും കാര്യമായ തർക്കങ്ങളില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി നഗരമേഖലയിൽനിന്നു പിടിച്ച വോട്ടുകളെ തരൂർ മറികടന്നത് തീരദേശത്തെ ക്രൈസ്തവ, മുസ്‌ലിം വോട്ടുകളിലൂടെയായിരുന്നു. പാറശാല, നെയ്യാറ്റിൻ‍കര മേഖലകളിൽ പരമ്പരാഗത കോൺഗ്രസ് വോട്ടുകളുമുണ്ട്. ഈ ഘടകങ്ങളെല്ലാം ഇപ്പോഴും തരൂരിന് ഒപ്പമുണ്ടെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്നു തരൂർ പറയുന്നു.

ബിജെപി വിരുദ്ധ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ബിജെപി ജയിക്കരുതെന്ന് ചിന്തിച്ച എൽഡിഎഫിലെ ഒരു വിഭാഗത്തിന്റെ വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തരൂരിനു ലഭിച്ചതായി വിലയിരുത്തലുണ്ട്. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളും ന്യൂനപക്ഷ വോട്ടും യുവാക്കളുടെ വോട്ടും ഇത്തവണ തുണയാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. സാമുദായിക സംഘടനകൾക്കു സ്വീകാര്യനെന്ന പ്രതിച്ഛായയും തരൂരിനു സഹായകമാകുമെന്നു യുഡിഎഫ് കണക്കു കൂട്ടുന്നു.

ബിജെപി ലക്ഷ്യം ജയം മാത്രം

ശശി തരൂർ 2014 ൽ കോൺഗ്രസിനായി രണ്ടാം തവണ മത്സരിക്കാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 15,470 വോട്ടായി കുറച്ച് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറയ്ക്കാനായില്ലെങ്കിലും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും രണ്ടാം സ്ഥാനത്തെത്തി. ഇത്തവണ വിജയം മാത്രം ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി മത്സരിപ്പിക്കുന്നത്. തരൂരിന് ഒത്ത എതിരാളിയെത്തന്നെ രംഗത്തിറക്കാൻ കഴിഞ്ഞു എന്നാണ് പാർട്ടിയുടെ വിശ്വാസം. കാര്യമായ ഉൾപാർട്ടിപ്രശ്നങ്ങളുമില്ല. സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ.

മണ്ഡല വികസനത്തിനായുള്ള പദ്ധതികൾ വിവരിച്ചാണ് രാജീവിന്റെ പ്രചാരണം. യുവാക്കളുടെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നാണ് സ്ഥാനാർഥിയുടെ ഉറപ്പ്. മണ്ഡലത്തിൽ പുതുമുഖമായതിന്റെ പ്രശ്നങ്ങളില്ലാതെ എല്ലായിടത്തും സജീവമാകുകയാണ് രാജീവ്. ജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്നാണ് ബിജെപിയുടെ ഉറപ്പ്. 2014 ൽ ബിജപി അധികാരത്തിൽ വരുമെന്നും ഒ.രാജഗോപാല്‍ മന്ത്രിയാകുമെന്നും പ്രചാരണമുണ്ടായപ്പോഴായിരുന്നു തരൂരിന്റെ ഭൂരിപക്ഷം കുറഞ്ഞത്. ഇത്തവണയും അതേ വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.

പന്ന്യനെ ഇറക്കി ഇടതുമുന്നണി

തുടർച്ചയായി രണ്ടു തവണ മൂന്നാം സ്ഥാനത്തായെന്ന പേരുദോഷം മാറ്റാനാണ് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പന്ന്യൻ. ജയസാധ്യതയുള്ള സ്ഥാനാർഥി പന്ന്യനാണെന്ന പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ ഒടുവിൽ അംഗീകരിക്കപ്പെട്ടു. സ്ഥാനാർഥികളിൽ ഏറ്റവും പ്രായമുള്ള പന്ന്യൻ ചുറുചുറുക്കോടെ മത്സരരംഗത്ത് സജീവം.

സിറ്റിങ് എംഎൽഎയും മുതിർന്ന നേതാവുമായ പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെത്തുടർന്ന് 2005 ൽ തിരുവനന്തപുരത്തു മത്സരിച്ച പന്ന്യൻ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതിനുശേഷം എൽഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാനായിട്ടില്ല. 2009 ൽ ജില്ലാ സെക്രട്ടറിയായിരുന്ന രാമചന്ദ്രൻ നായർ തരൂരിനോട് പരാജയപ്പെട്ടു. 2014 ലും 2019 ലും സിപിഐ മൂന്നാം സ്ഥാനത്തായി. 2014ൽ ബെനറ്റ് ഏബ്രഹാമിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കിയെങ്കിലും കോഴ വാങ്ങിയാണു സീറ്റു നൽകിയതെന്ന ആരോപണം പാർട്ടിക്കുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. സർവസമ്മതനായ പന്ന്യൻ തന്നെ ഇത്തവണ സ്ഥാനാർഥിയാകുമ്പോൾ മുന്നണിവോട്ടുകളിൽ ചോർച്ചയുണ്ടാകില്ലെന്നും മുന്നണി സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും സിപിഐ വിശ്വസിക്കുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങൾ ആരംഭിക്കുന്ന തലസ്ഥാനത്ത് മത്സരം പൊടിപൊടിക്കുകയാണ്. രാഷ്ട്രീയം കൈരേഖപോലെ വ്യക്തമായി അറിയാവുന്ന തലസ്ഥാനവാസികളുടെ മനസ്സു പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ.

English Summary:

Loksabha Election 2024 : Thiruvananthapuram Constituency Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com