ADVERTISEMENT

കോട്ടയം∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്ന മോഷണത്തിനു പിന്നാലെ ബിഹാർ സ്വദേശിയായ പ്രതി മുഹമ്മദ് ഇർഫാനെ പിടികൂടി കേരള പൊലീസ് അഭിനന്ദനം പിടിച്ചുപ്പറ്റുമ്പോൾ അത്രവേഗം മറക്കാൻ കഴിയില്ല ബണ്ടി ചോറിനെ. മോഷണ പരമ്പരകൾ നടത്തി സംസ്ഥാനങ്ങൾ ചുറ്റിയടിച്ച ബണ്ടി ചോറിന്റെ മോഷണങ്ങൾ മുഹമ്മദ് ഇർഫാനെയും വെല്ലുന്നതായിരുന്നു. രാജ്യത്തെ വിവിധപൊലീസ് സേനകളെ വട്ടംചുറ്റിച്ച് മോഷണം തുടർക്കഥയാക്കിയ ബണ്ടി ഒടുവിൽ കുടുങ്ങിയത് കേരള പൊലീസിനു മുന്നിലാണ്. 

മുഹമ്മദ് ഇർഫാൻ (ഇടത്), ജോഷി സംവിധാനം ചെയ്ത ‘റോബിൻഹുഡ്’ സിനിമയുടെ പോസ്റ്റർ (മധ്യത്തിൽ), ജോഷി (വലത്)
മുഹമ്മദ് ഇർഫാൻ (ഇടത്), ജോഷി സംവിധാനം ചെയ്ത ‘റോബിൻഹുഡ്’ സിനിമയുടെ പോസ്റ്റർ (മധ്യത്തിൽ), ജോഷി (വലത്)

വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ തിരുവനന്തപുരം പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെത്തുടർന്നാണ് ബണ്ടി ചോർ പിടിയിലാകുന്നത്. 2013 ജനവരി 21നായിരുന്നു സംഭവം. മുഹമ്മദ് ഇർഫാനെപ്പോലെ പണക്കാരെ മാത്രം കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന രീതിയാണ് ബണ്ടി ചോർ പിന്തുടർന്നിരുന്നത്. ഇതു തന്നെയാണ് ഇയാളുടെ കുപ്രസിദ്ധി വർധിക്കാൻ കാരണവും. രാജ്യത്ത് എഴുന്നൂറോളം കേസുകളിൽ പ്രതിയായിരുന്ന ബണ്ടി ചോറിനെ പിടികൂടിയത് കേരള പൊലീസിന്റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. മോഷണം നടന്ന് അഞ്ചാംപക്കം പുണെയിൽ നിന്നായിരുന്നു ബണ്ടി ചോറിന്റെ അറസ്റ്റ്. മുംബൈയില്‍ നിന്നുള്ള വിമാനത്തിൽ കനത്തസുരക്ഷാവലയത്തിലാണ് ബണ്ടിയെ തിരുവനന്തപുരത്തെത്തിച്ചത്. തിരുവനന്തപുരത്തെ മോഷണത്തിനു ശേഷം പുണെയിലെത്തിയ ബണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി ഓട്ടോയില്‍ പുണെ സൗത്തിലെ സായ് എക്സിക്യൂട്ടീവ്‌ എന്ന ഹോട്ടലില്‍ എത്തുകയായിരുന്നു. പുണെയിലെ മുന്‍ അസിസ്റ്റന്റ്‌ കമ്മീഷണറായ വിജയ്‌ മാനെയുടെ മകന്റെ ഹോട്ടലായിരുന്നു ഇത്‌. ഇവിടെ മുറി ആവശ്യപ്പെടുന്നതിനിടെ ബണ്ടിയുടെ പരിഭ്രമം കണ്ട്‌ സംശയം തോന്നിയ ഹോട്ടല്‍ജീവനക്കാരന്റെ പരിശോധനയാണ്‌ ബണ്ടിയെ കുടുക്കിയത്‌. 

മുഹമ്മദ് ഇർഫാൻ‌ സ്വർണം കൊണ്ടുപോയ പെട്ടിയുമായി പൊലീസ് ഉദ്യോഗസ്ഥർ
മുഹമ്മദ് ഇർഫാൻ‌ സ്വർണം കൊണ്ടുപോയ പെട്ടിയുമായി പൊലീസ് ഉദ്യോഗസ്ഥർ

ഹോട്ടലില്‍ വന്നുകയറിയപ്പോള്‍ മുഖം മറയുന്ന രീതിയില്‍ ബണ്ടി തൊപ്പിവച്ചിരുന്നു. പേരെഴുതിയതില്‍ അവ്യക്തതയുമുണ്ടായിരുന്നു. ആദ്യം ഡ്രൈവിങ് ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റ്‌ തെളിവായി കൊടുത്തുവെങ്കിലും അത്‌ വ്യക്തമായിരുന്നില്ല. തുടര്‍ന്ന്‌ ഒര്‍ജിനൽ ആവശ്യപ്പെട്ടപ്പോൾ ബണ്ടി പരിഭ്രാന്തനായി. 1400 രൂപയുടെ റൂമിനു 2000 രൂപ അഡ്വാന്‍സ്‌ നല്‍കിയ ബണ്ടി ബാക്കി തുക നല്‍കിയപ്പോള്‍ പിന്നെ വാങ്ങിക്കാമെന്നും പെട്ടെന്ന്‌ റൂം തുറന്നുതരാനും ആവശ്യപ്പെടുകയായിരുന്നു. താന്‍ മുംബൈയില്‍ നിന്നും വരികയാണെന്നും 6 മണിക്കു കൊല്‍ക്കത്തയ്‌ക്കുള്ള ട്രെയിനില്‍ പോകണമെന്നും പറഞ്ഞിരുന്നു. ട്രെയിന്‍ യാത്രയ്‌ക്ക്‌ ടാക്സിയോ മറ്റ്‌ സൗകര്യങ്ങളോ വേണമോയെന്ന ഹോട്ടല്‍ റിസപ്ഷനിസ്റ്റ്‌ ബാല്‍ഗോവിന്ദ്‌ ത്രിപാഠിയുടെ ചോദ്യത്തിനു മുന്നില്‍ ദേഷ്യത്തോടെ പ്രതികരിച്ച ബണ്ടി എത്രയും പെട്ടെന്ന്‌ മുറി തുറന്നുതരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഗോവിന്ദ്‌ ത്രിപാഠി ഹോട്ടലിൽ കിടന്ന ഇംഗ്ലീഷ്പത്രം പരിശോധിച്ചു. ഇതോടെയാണ് കള്ളൻ കപ്പലിലാണെന്ന് മനസിലാകുന്നത്.

ബണ്ടി ചോർ സിനിമയായപ്പോൾ നായക കഥാപാത്രം
ബണ്ടി ചോർ സിനിമയായപ്പോൾ നായക കഥാപാത്രം

തൊട്ടടുത്ത ഹോട്ടലിലെ മലയാളി റിസപ്ഷനിസ്റ്റായ ഗണേഷിനെ ത്രിപാഠി വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ ഗണേശും ബണ്ടിയെ തിരിച്ചറിഞ്ഞു. ഗണേശ്‌ ഉടന്‍തന്നെ കേരള പൊലീസിനു വിവരങ്ങൾ കൈമാറി. ത്രിപാഠി തന്റെ ഉടമസ്ഥനും വിവരം കൈമാറി. ബണ്ടിയുടെ വിവരം ലഭിച്ച എഡിജിപി ഹേമചന്ദ്രന്‍ അപ്പോള്‍ത്തന്നെ പുണെ കമ്മിഷണര്‍ ഗുലാബ്‌ റാവുപോളിന്‌ വിവരം കൈമാറി. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച്‌ പുണെ സൗത്ത്‌ സോണ്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ചന്ദ്രശേഖര്‍ ദേവാംഗറിന്റെ നേതൃത്വത്തിൽ പുണെ പൊലീസ്‌ ഹോട്ടല്‍ വളഞ്ഞു. ബണ്ടിയുടെ മുറിയിലെത്തിയപ്പോള്‍ ഇയാള്‍ ലൈറ്റണച്ച്‌ ടെലിവിഷന്‍ കാണുകയായിരുന്നു. മുറിയില്‍ തട്ടിവിളിച്ച പോലീസുകാരെ കണ്ടതോടെ ബണ്ടി കീഴടങ്ങി. പിന്നീട്‌ ഇയാളെ കനത്ത സുരക്ഷാവലയത്തില്‍ കമ്മിഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. അന്ന് ഉച്ചയോടെ കേരളത്തില്‍ നിന്നെത്തിയ സിഐ പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള സംഘം ബണ്ടിയെ ചോദ്യം ചെയ്തു. തിരുവനന്തപുരത്ത്‌ നിന്നും ആഡംബരകാറുള്‍പ്പെടെ കവര്‍ച്ച നടത്തിയത് താൻ ആണെന്ന് ബണ്ടി സമ്മതിച്ചു.

എ.ഹേമചന്ദ്രൻ (File Photo: RINKU RAJ MATTANCHERIYIL / Manorama)
എ.ഹേമചന്ദ്രൻ (File Photo: RINKU RAJ MATTANCHERIYIL / Manorama)

∙ ബണ്ടിയുടെ കഥ

നേപാളിലെ വികാസ്പുരിയാണ് ബണ്ടിയുടെ സ്വദേശം എന്നും, അവിടെ നിന്നുള്ള പാസ്‌പോർട്ടിൽ ഹരി ഥാപ എന്ന പേരാണുള്ളതെന്നും പറയപ്പെടുന്നു. ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ദേവീന്ദർ സിങ് ബണ്ടി. 1993ൽ തന്നെ മോഷണത്തിനു പൊലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിലും രക്ഷപ്പെട്ടു. ഡൽഹിയാണു പ്രധാന തട്ടകമെങ്കിലും മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മറ്റ് വൻനഗരങ്ങളിലും ബണ്ടി മോഷണം നടത്തിയിട്ടുണ്ട്. ഇന്നതേ മോഷ്ടിക്കൂ എന്നില്ലെങ്കിലും ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടുമായിരുന്നു ഭ്രമം. ആഡംബര ജീവിതം നയിക്കാനിഷ്ടപ്പെട്ടിരുന്ന ബണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനാണ് താൽപര്യപ്പെട്ടിരുന്നത്. ബണ്ടിക്ക് സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാണെന്നും, തനിക്ക് കുടുംബമില്ലെന്നും ബണ്ടി തന്നെ പറഞ്ഞിരുന്നു. 

1988ലാണ് ബണ്ടി ചോറിനെതിരെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ ചെറിയ മോഷണമായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് അതിന്റെ സ്വഭാവം മാറി. ബിസിനസുകാരുടേയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകൾ ലക്ഷ്യവച്ചായിരുന്നു മോഷണശ്രമങ്ങൾ‌. നായകളോട് സ്നേഹവും അടുപ്പവും കാണിച്ച് അവയെ മെരുക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു ബണ്ടിക്ക്. പഞ്ചാബിലെ ലുധിയാനയിലും ഹരിയാനയിലെ പഞ്ചകുളിലും മോഷണത്തിനായി എത്തിയ ബണ്ടി ചോര്‍ വീടിനു കാവലായി നിന്ന നായകളുമായി സൗഹൃദം സ്ഥാപിച്ചാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. ഒരു വീട്ടില്‍ മോഷണത്തിനെത്തിയ ബണ്ടിച്ചോറിനെ അവിടുത്തെ റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട നായ ആക്രമിക്കാനെത്തിയപ്പോള്‍ പെണ്‍പട്ടിയുടെ മൂത്രത്തില്‍ മുക്കിയ കോട്ടണ്‍ തുണി പട്ടിക്കടുത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. മൃഗ ഡോക്ടറാണ് ഈ മാര്‍ഗം പറഞ്ഞുകൊടുത്തതെന്നായിരുന്നു ബണ്ടിച്ചോര്‍ കേരള പൊലീസിനോട് പറഞ്ഞത്.ആരെയും സംസാരിച്ച് കയ്യിലെടുക്കാന്‍ മിടുക്കും സാമര്‍ഥ്യവുമുള്ള വ്യക്തിയാണ് ബണ്ടിയെന്നാണ് മറ്റൊരു പോലീസുകാരന്റെ വിലയിരുത്തല്‍. ഒരു വ്യവസായിയുടെ വീട്ടില്‍ മോഷണത്തിനെത്തിയ ബണ്ടി പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ അവിടെയുള്ളവരെ കബളിപ്പിച്ച് മോഷണ വസ്തുക്കളുമായി രക്ഷപ്പെട്ടിട്ടുണ്ട്. സര്‍ എയര്‍പോര്‍ട്ടിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു അവരെ കബളിപ്പിച്ചത്. മറ്റൊരു വീട്ടില്‍ രാത്രി മോഷണത്തിനെത്തിയ ബണ്ടിചോര്‍ അവിടത്തെ ഗൃഹനാഥയോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞിട്ടാണ് ഓടിയൊളിച്ചത്.

2008ല്‍ പുറത്തിറങ്ങിയ ജനപ്രിയ സിനിമയായ 'ഓയെ ലക്കി ലക്കി ഓയെ ' ബണ്ടി ചോറിന്റെ ജീവിതത്തെ ആധാരമാക്കി സംവിധാനം ചെയ്ത ചിത്രമാണ്. റോബിന്‍ഹുഡ് ശൈലിയിൽ ബണ്ടി ചോറിനെ അവതരിപ്പിച്ച ചിത്രം അയാൾക്ക് വീരപരിവേഷം നൽകിക്കൊടുത്തു. പിന്നീട് 2010ൽ ഹിന്ദി ബിഗ് ബോസിൽ മത്സരാര്‍ഥിയായി ബണ്ടി ചോറെത്തിയത് ഞെട്ടലുളവാക്കിയിരുന്നു. ഓരോ മോഷണത്തിനു ശേഷവും ഏതെങ്കിലും മലയോര പ്രദേശത്ത് പോയി ബണ്ടി തെളിവുകൾ നശിപ്പിക്കാറുണ്ടായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ടുവെന്നും കാണുന്നവര്‍ തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് മോഷണ ശേഷം ബണ്ടി പല മാര്‍ക്കറ്റുകളിലും എത്താറുണ്ട്. അവിടെയുള്ളവരുമായി സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ ചുരുങ്ങിയ വിലയ്ക്ക് മോഷണ വസ്തുക്കള്‍ വിറ്റഴിക്കുന്നതും ഇയാളുടെ പതിവായിരുന്നു. 

ബണ്ടി ചോർ
ബണ്ടി ചോർ

∙ ജയിലിലെ വിചിത്ര സ്വഭാവം

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ബണ്ടിചോറിനെ ചികിത്സിച്ചിരുന്നു. അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ബണ്ടിയുടെ കോപ്രായങ്ങൾ‌. ജയിലിലെ പരിമിതികളും തനിക്ക് കിട്ടേണ്ട അവകാശങ്ങളും ചൂണ്ടിക്കാട്ടി എന്നും സൂപ്രണ്ടിനു ബണ്ടി കത്തെഴുതിയിരുന്നു. ഇംഗ്ലീഷിൽ ഇതുവെര കേട്ടിട്ടില്ലാത്ത പദങ്ങൾ ഉപയോഗിച്ച് വ്യാകരണ തെറ്റോടെയാണ് കത്തുകൾ എഴുതിയിരുന്നത്. സെൻട്രൽ ജയിലിലെ എട്ടാമത്തെ ബ്ലോക്കിലായിരുന്നു താമസം. 

ജയിൽ വാർഡന്മാരെ കിട്ടിയാൽ സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതീന്ദ്രീയ ജ്ഞാനത്തെയും മറ്റു ഗ്രഹങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബണ്ടിക്ക് ഇന്റർ പോളിനെ വെറുപ്പാണ്. അവർ ബണ്ടിയെ ഇല്ലാതാക്കൻ ശ്രമിക്കുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. നേപ്പാളും അമേരിക്കയുമാണ് തന്റെ മോചനം വൈകിപ്പിക്കുന്നതെന്നും ബണ്ടി സങ്കടപ്പെട്ടിരുന്നു. ജയിൽ വാരന്തയിൽ വച്ച് ബണ്ടി ആത്മഹത്യാശ്രമവും നടത്തിയിരുന്നു. സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങൾ വിഴുങ്ങിയ ബണ്ടി ചോറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചാണ് രക്ഷിച്ചത്. ഉച്ചഭക്ഷണത്തിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയ സമയത്ത് വരാന്തയിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങൾ വിഴുങ്ങി വെള്ളം കുടിക്കുകയായിരുന്നു. 

ബണ്ടി ചോർ
ബണ്ടി ചോർ

∙ കൊവിഡ് വന്നു, ജയിലിറങ്ങി, പിടിയിലായി

കൊവിഡ് വന്ന് ആരോഗ്യം ക്ഷയിച്ച ബണ്ടി പിന്നീട് വ്യായാമം അടക്കം നടത്തിയാണ് ആരോഗ്യം വീണ്ടെടുത്തത്. സെല്ലിനുള്ളിൽ യോഗയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് ധാരാളം പേപ്പറുകളും പേനയും ഇയാൾ ആവശ്യപ്പെട്ടിരുന്നു. വെറുതെയിരുന്നു പേപ്പറുകളിൽ കുത്തിക്കുറിക്കുകയായിരുന്നുസ്ഥിരം പരിപാടി. പത്തു വർഷത്തെ ശിക്ഷ പൂർത്തിയാക്കി ജയിലി‍ൽ നിന്നിറങ്ങിയ ബണ്ടി അപ്പോൾ തന്നെ കേരളം വിട്ടു. സ്വകാര്യ ഡ‍ിറ്റക്ടീവ് ഏജൻസി തുടങ്ങാനായിരുന്നു ബണ്ടിയ്ക്ക് ആഗ്രഹം. മോഷണം നിർത്തിയെന്നും കുറ്റാന്വേഷണത്തിലേക്ക് തിരിയുന്നുവെന്നും ജയിലിൽ നിന്നിറങ്ങും മുന്നേ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ വൻ മോഷണങ്ങൾ ബണ്ടി ചോർ തുടർന്നു. കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ഡൽഹി പൊലീസ് ബണ്ടി ചോറിനെ അറസ്റ്റ് ചെയ്തു. വിവിധ മേഷണ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത ബണ്ടി ഇനി എത്ര നാൾ ജയിലിലുണ്ടാകും, പുറത്തിറങ്ങിയാലും മോഷണം തുടരുമോയെന്നെല്ലാം കണ്ടറിയണം.

English Summary:

The story of Kerala Police who trapped Bunty Chor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com