ADVERTISEMENT

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് അതിജീവിത പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ റോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്ക്ക് സമീപമാണ് സമരം. പീഡന കേസിൽ മൊഴിയെടുത്ത ഡോ. കെ.വി.പ്രീതി മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. പതിനെട്ടിനാണ് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ അതിജീവിത സമരം ആരംഭിച്ചത്. ‘‘ആറ് ദിവസമായി സമരം ആരംഭിച്ചിട്ട്. യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് റോഡിലേക്ക് സമരം മാറ്റിയത്. മുൻപും മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ ഇടപെട്ടതാണെന്നും എന്നാൽ യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്നും അതിജീവിത പറഞ്ഞു. 

അതേസമയം, കഴിഞ്ഞ ദിവസം അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് ഡിജിപി നിർദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചും അവർ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചുമാണ് അന്വേഷണം. അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പരാതി തുടർ നടപടിക്കായി ഡിജിപിക്കു നൽകുകയായിരുന്നു.

എന്നാൽ റിപ്പോർട്ട് നേരിട്ടു നൽകാനാവില്ലെന്നും വിവരാവകാശ കമ്മിഷൻ ചെയർമാനു അപ്പീൽ നൽകിയാൽ റിപ്പോർട്ട് ലഭിക്കുമെന്നുമായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ മറുപടി. ഫെബ്രുവരി 9ന് വിവരാവകാശ കമ്മിഷണർക്ക് അതിജീവിത അപ്പീൽ ഹർജിയും നൽകിയതാണ്. അതിജീവിതയുടെ പരാതി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിട്ടുണ്ട്.  അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെ സമരം തുടരും എന്ന നിലപാടിലാണ് അതിജീവിത. 

English Summary:

Medical College ICU rape survivor started protest on the road in front of the police commissioner's office.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com