ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കുമ്പോൾ സിപിഐക്കാർ ‘ബന്ധുവീട്ടിൽ’. പാർട്ടിക്കാരുടെ അഭിമാന മന്ദിരമായ എം.എൻ.സ്മാരകം പുതുക്കി പണിയുകയാണ്. പട്ടത്തെ എഐടിയുസി ഓഫിസായ പി.എസ്.സ്മാരകത്തിലാണു പാര്‍ട്ടിയുടെ സംസ്ഥാന ഓഫിസ് പ്രവർത്തിക്കുന്നത്. എം.എൻ.സ്മാരകത്തിൽ പണികൾ നടക്കുമ്പോൾ വിളിപ്പാടകലെ ബിജെപിയുടെ ‘സ്വന്തം വീടിന്റെ’ പാലുകാച്ചൽ ചടങ്ങ് നടന്നിട്ട് അധികനാളായിട്ടില്ല. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എകെജി സെന്ററും കോൺഗ്രസിന്റേത് ഇന്ദിരാഭവനും കേന്ദ്രീകരിച്ച് നടക്കുന്നു. സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന് അടുത്തായി സിപിഎമ്മിനു പുതിയ ആസ്ഥാന മന്ദിരത്തിന്റെ പണി പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിൽ ‘വാർ റൂമുകൾ’ കേന്ദ്രീകരിക്കുന്നത് പുതിയതും പഴയുമായ ഈ സംസ്ഥാന കമ്മിറ്റി ഓഫിസ് കെട്ടികങ്ങൾ കേന്ദ്രീകരിച്ചാണ്. ഇവിടെനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചു നേതാക്കൾ വിവിധ ജില്ലകളിലേക്കു കേന്ദ്രീകരിക്കുന്നു.

പ്രമുഖ പാർട്ടികളുടെ സംസ്ഥാന കമ്മിറ്റി ഓഫിസുകളിൽ പഴയത് എം.എൻ.സ്മാരകമാണ്. കമ്യൂണിസ്റ്റ് പാർട്ടി 1964ൽ പിളർന്നപ്പോൾ കെട്ടിടം സിപിഐയുടെ കൈവശമെത്തി. പാർട്ടി സെക്രട്ടറിയായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ പേരിലാണു കെട്ടിടം അറിയപ്പെടുന്നത്. കെട്ടിടം പുതുക്കി പണിയുന്നതുവരെ പാർട്ടി ആസ്ഥാനം പി.എസ്.ശ്രീനിവാസൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ. പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം കേരളത്തിലുടനീളം പ്രചാരണത്തിന്റെ തിരക്കിലാണ്. മുതിർന്ന നേതാക്കളായ സത്യൻ മൊകേരി, പ്രകാശ് ബാബു എന്നിവർക്കാണ് ഓഫിസ് ചുമതല. ദേശീയ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾക്കു വിവിധ ജില്ലകളുടെ ചുമതല നൽകിട്ടുണ്ട്.

പൊളിറ്റിക്കൽ, െടക്നിക്കൽ, മീഡിയ–സോഷ്യൽ മീഡിയ ഡെസ്കുകൾ പട്ടത്തെ ഓഫിസിലുണ്ട്. ഓരോ മണ്ഡലങ്ങളുടെയും കാര്യങ്ങള്‍ ഈ ഡെസ്കുകൾ നോക്കുന്നു. രാഷ്ട്രീയ സംഭവങ്ങളുണ്ടാകുമ്പോൾ ബന്ധപ്പെട്ട നേതാക്കളുടെ നിർദേശാനുസരണം ഈ ഡെസ്കുകൾ പ്രവർത്തിക്കും. ഓൺലൈനായും ഫോണിലൂടെയും നേതാക്കൾ ദിവസേന രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രത്യേക ശ്രദ്ധചെലുത്തണമെന്നു നിർദേശിച്ചിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന തൃശൂരിൽ 4 മുതിർന്ന നേതാക്കൾക്കാണു ചുമതല. സി.എൻ.ജയദേവൻ, കെ.രാജൻ, കെ.പി.രാജേന്ദ്രൻ, രാജാജി മാത്യു തോമസ്.

ജില്ലാ നേതൃത്വങ്ങൾക്കുള്ള നിർദേശങ്ങൾ പോകുന്നതും മണ്ഡലത്തിൽനിന്നും ലഭിക്കുന്ന പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതും പട്ടത്തെ ഓഫിസിലാണ്. 10 കോടിരൂപയാണ് എംഎൻ സ്മാരകത്തിന്റെ അറ്റകുറ്റപ്പണിക്കായി പാർട്ടി അണികളിൽനിന്നും പിരിച്ചത്. മന്ദിരത്തിന്റെ പണി ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. യൂണിവേഴ്സിറ്റി കോളജിനോടു ചേർന്നുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ ആസ്ഥാന മന്ദിരത്തിനടുത്താണ് പുതിയ ആസ്ഥാനത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. നിലവിലെ കെട്ടിടത്തിലെ പാർക്കിങ് പ്രശ്നം അടക്കം പരിഹരിക്കുന്ന തരത്തിലാണു പുതിയ കെട്ടിടത്തിന്റെ നിർമാണം.

സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്റർ. (ഫോട്ടോ: മനോരമ)
സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്റർ. (ഫോട്ടോ: മനോരമ)

എകെജി സെന്ററിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വിവിധ ജില്ലകളിലെ നേതാക്കളുമായി ആശയവിനിമയം നടത്തി നിർദേശങ്ങള്‍ നൽകുന്നു. ജില്ലാ, സംസ്ഥാന നേതാക്കൾക്ക് എകെജി സെന്ററിൽനിന്നാണ് ചുമതലകൾ വീതിച്ചു നൽകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങൾക്കു വിവിധ ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നു. പതിവ് അച്ചടക്കത്തിൽ നിശബ്ദമാണ് എകെജി സെന്റർ. ജില്ലകൾ കേന്ദ്രീകരിച്ച് മീഡിയ–സോഷ്യൽ മീഡിയ ഡെസ്കുകൾ പ്രവർത്തിക്കുന്നു. പാർട്ടി സെക്രട്ടറി ഓഫിസിലുള്ളപ്പോൾ മുതിർന്ന നേതാക്കളെത്തി ചർച്ച നടത്തുന്നു. അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. ദേശീയ നേതാക്കളുടെയും മന്ത്രിമാരുടെയും പ്രചാരണ പരിപാടികൾ തീരുമാനിക്കുന്നത് എകെജി സെന്ററിൽനിന്നാണ്. കടുത്ത മത്സരമുള്ള മണ്ഡലങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളോടു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.

കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവൻ. (ഫോട്ടോ: മനോരമ)
കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവൻ. (ഫോട്ടോ: മനോരമ)

വെള്ളയമ്പലത്തുനിന്നു ശാസ്തമംഗലത്തേക്കു പോകുന്ന വഴിയിലുള്ള ഇന്ദിരാഭവനിൽ പതിവ് ആൾക്കൂട്ടമില്ല. നേതാക്കളും പ്രവർത്തകരും ജില്ലകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ അഭാവത്തിൽ സംഘടനാ കാര്യങ്ങൾ നോക്കുന്നത് ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആണ്. മുതിർന്ന നേതാക്കൾ ജില്ലകളിൽ കേന്ദ്രീകരിക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ.ആന്റണി ആരോഗ്യപ്രശ്നങ്ങളാൽ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ദിരാഭവനിലാണ്. ഓഫിസിലേക്കെത്തുന്ന നേതാക്കളുമായി മണ്ഡലങ്ങളിലെ പ്രവർത്തനം എ.കെ.ആന്റണി വിലയിരുത്തുന്നു. കെപിസിസി ഓഫിസിലെ വാർറൂമിന്റെ ചുമതല എം.ലിജുവിനാണ്. 54 പേർ വാർ റൂമിൽ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ടീം കൂടി ചേരുമ്പോൾ നൂറോളംപേരുണ്ട്. മാധ്യമസമിതിയുടെ ചെയർമാൻ ചെറിയാൻ ഫിലിപ്പാണ്. തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല രമേശ് ചെന്നിത്തലയ്ക്കും. നേതാക്കൾക്കു മണ്ഡലങ്ങളുടെ ചുമതല വീതിച്ചു നൽകിയിട്ടുണ്ട്. തലസ്ഥാനത്തെത്തുന്ന ദേശീയ നേതാക്കൾ മാധ്യമങ്ങളെ കാണുന്നതും കെപിസിസി ഓഫിസിലാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തി കെപിസിസി വാർറൂമിന്റെ ചുമതലയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാർജി ഭവൻ (Photo: Special Arrangement)
തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാർജി ഭവൻ (Photo: Special Arrangement)

ഈ വർഷം ഫെബ്രുവരിയിലായിരുന്നു തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ബിജെപി ഓഫിസായ കെ.ജി.മാരാർ ഭവന്റെ പാലുകാച്ചൽ ചടങ്ങ്. അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലാണ്. തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനിലെ പഴയ ആസ്ഥാന മന്ദിരമായ മാരാർജി സ്മൃതിഭവൻ പൊളിച്ചാണ് അവിടെ പുതിയ കെട്ടിടം നിർമിച്ചത്. ഭൂമിക്കു താഴെ രണ്ടു നിലകളടക്കം ഏഴുനിലയുണ്ട്. ഒന്നാം നിലയിലാണു സംസ്ഥാന പ്രസിഡന്റിന്റെയും ‘ഭാവി മുഖ്യമന്ത്രിയുടെയും’ ഓഫിസ്. ആധുനിക സൗകര്യങ്ങളോടെയാണ് ഓഫിസ് പ്രവർത്തിക്കുന്നത്. സംസ്ഥാന നേതാക്കൾ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് ഇവിടെനിന്നാണ്. സോഷ്യൽ മീഡിയ ഡെസ്കും ജനങ്ങളുമായി ബന്ധപ്പെടാനുള്ള കോൾസെന്ററും അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണം ശക്തമായി ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനവുമുണ്ട്.

English Summary:

From AKG Center to Indira Bhavan: Kerala's Powerhouses of Election Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com