ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മോദി–പിണറായി വിരുദ്ധ തരംഗമാണെന്നും യുഡിഎഫ് 20 സീറ്റുകളിലും വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലോക്സഭയിലേക്ക് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. എവിടെ ബിജെപി രണ്ടാം സ്ഥാനത്തുവന്നാലും മൂന്നാം സ്ഥാനത്ത് എൽഡിഎഫായിരിക്കുമെന്നും കെപിസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു.

‘‘സിപിഎം പ്രത്യക്ഷമായും പരോക്ഷമായും പറയുന്നത് ബിജെപി ജയിക്കുമെന്നും കോൺഗ്രസ് തോൽക്കുമെന്നുമാണ്. ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്നും കോൺഗ്രസ് ദേശീയതലത്തിൽ നൂറ് സീറ്റ് തികയ്ക്കില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. 18–19 സീറ്റിൽ മത്സരിക്കുന്ന സിപിഎം കേന്ദ്രത്തിൽ അധികാരത്തിൽ വരില്ല. പ്രധാന പാർട്ടിയായ കോൺഗ്രസ് നൂറ് സീറ്റിൽ വിജയിക്കില്ലെന്നു പറയുന്നതിലൂടെ, ബിജെപി ജയിക്കുമെന്നാണ് സിപിഎം നേതാക്കൾ അർഥമാക്കുന്നത്. ബിജെപിക്ക് നല്ല സ്ഥാനാർഥികളാണെന്നാണ് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞത്. രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കാതെ ഒളിച്ചോടി എന്നു പ്രധാനമന്ത്രി പറഞ്ഞതിനു പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയനും അതേ വാചകം ആവർത്തിച്ചു. ബിജെപിയെ പേടിച്ചാണ് സിപിഎം കഴിയുന്നത്’’–സതീശൻ പറഞ്ഞു. 

ദേശീയ തലത്തിലെ സർവേയിൽ ബിജപിക്ക് 300 സീറ്റു കിട്ടുമെന്നു പോലും ആരും ഇപ്പോൾ പറയുന്നില്ല. ഇന്ത്യാ മുന്നണിയും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് പുതിയ സർവേകൾ. വർഗീയ ഫാഷിസ്റ്റ് വിരുദ്ധ പ്ലാറ്റ്ഫോം വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. കോൺഗ്രസില്ലാതെ അത്തരമൊരു പ്ലാറ്റ്ഫോം സാധ്യമല്ല. കോൺഗ്രസിനെ ദുർബലമാക്കിയാൽ അത്തരം പ്ലാറ്റ്ഫോം ഇല്ലാതാകും. കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മാസപ്പടി കേസിൽ പേടിയിലാണ് സിപിഎം. നരേന്ദ്ര മോദി പറയുന്നത്, താൻ പോലും വിമർശിക്കാത്ത രീതിയിലാണ് രാഹുൽ ഗാന്ധിയെ സിപിഎം വിമർശിക്കുന്നത് എന്നാണ്. കേരളത്തിൽ രണ്ടു സീറ്റ് കിട്ടിയാൽ ലാഭം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. അത് ആരെ സഹായിക്കാനാണെന്നു വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തൃശൂരിൽ സിപിഎം– ബിജെപി ധാരണയുള്ളതായി തോന്നുന്നുണ്ടെന്ന് ഒരു ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു. ‘‘സിപിഎമ്മിന്റെ തൃശൂരിലെ മുഴുവൻ നേതാക്കളെയും ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. എന്നാൽ, അറസ്റ്റ് ചെയ്യില്ല. ഇത് ആവർത്തിക്കും. സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യുമെന്ന ഇ.ഡി ഭീഷണിയിൽ സിപിഎം വീണു. തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടന്നു. രണ്ട് മന്ത്രിമാർ പൂരസ്ഥലത്ത് ഉള്ളപ്പോഴാണ് സിറ്റി പൊലീസ് കമ്മിഷണർ അഴിഞ്ഞാടിയത്. മന്ത്രിമാർക്ക് കമ്മിഷണറെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ മുഖ്യമന്ത്രിക്കു നിയന്ത്രിക്കാൻ കഴിയുമായിരുന്നു. ബിജെപിയെ സഹായിക്കാൻ സിപിഎം വർഗീയ അജൻഡ സൃഷ്ടിക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എല്ലാ അജൻഡയും പാളി. സർക്കാരിനെതിരെ അതിരൂക്ഷമായ വികാരമുണ്ട്. കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ ജനങ്ങളിൽ അരക്ഷിതത്വമുണ്ട്. ഈ രണ്ടു സർക്കാരുകൾക്കെതിരെയുമുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കൂട്ടായ പ്രവർത്തനത്തിലൂടെ യുഡിഎഫിനു മികച്ച വിജയം ഉണ്ടാകും’’. പരാജയം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം യുഡിഎഫ് ചെയർമാനായ തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

V D Satheesan speak against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com