ADVERTISEMENT

കൽപറ്റ∙ വയനാട്ടിൽ വിതരണത്തിനായി തയാറാക്കിയ കിറ്റുകൾ വീണ്ടും പിടികൂടി. വെങ്ങപ്പള്ളി തെക്കുംതറയിലെ ഒരു വീട്ടിൽ വിതരണം ചെയ്യാൻ സൂക്ഷിച്ച ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. വിതരണത്തിനായി ബിജെപിയുടെ പ്രവർത്തകർ തയാറാക്കിയ കിറ്റുകളാണെന്നാണ് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നത്. ഇതോടെ വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ നിന്നും വിതരണത്തിനായി തയാറാക്കിയ കിറ്റുകൾ പിടിച്ചെടുത്തു. 

ഇന്നലെ രാത്രിയാണ് ബത്തേരിയിൽ ആയിരത്തിയഞ്ഞൂറോളം കിറ്റുകൾ പിടിച്ചെടുത്തത്. മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിലും ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടിയിരുന്നു. മാനന്തവാടിയിൽ സൂപ്പർമാർക്കറ്റിൽ നിന്നാണ് സാധനങ്ങൾ പിടികൂടിയത്. യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനു പിന്നാലെയാണ് ഇന്ന് കൽപറ്റയിലും കിറ്റുകൾ പിടികൂടിയത്. 

ബിജെപി പ്രവർത്തകരാണ് ആദിവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന ആരോപണം എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ നിഷേധിച്ചിരുന്നു. ക്ഷേത്രത്തിൽ ഒരു ഭക്തൻ അദ്ദേഹത്തിന്റെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് അവിടെയുള്ള വിശ്വാസികൾക്ക് വിതരണം ചെയ്യാനായി വഴിപാട് നേർന്ന കിറ്റുകളാണ് ബത്തേരിയിൽ പിടിച്ചെടുത്തതെന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. 

എന്നാൽ മാനന്തവാടിയിലും കൽപറ്റയിലും സമാനമായ രീതിയിൽ കിറ്റുകൾ പിടികൂടിയതോടെ എൽഡിഎഫും യുഡിഎഫും ഇതിനെതിരെ ശക്തമായി രംഗത്തെത്തി. യുഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. രാഹുൽ ഗാന്ധിയുടെ മുഖ്യ ഇലക്ഷൻ ഏജന്റ് കെ.എൽ.പൗലോസ് ആണ് പരാതി നൽകിയത്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബിജെപി അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ആയിരക്കണക്കിന് കിറ്റുകൾ എത്തിച്ചതായി പരാതിയിൽ പറയുന്നു. ചിലയിടത്ത് കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. ബത്തേരിയിൽ വിതരണം ചെയ്യാനായി ലോറിയിൽ കയറ്റിയ നിലയിലായിരുന്നു കിറ്റുകളെന്നും പരാതിയിൽ പറയുന്നു.  

English Summary:

Again food kits seized in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com