ADVERTISEMENT

വാഷിങ്ടൻ ∙ ഗാസയിൽ ഹമാസ്-ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ  യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ഗാസയിലെ വംശഹത്യ നിർത്തണം എന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ ക്യാംപസുകളെ സമരകേന്ദ്രങ്ങളാക്കിയത്. നേരത്തേയും പ്രതിഷേധമുണ്ടെങ്കിലും ഇപ്പോൾ രാജ്യമാകെ വീശുന്ന സമരക്കൊടുങ്കാ‌റ്റിന്റെ ഉറവിടം കൊളംബിയ സർവകലാശാലയാണ്.

പലസ്തീൻ അനുകൂല പ്രക്ഷോഭകരെ ക്യാംപസിൽ‌നിന്നു പുറത്താക്കാൻ ന്യൂയോർക്ക് പൊലീസിനെ നിയോഗിക്കാൻ അടുത്തിടെ കൊളംബിയ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതിനെതിരായുള്ള പ്രതിഷേധമാണ് ആദ്യം ന്യൂയോർക്ക് സിറ്റിയിലും പിന്നീട് യുഎസിൽ എമ്പാടും വിദ്യാർഥി സമരങ്ങൾക്ക് ഇന്ധനം പകർന്നത്. യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൾ ഇസ്ര ഹിർസി ഉൾപ്പെടെ കൊളംബിയ സർവകലാശാലയിലെ 108 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പലസ്തീനെ അനുകൂലിക്കുന്നവരെ അറസ്റ്റു ചെയ്യുന്നതിൽ പ്രതിഷേധിച്ചു ടെന്റ് കെട്ടിയവർ. ചിത്രം: റോയിട്ടേഴ്സ്
ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പലസ്തീനെ അനുകൂലിക്കുന്നവരെ അറസ്റ്റു ചെയ്യുന്നതിൽ പ്രതിഷേധിച്ചു ടെന്റ് കെട്ടിയവർ. ചിത്രം: റോയിട്ടേഴ്സ്

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, യേൽ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയ്, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ബെർക്ക്‌ലി, യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയ തുടങ്ങിയവ ഐക്യദാർഢ്യവുമായി രംഗത്തെത്തി. ഏപ്രിൽ 17 നാണു സംഭവങ്ങളുടെ തുടക്കം. കൊളംബിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമാറ്റ് മിനോഷെ ഷാഫിക്കിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്‌സ് ഹൗസ് കമ്മിറ്റി ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. ക്യാംപസിലെ ഇസ്രയേൽ വിരുദ്ധതയുമായി ബന്ധപ്പെട്ടാണു നെമാറ്റിനെ വിളിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ നേരിടാൻ പൊലീസ് ഇടപെട്ടതു സംഘർഷങ്ങൾക്കു വഴിവച്ചു.

ഖാൻയൂനിസിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന പാതയിലൂടെ നടന്നുനീങ്ങുന്നവർ. ചിത്രം: എപി
ഖാൻയൂനിസിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന പാതയിലൂടെ നടന്നുനീങ്ങുന്നവർ. ചിത്രം: എപി

അടിച്ചമർത്തലിന്റെയും സെൻസർഷിപ്പിന്റെയും ഭാഗമാണിതെന്നു വിദ്യാർഥികൾ നിലപാടെടുത്തതോടെ കൊളംബിയയിലും പുറത്തുമുള്ള ക്യാംപസുകളിൽ ഇസ്രയേൽ വിരുദ്ധത പടർന്നു. ഇസ്രയേലി കമ്പനികളിൽനിന്ന് രാജിവയ്ക്കാൻ ആഹ്വാനം ചെയ്തും പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും രാജ്യമാകെ പ്രകടനങ്ങൾ അരങ്ങേറി. ഇസ്രയേൽ അനുകൂല നിലപാടുള്ള യുഎസ് ഭരണകൂടത്തിനെ സമ്മർദത്തിലാക്കാൻ പ്രതിഷേധങ്ങൾക്കു സാധിക്കുന്നുണ്ടെന്നാണു സംഘാടകരുടെ വിശ്വാസം.

ഗാസയിൽ നിന്നുള്ള കാഴ്ച (Photo: X/ @MonitorX99800)
ഗാസയിൽ നിന്നുള്ള കാഴ്ച (Photo: X/ @MonitorX99800)

കൊളംബിയയിലെ രൂക്ഷമായ സമരം അവസാനിപ്പിക്കാൻ വിദ്യാർഥി പ്രതിനിധികളും യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചകൾ തുടരുകയാണ്. വിദ്യാർഥികൾ മാത്രമല്ല, ഒരു വിഭാഗം അധ്യാപകരും അനധ്യാപകരും പ്രതിഷേധത്തെ പിന്തുണച്ചു രംഗത്തെത്തി. ജൂത വംശജരായ വിദ്യാർഥികൾക്കു സമരക്കാരിൽനിന്നു ഭീഷണിയുള്ളതായും റിപ്പോർട്ടുണ്ട്.

English Summary:

Columbia University triggered campus protests across US, several students arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com