ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബിജെപിക്ക് നോട്ടിസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിങ്കളാഴ്ചയ്ക്കകം പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട്. രാഹുൽ പ്രസംഗങ്ങളിലൂടെ ‘തെക്ക്–വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 77–ാം വകുപ്പു പ്രകാരം തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. താരപ്രചാരകരുടെ ചുമതല പാർട്ടി അധ്യക്ഷന്മാർക്കായതിനാലാണ് ഖർഗെയ്ക്കും നഡ്ഡയ്ക്കും നോട്ടിസ് നൽകിയത്.

രാജസ്ഥാനിലെ ബൻസ്വാഡയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി വിവാദ പരാമർശമുന്നയിച്ചത്. മുസ്‌ലിംകളെ ധാരാളം കുട്ടികളുണ്ടാവുന്ന വിഭാഗമെന്നും നുഴഞ്ഞുകയറിയവരെന്നും മോദി വിശേഷിപ്പിച്ചു. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്നും മോദി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും ഒട്ടേറെ വ്യക്തികളും തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി. നടപടി സ്വീകരിക്കാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് ഇന്ന് കമ്മിഷൻ നോട്ടിസ് അയച്ചത്.

പ്രസംഗങ്ങളിലൂടെ തെക്ക് – വടക്ക് വിഭജനത്തിനു ശ്രമിച്ചെന്നാണ് രാഹുൽ ഗാന്ധിക്കെതിരായ പരാതി. കേരളത്തിലടക്കം പ്രചാരണത്തിനെത്തി രാഹുൽ ഇത്തരം പരാമർശം നടത്തിയെന്നാണ് ബിജെപിയുടെ പരാതി. ‘വൺ നാഷൻ വൺ ഇലക്‌ഷൻ’ ഉൾപ്പെടെയുള്ള പദ്ധതികളുമായി ബിജെപി രംഗത്തുവരുമ്പോഴാണ് രാഹുൽ വിഭജനത്തിനു ശ്രമിക്കുന്നതെന്നും ബിജെപി പരാതിയിൽ പറയുന്നു. പാർട്ടി അധ്യക്ഷൻമാർ തിങ്കളാഴ്ച 11 മണിക്കകം മറുപടി നല്‍കണമെന്നാണ് കമ്മിഷൻ നോട്ടിസിൽ ആവശ്യപ്പെട്ടത്.

English Summary:

Election Commission issues notice to the presidents of BJP and Congress in relation with complaints against PM Modi and Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com