ADVERTISEMENT

കണ്ണൂർ ∙ കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടതായി സ്ഥിരീകരിച്ച് ഇടതുമുന്നണി കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ലാറ്റില്‍വച്ചാണ് ജാവഡേക്കർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു. രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ല. തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ അരോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘‘കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ജാവഡേക്കര്‍ ഇങ്ങോട്ടുവന്ന് കണ്ടതാണ്. തന്നെ പരിചയപ്പെടാനാണ് വന്നത്. അത് വിശ്വസിക്കുന്നു. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? അതുവഴി പോയപ്പോൾ കാണാൻ വന്നതാണ്. മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. തൊട്ടു പിന്നാലെ അദ്ദേഹവും ഇറങ്ങി. ജാവഡേക്കറിനെ വീട്ടിലേക്കു കൊണ്ടുവന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല എന്റെ രാഷ്ട്രീയം. എന്നെ കാണാൻ വന്നവരെക്കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ല.

‘‘കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനെ ലഘൂകരിക്കാൻ ശ്രമം നടന്നു. സുധാകരന്റെ ആർഎസ്എസ് - ബിജെപി ചാട്ടത്തിന് ഞങ്ങളെ ഉപയോഗിക്കേണ്ട. നടന്നത് ആസൂത്രിത ഗൂഢാലോചനയാണ്. ഇന്നുവരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ അടുത്തു കണ്ടിട്ടില്ല. ശോഭ സുരേന്ദ്രനും - കെ.സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ് ആരോപണത്തിന് പിന്നിൽ. ശോഭയുമായി എന്റെ മകനും ബന്ധമില്ല. കൊച്ചിയിലെ ഒരു കല്യാണത്തിൽവച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. ഡല്‍ഹിയിലേക്ക് പോയിട്ട് രണ്ടു വര്‍ഷമായി. നന്ദകുമാറിന് ഒപ്പം എനിക്ക് പോകേണ്ട കാര്യമില്ല’’ – ഇ.പി പറഞ്ഞു.

English Summary:

E.P. Jayarajan Clarifies Meeting with BJP's Prakash Javadekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com