ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും അനുവാദത്തോടെയുമാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇപ്പോള്‍‍ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ‍ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ‌ബിജെപി–സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഞങ്ങൾ ഈ തിരഞ്ഞെടുപ്പിനു മുൻപുതന്നെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് പറഞ്ഞതാണ്. പ്രതിപക്ഷം പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ ശരിയായി. മുഖ്യമന്ത്രിക്ക് നന്ദകുമാറിനോട് മാത്രമേ പ്രശ്നമുള്ളൂ. കാരണം, വി.എസ്.അച്യുതാനന്ദൻ–പിണറായി വിജയൻ പോരാട്ടത്തിന്റെ കാലത്ത് വിഎസിന്റെ ഒപ്പം ഉണ്ടായിരുന്ന ആളാണ് നന്ദകുമാർ. അതാണ് ദേഷ്യം. അച്യുതാനന്ദനും നന്ദകുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 2011ൽ വാർത്താസമ്മേേളനം നടത്തി പറഞ്ഞിട്ടുള്ള ആളാണ്

സിപിഎമ്മിന്റെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദൻ മുതൽ പല സിപിഎം നേതാക്കൾക്കും നന്ദകുമാറുമായി ബന്ധമുണ്ടായിരുന്നു. ഏതു നന്ദകുമാർ എന്നാണ് ജയരാജൻ ചോദിക്കുന്നത്. നന്ദകുമാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ അമ്മയുെട ചടങ്ങുകളിൽ പങ്കെടുക്കുന്നത് മാധ്യമങ്ങളിൽ വന്നതാണ്. ഇതെല്ലാം യാഥാർഥ്യമാണ്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതിലെ ഒരു പ്രധാന കാര്യം പ്രകാശ് ജാവഡേറെ കണ്ടതുകൊണ്ടും സംസാരിച്ചതുകൊണ്ടും ഒരു പ്രശ്നവുമില്ല എന്നാണ്.

ജാവഡേക്കറെ ഇ.പി.ജയരാജൻ കണ്ടത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. അതുകൊണ്ട് തള്ളിപ്പറയാൻ‍ പറ്റില്ല. പറഞ്ഞാൽ ജയരാജൻ തിരിച്ചു പറയാം. ജാവഡേക്കർ കേന്ദ്രമന്ത്രിയല്ല, ബിജെപി നേതാവു മാത്രമാണ്. താൻ എത്രയോ വട്ടം ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. തിരഞ്ഞെടുപ്പു തുടങ്ങിയശേഷം എന്തിനാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടത്?

ശിവന്റെ കൂടെ പാപി കൂടിയാൽ ശിവനും പാപിയാകും എന്നാണ് പറഞ്ഞത്. ഇതെന്തു പഴഞ്ചൊല്ലാണ്? പിശാചിന്റെ കൂെട പാപി കൂടിയാല്‍ പിശാച് ഒന്നു കൂടി പാപിയാകും എന്നു കേട്ടിട്ടുണ്ട്. നല്ല ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞു പോകും. ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്. ഒരു കാര്യം വ്യക്തമാണ്. കേരളത്തിലെ സിപിഎം നേതാക്കളും കേരളത്തിലേയും കേന്ദ്രത്തിലേയും ബിജെപി നേതാക്കളും തമ്മിൽ നിരന്തരം ചർച്ച നടന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ അതാണ് അവരുടെ അജൻഡ.

തൃശൂരിൽ നോക്കൂ, പരസ്യമായി നേതാക്കൾ പറഞ്ഞു തുടങ്ങി ബിജെപിക്ക് വോട്ടു ചെയ്യൂ എന്ന്. ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. കരുവന്നൂരിൽ ഇ.ഡി വന്നിരിക്കുന്നത് സിപിഎം നേതാക്കളെ ലക്ഷ്യമിട്ടാണ്. ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. പാർട്ടി ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി നേതാക്കൾ എല്ലാവരെയും പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ്. അതിനാണ് തൃശൂർ പൂരത്തിന്റെ കാര്യത്തിൽ വർഗീയതയ്ക്ക് അഴിഞ്ഞാടാനുള്ള അവസരമുണ്ടാക്കി കൊടുക്കുന്നത്. എന്നിട്ട് ഒരു പൊലീസ് കമ്മിഷണറുടെ തലയില്‍ കൊണ്ടു പോയി കെട്ടിവച്ചു. ആ കമ്മിഷണർ രാത്രി മുഴുവൻ അഴിഞ്ഞാടി എന്നാണ് പറഞ്ഞത്. ഈ കമ്മിഷണർ അഴിഞ്ഞാടുമ്പോൾ കെ.രാധാകൃഷ്ണൻ അടക്കമുള്ള രണ്ടു മന്ത്രിമാർ ജില്ലയില്‍ ക്യാംപുണ്ട്. എഡിജിപി ക്യാംപുണ്ട്. ഇങ്ങനെ ഒരു കമ്മിഷണർ അഴിഞ്ഞാടുമ്പോൾ മുഖ്യമന്ത്രി അറിഞ്ഞില്ലേ? അറിഞ്ഞില്ലെങ്കിൽ അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ഇത് ബിജെപിയെ സഹായിക്കാനായി മനഃപൂർവം ഒരു പ്ലോട്ടുണ്ടാക്കി കൊടുത്തതാണ്. വർഗീയത സൃഷ്ടിച്ചതാണ്.

ഇപ്പോൾ മുഖ്യമന്ത്രിക്ക് മനസ്സിലായി എൽഡിഎഫിന് ഒരു സീറ്റും ലഭിക്കില്ലെന്ന്. അപ്പോള്‍ ഒരു ബലിയാടു വേണം. അതുകൊണ്ടാണ് ഇങ്ങനെയുള്ള ആളുകളുമായി സമ്പർക്കം പാടില്ല എന്നൊക്കെ ജയരാജനോട് പറയുന്നത്. ഇങ്ങനെയുള്ള ആളുകളുമായി ഏറ്റവും സമ്പർക്കമുള്ള ആളാണ് മുഖ്യമന്ത്രി. അച്യുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്നു വിശേഷിപ്പിച്ച ആൾ ഇപ്പോഴും പിണറായിയുടെ അടുത്ത ആളാണ്. ഈ തിരഞ്ഞെടുപ്പു കഴിയുമ്പോൾ പരാജയത്തിന്റെ കാരണക്കാരനായ വെറുക്കപ്പെട്ടവനാക്കി ജയരാജനെ മാറ്റിയെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary:

VD Satheesan Slams CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com