ADVERTISEMENT

തൃശൂർ∙ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. സംസ്ഥാനത്തു വോട്ടിങ് വളരെയധികം നീണ്ടുപോയെന്നും ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുരളീധരൻ വിമർശിച്ചു. ‘‘സംസ്ഥാനത്ത് വോട്ടിങ് വളരെയധികം നീണ്ടുപോയി. ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കാരണം യന്ത്രം ക്രമീകരിച്ച രീതിയങ്ങനെയാണ്. വോട്ട് രേഖപ്പെടുത്തി വിവിപാറ്റിൽ അതിന്റെ ചിത്രവും സ്ഥാനാർഥിയുടെ പേരും ചിഹ്നവും ക്രമനമ്പറും തെളിഞ്ഞശേഷം വീണ്ടും ബീപ്പ് ശബ്ദം കേൾക്കുമ്പോഴാണ് വോട്ട് റെക്കോർഡ് ചെയ്യപ്പെടുന്നത്. ഇതിന് ഒരുപാട് സമയമെടുത്തു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന അത്രയും സമയം ഇലക്ട്രോണിങ് വോട്ടിങ് യന്ത്രത്തിനും എടുത്തു’’–മുരളീധരൻ പറഞ്ഞു. 

‘‘ആറുമണി കഴിഞ്ഞിട്ടും ഒരുപാട് പേർ വരിനിൽക്കുന്നുണ്ടായിരുന്നു. രാത്രി എട്ടര വരെ പല ബൂത്തുകളും സന്ദർശിച്ചിരുന്നു. കണക്കുകൾ എടുത്ത് നാളെ വിശദമായി ഇലക്ഷൻ കമ്മിറ്റി കൂടും. കടുത്ത ചൂടിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചുട്ടുപഴുത്ത അന്തരീക്ഷത്തിൽ ആളുകൾ വരി നിൽക്കുമ്പോൾ അസ്വസ്ഥതയുണ്ടാവും. അതിനെ നേരിടാനുള്ള ഒരു സജ്ജീകരണങ്ങളും ചെയ്തിട്ടില്ല. ശ്വാസം മുട്ടി ക്യൂനിൽക്കാൻ വോട്ടർമാർക്ക് കഴിയില്ല. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുക, കുടിവെള്ളം കൊടുക്കുക, ഫാൻ ക്രമീകരിക്കുക തുടങ്ങിയവ ചെയ്യാം. പ്രിസൈഡിങ് ഓഫിസർ ചിലയിടത്ത് മോശമായി പെരുമാറി’’–കെ.മുരളീധരൻ പറഞ്ഞു. 

അതേസമയം തൃശൂരിൽ സിപിഎം–ബിജെപി ഡീൽ മുരളീധരൻ ആവർത്തിച്ചു. കണക്ക് അനുസരിച്ച് യുഡിഎഫ് ഒന്നാം സ്ഥാനത്തും എൽഡിഎഫ് രണ്ടാം സ്ഥാനത്തുമാണ് വരേണ്ടത്. ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ പൂർണ്ണ ഉത്തരവാദിത്തം പിണറായി വിജയനായിരിക്കുമെന്നാണ് മുരളീധരൻ പറഞ്ഞത്. ബിജെപിയിൽ ചേർന്ന സഹോദരി പത്മജയ്ക്ക് എതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. സ്വയം ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിന്നെയാണു മറ്റുള്ളർ ജയിക്കുന്നതിനെയും തോൽക്കുന്നതിനെയും കുറിച്ച് പറയുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ‘‘രണ്ടുതവണ കിട്ടിയ ചാൻസിലും തോറ്റു. അങ്ങനെയുള്ള ആളുകൾ മറ്റുള്ളവർ തോൽക്കുമെന്ന് പറയുന്നതിൽ എന്താണ് അർഥമുള്ളത്. പ്രവചിച്ച് സമാധാനമടയട്ടെ. ആ സമാധാനം നാലാം തിയതിയോടെ തീരും’’– മുരളീധരൻ പറഞ്ഞു. 

English Summary:

K Muraleedharan speak against Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com