ADVERTISEMENT

ബെംഗളൂരു∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിനിടെ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുചേർന്നപ്പോഴുള്ള സംഭാഷണത്തിൽ‌ ചർച്ചയായി രാഹുൽ സ്ഥിരമായി ധരിക്കുന്ന വെള്ള ടീ ഷർട്ട്. കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിൽ‌ വന്ന വിഡിയോ വൈറലാവുകയാണ്.

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ, വെള്ള ടീ ഷർട്ടിനെപ്പറ്റിയുള്ള ചോദ്യത്തിനു  രാഹുലിന്റെ മറുപടി ഇങ്ങനെ: ‘‘സുതാര്യവും ലാളിത്യവും. വളരെ ലളിതമായിരിക്കണം എന്റെ വസ്ത്രങ്ങളെന്ന് നിർബന്ധമുണ്ട്. അതിനപ്പുറം വസ്ത്രധാരണത്തിനു ഞാൻ അമിത പ്രാധാന്യം കൊടുക്കാറില്ല.’’

പ്രചാരണത്തിലെ നല്ലതും ചീത്തയുമെന്നു തോന്നിയിട്ടുള്ളത് എന്താണെന്ന് ഖർഗെയോട് രാഹുൽ ഗാന്ധിയുടെ ചോദ്യം. ‘‘വാസ്തവത്തിൽ ചീത്തയായി ഒന്നുമില്ല. ഇതെല്ലാം നമ്മുടെ രാജ്യത്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്നത് നല്ല കാര്യമാണ്. രാജ്യത്തെ ഇല്ലാതാക്കുന്ന ഒരാളെ തടയാൻ വേണ്ടിയാണ് ഇതെല്ലാമെന്നത് തീർച്ചയായും നല്ല കാര്യമായി കാണുന്നു’’– ഖർഗെയുടെ മറുപടി.

അധികാരമോ പ്രത്യയശാസ്ത്രമോ? – സിദ്ധരാമയ്യയോടായിരുന്നു രാഹുലിന്‍റെ അടുത്ത ചോദ്യം. ‘‘പ്രത്യയശാസ്ത്രം’’ – സിദ്ധരാമയ്യയുടെ മറുപടി ഉടനെ വന്നു. പിന്നാലെ വിശദീകരണം. ‘‘പ്രത്യയശാസ്ത്രം തന്നെയാണ് എപ്പോഴും പ്രധാനം. ജനങ്ങൾക്കു മുന്നിൽ നാം അവതരിപ്പിക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്രവും പദ്ധതികളുമാണ്. അധികാരത്തിലെത്തുമ്പോൾ ജനങ്ങളോട് നമ്മുടെ നേട്ടങ്ങളെക്കുറിച്ച് പറയാനാകണം. അങ്ങനെയെങ്കിൽ തീർച്ചയായും ജനം നമ്മെ അംഗീകരിക്കുകയും നമ്മുടെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യും.’’

ഇത്രയുമായപ്പോൾ ഖർഗെയുടെ ഇടപെടല്‍. ‘‘അധികാരം വരികയും പോവുകയും ചെയ്യും. എന്നാൽ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുക എന്നതാണ് വലിയ കാര്യം. നമ്മുടെ നേതാക്കൾ പ്രത്യയശാസ്ത്രത്തിനായി ത്യാഗം സഹിച്ചവരാണ്’’ഖർഗെ പറഞ്ഞു. രണ്ടുപേരും പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നതായി രാഹുൽ വ്യക്തമാക്കി.

“ഖർഗെജിയും സിദ്ധരാമയ്യജിയും പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. പ്രത്യയശാസ്ത്രത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെ നമുക്ക് വലിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനോ അധികാരത്തിലേക്കെത്താനോ ആവില്ല. നമ്മുടെ പ്രത്യയശാസ്ത്രം എല്ലാവരെയും സമഭാവനയോടെ തുല്യരായി കണക്കാക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ദേശീയതലത്തിലുള്ള ഒരു രാഷ്ട്രീയ പോരാട്ടം എന്നത് എപ്പോഴും പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്’’ – രാഹുല്‍ വിശദീകരിച്ചു.

പ്രചാരണത്തിലെ ഏറ്റവും നല്ല ഭാഗം ഏതെന്ന ചോദ്യത്തിനു ‘‘അത് അവസാനിക്കുമ്പോൾ’’ എന്നു രാഹുലിന്‍റെ മറുപടി. തിരഞ്ഞെടുപ്പ് പ്രചാരണം എന്നതു തന്നെ സംബന്ധിച്ചിടത്തോളം ഭാരത് ജോഡോ യാത്രയുടെ അത്ര കടുപ്പമേറിയതല്ലെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ 28 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 26നു ഒന്നാം ഘട്ടത്തിൽ 14 മണ്ഡലങ്ങൾ വിധിയെഴുതി. ബാക്കിയുള്ള 14 സീറ്റുകളിലേക്ക് മേയ് 7 നാണ് തിരഞ്ഞെടുപ്പ്. 

English Summary:

Why Only White T-Shirts, Rahul Gandhi Was Asked. He Said...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com