ഇടുക്കി കുട്ടിക്കാനത്ത് കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർഥിനിയും മാതൃസഹോദരിയും മരിച്ചു
Mail This Article
പീരുമേട് ∙ ദേശീയപാതയിൽ കുട്ടിക്കാനം പുല്ലുപാറയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിഞ്ഞു 2 പേർ മരിച്ചു. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ ഫാർമസി ജംക്‌ഷനു സമീപം വിളയിൽ വീട്ടിൽ ഷിബുവിന്റെ മകൾ ഭദ്ര (18), ഭദ്രയുടെ മാതൃസഹോദരിയും പാരിപ്പള്ളി ലക്ഷ്മി നിവാസിൽ പ്രിൻസിന്റെ ഭാര്യയുമായ സിന്ധു (48) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ഷിബു (51), ഭാര്യ മഞ്ജു (43), ഇവരുടെ മറ്റൊരു മകൾ ഭാഗ്യ (12), സിന്ധുവിന്റെ മകൻ ആദിദേവ് (21) എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം.
വിനോദസഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയശേഷം തിരികെ നാട്ടിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ റോഡിലെ ബാരിക്കേഡ് ഇടിച്ചുതകർത്ത ശേഷം 600 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ഷിബുവാണു കാറോടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
പ്ലസ്ടു ഫലത്തിന് കാത്തുനിൽക്കാതെ ഭദ്ര യാത്രയായി
കല്ലമ്പലം∙ പ്ലസ്ടു ഫലം അറിയുന്നതിനു മുൻപേ ഭദ്ര മടങ്ങി. എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു ഭദ്ര. ഫലം വന്നപ്പോൾ 83% മാർക്ക് നേടി. പക്ഷേ, അതിനു മുൻപേ അപകടം ജീവനെടുത്തു. ബുധനാഴ്ച വൈകിട്ടാണു സംഘം ഇടുക്കിയിലേക്കു പോയത്. വിദേശത്തായിരുന്ന ഷിബു അവധിക്കെത്തിയപ്പോഴാണു വിനോദയാത്ര പോകാൻ തീരുമാനിച്ചത്.