കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു; ടിക്കറ്റ് നിരക്ക് കൂട്ടിയതിൽ പ്രതിഷേധം
Mail This Article
കൂരാച്ചുണ്ട്∙ വനംവകുപ്പിനു കീഴിലുള്ള കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു. ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരിയെ കാട്ടുപോത്ത് ആക്രമിക്കുകയും, പ്രദേശത്തെ കൃഷിയിടത്തിൽവച്ച് കാട്ടുപോത്ത് കർഷകനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചുപൂട്ടിയത്. 111 ദിവസങ്ങൾക്കു ശേഷമാണ് വിനോദസഞ്ചാര കേന്ദ്രം തുറന്നത്.
വെള്ളിയാഴ്ച ഉരക്കുഴി മേഖലയിൽ ഗൈഡുമാർ ശുചീകരണം നടത്തി. കഴിഞ്ഞ ജനുവരി 20ന് കേന്ദ്രം അടച്ചതോടെ ഈ മേഖലയിലെ 19 ഗൈഡുമാർക്ക് ജോലി ഉണ്ടായിരുന്നില്ല. ശനിയാഴ്ച 181 ആളുകളാണ് ഉരക്കുഴി സന്ദർശനത്തിന് എത്തിയത്.
∙ ടിക്കറ്റ് വർധിപ്പിച്ചതിൽ പ്രതിഷേധം
കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചതിൽ പ്രതിഷേധം. ജില്ലാ ഫോറസ്റ്റ് ഡെവലപ്മെന്റ് എജൻസിയുടെ തീരുമാനപ്രകാരമാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. 40 രൂപയായിരുന്ന ടിക്കറ്റാണ് ശനിയാഴ്ച മുതൽ 50 ആക്കി വർധിപ്പിച്ചത്. കുട്ടികൾക്ക് 10 രൂപ ആയിരുന്നത് 30 രൂപയാക്കി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാണ് പ്രതിഷേധത്തിന് കാരണം.
സഞ്ചാരികൾക്ക് ഇരിപ്പിടം, ശുചിമുറി, ഉരക്കുഴി കാണാൻ തൂക്കുപാലം തുടങ്ങിയവ ഇല്ലാത്തതാണ് പ്രശ്നമാകുന്നത്. കെഎസ്ഇബി ഹൈഡൽ ടൂറിസം കേന്ദ്രത്തിലെ 20 രൂപ ടിക്കറ്റ് കൂടി എടുത്താലെ ഡാം മേഖലയിൽ പ്രവേശിക്കാൻ സാധിക്കൂ. വിവിധ സംഘടനകൾ നിരക്ക് വർധനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.