ടെസ്റ്റിന് രണ്ടുവർഷം കാത്തിരിപ്പ്, ഡ്രൈവിങ് ലൈസൻസെടുക്കാൻ ഇനി അതിർത്തി കടക്കേണ്ടി വരുമോ?
Mail This Article
കോഴിക്കോട് ∙ ഡ്രൈവിങ് ടെസ്റ്റിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പുതിയ പരിഷ്കാരം അനുസരിച്ച്, ലേണേഴ്സ് ലൈസൻസ് എടുത്ത ആൾ ടെസ്റ്റ് നടത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് ഡ്രൈവിങ് സ്കൂൾ അസോസിയേഷനുകൾ. ടെസ്റ്റ് പരിഷ്കരണത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ, ഈ രീതിയിൽ ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് ഡ്രൈവിങ് സ്കൂൾ അധികൃതർ. ഡ്രൈവിങ് ടെസ്റ്റിൽ എച്ച്(H) ഒഴിവാക്കിയതുപോലെയുള്ള നടപടികൾ അംഗീകരിക്കുമ്പോഴും, 30 പേർക്കു മാത്രം ടെസ്റ്റിന് അവസരമെന്ന തീരുമാനം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സ്കൂളുകാർ. ഇന്നലെ ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥർ ഗ്രൗണ്ടുകളിൽ എത്തിയെങ്കിലും പലയിടത്തും ടെസ്റ്റിന് ആരും എത്തിയില്ല. ചിലയിടത്ത്, എത്തിയവരെ ഡ്രൈവിങ് സ്കൂൾ അധികൃതർ മടക്കി അയയ്ക്കുകയും ചെയ്തു. പല കേന്ദ്രങ്ങളിലും സമരവുമുണ്ടായിരുന്നു.
വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമോ?
പുതിയ രീതിയിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ, ടെസ്റ്റിൽ പങ്കെടുക്കാൻ ഒരാൾക്ക് രണ്ടു വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻഡസ്ട്രി ആൻഡ് വർക്കേഴ്സ് അസോസിയേഷൻ കൊടുവള്ളി യൂണിറ്റ് സെക്രട്ടറി അജിത്ത് പറഞ്ഞു. ഉണ്ടായിരുന്ന 120 ടെസ്റ്റ് സ്ലോട്ടുകൾ മുപ്പതാക്കി കുറച്ചു. 40 സ്ലോട്ടുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. അതിൽ പത്തെണ്ണം ഗൾഫിലും മറ്റും പോകുന്ന അത്യാവശ്യക്കാർക്ക് വേണ്ടിയുള്ളതാണ്. 90 സ്ലോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൊടുവള്ളിയിൽ 120 സ്ലോട്ടുള്ളപ്പോൾപോലും മൂന്നു മാസം കഴിഞ്ഞാണ് ഒരാൾക്ക് ടെസ്റ്റ് നടത്താൻ സാധിച്ചിരുന്നത്. അത് നാലിലൊന്നായി കുറച്ചു. നിലവിൽ മൂന്നു മാസം കാത്തിരിക്കുന്നവർ ടെസ്റ്റ് നടത്താൻ ചുരുങ്ങിയത് ഒരു വർഷം കാത്തിരിക്കണം. ഒരു എംവിഐ മാത്രമുള്ള ഓഫിസുകളിൽ ആഴ്ചയിൽ രണ്ട് തവണയാണ് ടെസ്റ്റ് നടത്തുന്നത്. ഒരു മാസം 240 ടെസ്റ്റായിരിക്കും നടക്കുക.
ഡ്രൈവിങ് സ്കൂളിന് ലൈസൻസ് ലഭിക്കണമെങ്കിൽ ഡ്യുവൽ കൺട്രോൾ സിസ്റ്റമുള്ള വാഹനത്തിന്റെ ലൈസൻസ് ഉൾപ്പെടെ എടുക്കണം. പഠിക്കുന്ന ആൾക്കും പഠിപ്പിക്കുന്ന ആൾക്കും ക്ലച്ചും ബ്രേക്കും നിയന്ത്രിക്കാൻ സാധിക്കുന്നതാണ് ഡ്യുവൽ കൺട്രോൾ സിസ്റ്റം. ഇതിന് പ്രത്യേകം പരിശോധന നടത്തിയാണ് വാഹന വകുപ്പ് അനുമതി നൽകുന്നത്. പുതിയ രീതി പ്രകാരം, ഡ്യുവൽ കൺട്രോൾ സിസ്റ്റമുള്ള വാഹനങ്ങൾ വേണ്ട. ഇത് അപകട സാധ്യത കൂട്ടുമെന്നാണ് ഡ്രൈവിങ് സ്കൂളുകാരുടെ വാദം. ടെസ്റ്റിന് വാഹനമോടിക്കുന്നയാൾ ബ്രേക്കിനു പകരം ആക്സിലറേറ്റർ ചവിട്ടിയാൽ വലിയ അപകടമുണ്ടാകാം. ഡ്യുവൽ കൺട്രോൾ സിസ്റ്റം, അതായത് ഇരട്ട ക്ലച്ചും ബ്രേക്കും ഉള്ള വാഹനങ്ങളിൽ ഇത്തരം സന്ദർഭത്തിൽ പരിശോധനകന് ബ്രേക്ക് ചവിട്ടി വാഹനം നിയന്ത്രിക്കാനാകും.
സ്ലോട്ട് ബുക്കിങ് കുറച്ചത് കേരളത്തിൽ മാത്രമാണ്. മറ്റൊരു സംസ്ഥാനത്തുമില്ല. ഗുജറാത്തിൽ 260 സ്ലോട്ടാണുള്ളത്. തമിഴ്നാട്ടിൽ 220 സ്ലോട്ടുണ്ട്. കേരളത്തിലെ ഗതാഗതമന്ത്രിയുടെ താൽപര്യപ്രകാരമാണ് സ്ലോട്ട് കുറച്ചത്. സ്വകാര്യ കമ്പനികൾക്ക് വേണ്ടി നിലവിലെ സംവിധാനത്തെ തകർക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ആരോപണമുണ്ട്. ടെസ്റ്റ് നടത്തുന്ന രീതികളിൽ വരുത്തിയ മാറ്റം അംഗീകരിക്കുന്നു. ആളുകൾ കൃത്യമായി വാഹനം ഓടിക്കൻ പഠിച്ചശേഷം ലൈസൻസ് നൽകി റോഡിലിറങ്ങുന്നതാണ് നല്ലതാണ്. എന്നാൽ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയതിന് യുക്തിസഹമായ ഒരു കാരണവും ഇല്ലെന്നും അജിത്ത് പറഞ്ഞു.
അതിർത്തി കടക്കും
അതിർത്തി ജില്ലകളിലുള്ള നിരവധിപ്പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നു ലൈസൻസ് നേടുന്നുണ്ട്. ഇതിനായി പ്രത്യേകം ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. വയനാട് ജില്ലയിലുള്ള പലരുടേയും ലൈസൻസ് കർണാടകയിലേതോ തമിഴ്നാട്ടിലേതോ ആണ്. കേരളത്തിൽ ചെലവാക്കുന്ന അത്രയും തുക മതി കർണാടകയിലും ലൈസൻസ് ലഭിക്കാൻ. ലേണേഴ്സ് ടെസ്റ്റ് ഏജന്റുമാർ തന്നെ എഴുതി ജയിപ്പിക്കും. ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥനെ വാഹനം റോഡിലൂടെ അൽപദൂരം ഓടിച്ചു കാണിച്ചാൽ മാത്രം മതി. ലൈസൻസ് ലഭിക്കും. കാസർകോട്, പാലക്കാട് ജില്ലകളിലുള്ളവരും ഇതേ രീതിയിൽ ലൈസൻസ് നേടുന്നുണ്ട്. കേരളത്തിലെ H വരച്ച് കിട്ടാത്തവർ നേരെ കർണാടകയിലേക്കോ തമിഴ്നാട്ടിലേക്കോ ആണ് പോയിരുന്നത്. കേരളത്തിലെ ലൈസൻസ് ടെസ്റ്റ് ബാലികേറാമലയായതോടെ കർണാടകയിലും തമിഴ്നാട്ടിലും ടെസ്റ്റ് നടത്താൻ മലയാളികളുടെ എണ്ണം വർധിക്കുമെന്ന കാര്യം ഉറപ്പാണ്.
പിന്നോട്ടില്ല
നിലവിലെ രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെങ്കിൽ ഒരാൾ ചുരുങ്ങിയത് ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ആദ്യത്തെ തവണ ജയിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത ടെസ്റ്റിന് ആറ് മാസം കൂടി കാത്തിരിക്കണം. ഈ കാത്തിരിപ്പ് ചിലപ്പോൾ രണ്ടു വർഷം വരെ നീണ്ടേക്കാം. ഡ്യുവൽ കൺട്രോൾ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഒഴിവാക്കുന്നതോടെ ഡ്രൈവിങ് സ്കൂളുകൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരും. ചിലപ്പോൾ സ്കൂളുകൾ തന്നെ അടച്ചുപൂട്ടേണ്ടി വന്നേക്കാം. 30 പേർക്കായി ഡ്രൈവിങ് സ്കൂൾ നടത്തി മുന്നോട്ടു പോകാനാകില്ലെന്നാണ് സ്കൂളുകളുടെ നിലപാട്. അതിനാൽ കടുത്ത സമരത്തിലേക്ക് കടക്കാനാണ് തീരുമാനം.