കുടകിൽ 16 വയസ്സുകാരിയുടെ തലയറുത്ത് കൊല: തല കണ്ടെടുത്തു; മരിച്ചത് പ്രതിയല്ല, അറസ്റ്റ് ചെയ്തു
Mail This Article
മടിക്കേരി∙ നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല 3–ാം ദിവസം കണ്ടെത്തി. പ്രതി എം.പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും കണ്ടെത്തി. ഇന്നലെ പുലർച്ചെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് എസ്പി കെ.രാമരാജൻ വ്യക്തമാക്കി.
സോമവാർപേട്ട താലൂക്ക് സുർലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെ വ്യാഴാഴ്ച വൈകിട്ട് 5.30നാണ് ഹമ്മിയാല ഗ്രാമത്തിലെ എം.പ്രകാശ് (ഓംകാരപ്പ) കൊന്നത്. മാതാപിതാക്കളെ ആക്രമിച്ച ശേഷം മീനയെ വലിച്ചിഴച്ചു കൊണ്ടുപോയി തലയറുത്തു കൊന്ന പ്രതി മീനയുടെ ചേച്ചിയെ കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ അധികൃതർ ഇടപെട്ട് വിവാഹം തടയുകയായിരുന്നു. വിവാഹം മുടങ്ങാൻ കാരണം ചേച്ചിയുടെ സമ്മർദം ആണെന്ന തെറ്റിദ്ധാരണ പ്രകാശിന് ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.
ഇന്നലെ പുലർച്ചെ ചേച്ചിയെ തേടിയുള്ള വരവിൽ ഗർവാല സുർലബി ഗ്രാമത്തിനു സമീപം പ്രകാശിനെ പൊലീസ് പിടികൂടുകയായിരുന്നു. പ്രകാശിനെ കൂട്ടി പൊലീസ് നടത്തിയ പരിശോധനയിലാണു സംഭവ സ്ഥലത്തുനിന്നു 100 മീറ്റർ അകലെ മീനയുടെ തല കണ്ടെടുത്തത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചതറിഞ്ഞു കുടുംബാംഗങ്ങൾക്കൊപ്പം അഹ്ലാദിക്കുമ്പോഴാണു ദാരുണ സംഭവം അരങ്ങേറിയത്.