വൈദ്യുതി പോസ്റ്റിൽ ജോലിചെയ്യുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു
Mail This Article
കോഴിക്കോട്∙ പന്തീരാങ്കാവ് ഒളവണ്ണയിൽ വൈദ്യുതിപോസ്റ്റിൽ ജോലിചെയ്യുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മലപ്പുറം ആക്കോട് മൂലോട്ടിൽ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുന്നത്തു പാലം വേട്ടുവേടൻ കുന്നിൽ വൈദ്യുതി ലൈൻ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളിൽ കയറി ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ലൈനിലേക്ക് ബോധരഹിതനായി വീഴുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ പോസ്റ്റിൽ കയറി ബോധരഹിതനായ മുസ്തഫയെ താഴെയെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇലട്രിക്കൽ ഇൻസ്പെക്ടേഴ്സ് സംഘം സ്ഥലം പരിശോധിച്ചു. വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണോ മരണകാരണമെന്നതു വ്യക്തമല്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താൻ ആകൂ എന്നാണ് സേഫ്റ്റി ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
അപകടസ്ഥലം ഇലട്രിക്കൽ ഇൻസ്പക്ടേഴ്സ് സംഘം പരിശോധിച്ചു. ഡപ്യൂട്ടി സേഫ്റ്റി കമ്മിഷണർ സന്ധ്യാ ദിവാകരൻ, ചീഫ് സേഫ്റ്റി ഓഫിസർ മീന, സേഫ്റ്റി ഓഫിസർ ആൻഡ് അസിസ്റ്റൻറ് കമ്മിഷണർ അമ്പിളി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പരിശോധനയുടെ ഭാഗമായി ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്നും പരിസരത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. കൂടാതെ അപകടം സംഭവിച്ച വൈദ്യുത പോസ്റ്റിന്റെ ഭാഗങ്ങളിലും പരിശോധന നടത്തി.
മുഹമ്മദ് മുസ്തഫ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പന്തിരങ്കാവ് കെഎസ്ഇബി സെക്ഷനു കീഴിൽ കരാർ ജോലിക്ക് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.