മിൽമ സമരം ഒത്തുതീർന്നു; ജീവനക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കും
Mail This Article
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമ തിരുവനന്തപുരം മേലഖയിലെ ജീവനക്കാർ നടത്തിയ സമരം ഒത്തുതീർപ്പായി. ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരം ആരംഭിച്ചത്.
തൊഴിലാളി യൂണിയനുകളുമായി ചൊവാഴ്ച വൈകിട്ട് മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, എംഡി ഡോ.പി.മുരളി എന്നിവർ ചർച്ച നടത്തി. സമരംചെയ്‌ത ജീവനക്കാർക്കെതിരെ എടുത്ത പൊലീസ് കേസ് ഉൾപ്പെടെ പിൻവലിക്കണമെന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് സമരം പിൻവലിക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. മിൽമ എംപ്ലോയീസ് യൂണിയൻ ( സിഐടിയു), ഓൾ കേരള മിൽമ എംപ്ലോയീസ് ഫെഡറേഷൻ( ഐഎൻടിയുസി) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം.
രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമ മാനേജ്മെന്റോ സർക്കാരോ ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവർത്തനം തടസ്സപ്പെട്ടത്. ചർച്ച 4 മണിക്കൂറോളം നീണ്ടു.