നവവധുവിനെ മർദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; ഉടൻ അറസ്റ്റ് ചെയ്തേക്കും
Mail This Article
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഉടന്‍ അറസ്റ്റു ചെയ്തേക്കുമെന്നാണ് വിവരം.
നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
നവവധു വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ തന്നെ ആക്രമിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്നാണ് യുവതി പറയുന്നത്. ആക്രമണം പൊലീസ് നിസാരവത്കരിക്കുകയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തെന്നും യുവതി ആരോപിച്ചിരുന്നു. കരണത്തടിച്ചാണ് രാഹുൽ മർദനം തുടങ്ങിയതെന്നും യുവതി പറഞ്ഞു.