നിതീഷ് കുമാറിന് ശാരീരികാസ്വാസ്ഥ്യം; മോദിയുടെ പത്രികാ സമർപ്പണത്തിൽ പങ്കെടുത്തില്ല
Mail This Article
പട്ന ∙ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. മുഖ്യമന്ത്രിയുടെ വസതിയിൽ ഡോക്ടർമാരുടെ പരിചരണയിലാണ് അദ്ദേഹം. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനിരുന്നതും ഒഴിവാക്കിയിരുന്നു.
അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ അന്തിമോചാര ചടങ്ങുകളിൽ പങ്കെടുക്കാനും കഴിഞ്ഞില്ല. സുശീൽ മോദിയുടെ പത്നി ജെസി ജോർജിനെ ഫോണിൽ വിളിച്ച് നിതീഷ് അനുശോചനം അറിയിച്ചു. സുശീൽ മോദിയുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനു തൊട്ടു പിന്നാലെയാണ് നിതീഷിനു ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സുശീൽ മോദിയുടെ മൃതദേഹം ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ പട്നയിലെത്തിക്കാൻ നിതീഷ് നിർദേശം നൽകി.
ചിരകാല സുഹൃത്തിനെയാണു തനിക്കു നഷ്ടപ്പെട്ടതെന്ന് നിതീഷ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. ജെപി പ്രസ്ഥാനത്തിന്റെ യഥാർഥ പോരാളിയായിരുന്ന സുശീൽ മോദിയുടെ വിയോഗം രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ നികത്താനാകാത്ത നഷ്ടമാണെന്നും നിതീഷ് പറഞ്ഞു.