ജാർഖണ്ഡിൽ 32 കോടിയുടെ കള്ളപ്പണക്കേസ്: കോൺഗ്രസ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇ.ഡി
Mail This Article
റാഞ്ചി∙ കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ (70) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിയോടെ ഇ.ഡി ഓഫിസിലെത്തിയ മന്ത്രിയെ, രാത്രി 830ഓടെയാണ് വിട്ടയച്ചത്. ഇതിന്റെ തുടർച്ചയായാണ് അറസ്റ്റ്.
മന്ത്രിയുടെ സെക്രട്ടറിയായ സഞ്ജീവ് ലാലിനെ ഇ.ഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടുസഹായിയായ ജഹാംഗീർ ആലവും അറസ്റ്റിലായിരുന്നു. ഇവരുമായി ബന്ധപ്പെട്ട ഫ്ലാറ്റിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 32 കോടി രൂപയാണ് ഇ.ഡി പിടികൂടിയത്. പിടിച്ചെടുത്ത പണം 2 ദിവസമെടുത്ത് എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമാണ് ഇവരുടെ അറസ്റ്റ്. ഗ്രാമവികസന വകുപ്പിലെ കരാർ അഴിമതികളുമായി ബന്ധപ്പെട്ട അന്വേഷണമാണു മന്ത്രിയുടെ സെക്രട്ടറിയിലേക്ക് എത്തിയത്. ഫ്ലാറ്റിലെ 2 മുറികളിലായി ഒളിപ്പിച്ചു വച്ചിരുന്ന 500 രൂപ നോട്ടുകെട്ടുകളാണ് എണ്ണിത്തിട്ടപ്പെടുത്തിയത്.
ഗാഡിഖാന ചൗക്കിലെ മറ്റൊരു ഫ്ലാറ്റിൽ നിന്നു 3 കോടി രൂപയും കണ്ടെടുത്തിരുന്നു. കോൺഗ്രസ് മന്ത്രിസഭാംഗത്തിന്റെ സെക്രട്ടറിയുടെ വീട്ടിൽ നിന്നു കുന്നോളം പണം പിടിച്ചെടുത്തെന്നും മന്ത്രിക്ക് കോൺഗ്രസിനെ നയിക്കുന്ന കുടുംബവുമായി അടുത്തബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിലെയും ഒഡീഷയിലെയും പ്രചാരണറാലികളിൽ ആരോപിച്ചു. ബിജെപി ഇതര പാർട്ടികളുടെ നേതാക്കളെ വേട്ടയാടാൻ മാത്രമാണ് ഇ.ഡിയെ കേന്ദ്രം ഉപയോഗിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം.
കൈക്കൂലിക്കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായ മുൻ ചീഫ് എൻജിനീയർ വീരേന്ദ്രകുമാർ റാമിന്റെ ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണു മന്ത്രിയിലേക്ക് എത്തിയത്. റാമിന്റെ 39 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു.