ഇരട്ടയാർ പോക്സോ കേസ്: പെൺകുട്ടി സ്വയം കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയതെന്ന് പൊലീസ്
Mail This Article
തൊടുപുഴ ∙ ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾ വിശദ പരിശോധനയ്ക്കയച്ചു. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്നാണ് പൊലീസ് നിഗമനം.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ അമ്മയാണ് ആദ്യം കണ്ടത്. ആദ്യഘട്ടത്തിൽ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ വിശദ പരിശോധനയിൽ പുറത്തുനിന്ന് മറ്റാരും വീട്ടിൽ എത്തിയിട്ടില്ലെന്നു കണ്ടെത്തി. ആൺസുഹൃത്തുമായി മൊബൈൽ വഴി പെൺകുട്ടി വഴക്കുണ്ടാക്കിയിരുന്നെന്ന് അമ്മ മൊഴി നൽകി. ആത്മഹത്യ ചെയ്യും എന്ന തരത്തിൽ സുഹൃത്തിന് മൊബൈലിൽ സന്ദേശം അയച്ചതായി കണ്ടെത്തി.
കൂടുതൽ വ്യക്തതയ്ക്കു വേണ്ടി അടുത്തദിവസം സുഹൃത്തിനെ ചോദ്യം ചെയ്യും. രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)