ലോക്സഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയത് 170 പരാതികൾ, 95 പരാതികളുമായി ബിജെപി
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഭിച്ച പരാതികളിൽ 99 ശതമാനവും പരിഹരിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവിധ രാഷ്ട്രീയ കക്ഷികൾ നൽകിയ 425 പരാതികളിൽ നാന്നൂറും തീർപ്പാക്കിയെന്നാണു കമ്മിഷൻ പറയുന്നത്. നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തക്കതായ നടപടി സ്വീകരിക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമായിരിക്കെയാണു പത്രക്കുറിപ്പുമായി കമ്മിഷൻ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണു തങ്ങൾക്കു മുന്നിൽ 425 പരാതികളെത്തിയത്. ഇതിൽ പ്രധാനപ്പെട്ട പരാതികളെല്ലാം തീർപ്പാക്കിയെന്നും കമ്മിഷൻ വ്യക്തമാക്കി.
മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസാണ് ഏറ്റവുമധികം പരാതികൾ കമ്മിഷനു നൽകിയത്. 170 പരാതികൾ കോൺഗ്രസ് നൽകിയപ്പോൾ ഭരണകക്ഷിയായ ബിജെപി 95 പരാതികൾ നൽകി. മറ്റെല്ലാ പാർട്ടികളും ചേർന്ന് 165 പരാതികളാണു നൽകിയത്. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി സാധാരണ പൗരന്മാർക്കും പരാതി നൽകാൻ കഴിയുന്ന സി–വിജിൽ ആപ്പ് വഴി ഇന്നലെവരെ 4,22,432 പരാതികളാണു കമ്മിഷനു മുന്നിലെത്തിയത്. ഇതിൽ 4,22,079 പരാതികളും തീർപ്പാക്കി (99.9%). ഇതിൽ 88.7 ശതമാനം പരാതികളും നൂറു മിനിറ്റിനുള്ളിലാണു തീർപ്പാക്കിയത്.