അധിക്ഷേപ പരാമർശം: യുട്യൂബ് ചാനൽ ഉടമയുടെ വീട്ടിൽ റെയ്ഡ്; തടയാൻ ശ്രമിച്ച് ഭാര്യ, സംഘർഷം
Mail This Article
ചെന്നൈ ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് അറസ്റ്റിലായ യുട്യൂബർ സവുക്ക് ശങ്കറിന്റെ വിവാദ അഭിമുഖം പുറത്തുവിട്ട യുട്യൂബ് ചാനൽ ഉടമ ഫെലിക്‌സ് ജെറാൾഡിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ പിടിച്ചെടുക്കാൻ നടത്തിയ പരിശോധന തടയാൻ ഫെലിക്സിന്റെ ഭാര്യ അടക്കം ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. ഫെലിക്‌സിന്റെ ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട്ടിലും ഓഫിസിലുമായിരുന്നു പരിശോധന.
സവുക്ക് ശങ്കർ അറസ്റ്റിലായതിനു പിന്നാലെ, ഫെലിക്സ് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ലഭിച്ചില്ല. ഡൽഹിക്കു രക്ഷപ്പെട്ട ഇയാളെ 10ന് രാത്രിയാണു തിരുച്ചിറപ്പള്ളി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലടച്ചു. കേസിൽ ആദ്യം അറസ്റ്റിലായ സവുക്ക് ശങ്കറിനെതിരെ ചെന്നൈ പൊലീസ് ഗുണ്ടാ നിയമം ചുമത്തി. കിലാമ്പാക്കം ബസ് ടെർമിനസ് നിർമാണവുമായി ബന്ധപ്പെട്ട് സിഎംഡിഎയുടെ പേരിൽ വ്യാജ രേഖ ചമച്ചെന്നതടക്കം ഇയാൾക്കെതിരെ 7 കേസുകൾ ചെന്നൈ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.