‘എന്റെ മകന്റെ പൊസിഷൻ അനുസരിച്ച് കാര്യമായി ചെയ്യുമല്ലോ’: സ്ത്രീധനം ചോദിച്ചെന്ന് യുവതിയുടെ പിതാവ്
Mail This Article
കൊച്ചി∙ ‘എന്റെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ച് നിങ്ങൾ കാര്യമായി ചെയ്യുമല്ലോ’ എന്നാണ് രാഹുൽ കെ.ഗോപാലിന്റെ അമ്മ സ്ത്രീധനം സംബന്ധിച്ചു പറഞ്ഞതെന്ന് മർദനമേറ്റ നവവധുവിന്റെ പിതാവ്. തങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ല എന്നായിരുന്നു രാഹുലിന്റെ മാതാവ് നേരത്തെ പ്രതികരിച്ചത്. മകളെ ഗുരുതരമായി മർദിച്ചില്ല എന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെയാണു മർദനം നടന്നിട്ടുള്ളതെന്നും ഇവരിലേക്കുകൂടി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണു യുവതിയുടെ പിതാവ് ഉന്നയിച്ചിട്ടുള്ളത്. അതിനിടെ കേസ് ഏറ്റെടുത്ത പുതിയ അന്വേഷണ സംഘം ഇന്നു പറവൂരിലെത്തി യുവതിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കും.
രാഹുൽ മകളെ ഗുരുതരമായി മർദിച്ചിട്ടില്ലെന്ന ആരോപണം പച്ചക്കള്ളമാണെന്ന് പിതാവ് പറഞ്ഞു. ‘‘എന്റെ മകള്‍ തന്നയാണോ അതെന്നായിരുന്നു അന്നു കണ്ടപ്പോൾ തോന്നിയത്. ആകെ ഭയപ്പെട്ട അവസ്ഥയിലായിരുന്നു. തല മുഴച്ചിരുന്നു. മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വന്ന് ഉണങ്ങിയ പാടുണ്ടായിരുന്നു. ഇതൊക്കെ താനേ സൃഷ്ടിച്ചതാണോ? അവൻ ക്രൂരമായി മർദിച്ചിട്ടുണ്ട്. മുഷ്ടി ചുരുട്ടി തലയിൽ ഇടിച്ചു. മോൾക്ക് ഇപ്പോഴും തല അനക്കാൻ വയ്യ. ഞങ്ങൾ ഇന്നു വീണ്ടും ആശുപത്രിയിലേക്കു പോവുകയാണ്’’ - യുവതിയുടെ പിതാവ് മനോരമ ഓൺലൈനോടു പറഞ്ഞു.
രാഹുൽ മർദിച്ചപ്പോൾ സഹായത്തിനായി മകൾ കരഞ്ഞു വിളിച്ചിട്ടും അമ്മയോ സഹോദരിയോ തിരിഞ്ഞു നോക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘‘അവരുടെ കൂടി ഒത്താശയോടെയാണ് ഇതു നടന്നിട്ടുള്ളത്. അവരെല്ലാം മദ്യപിക്കുന്നവരാണ്. അതുപോലെ രാഹുലിന്റെ മുൻകാല പശ്ചാത്തലവും അന്വേഷിക്കണം. ലഹരി ഉപയോഗം മാത്രമല്ല, ഇതിന്റെ വിൽപ്പനയും ഉണ്ടോ എന്ന് അന്വേഷിക്കണം. ലഹരിയുമായി ബന്ധപ്പെട്ട് രാഹുലിനും കൂട്ടുകാർക്കുമെതിരെ അവിടുത്തെ റസിഡന്റ് അസോസിയേഷനിലും പ്രശ്നമുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്’’ – പിതാവ് പറഞ്ഞു.
കേസന്വേഷണം എസിപി ഏറ്റെടുത്തതു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐജി വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പുതിയ അന്വേഷണ സംഘം ഇന്നു മൊഴിയെടുക്കാൻ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. സ്ത്രീധനം പോരാ പോരാ എന്നാണു കല്യാണത്തിനുശേഷം രാഹുലും കുടുംബവും പറഞ്ഞതെന്നും പിതാവ് പറഞ്ഞു. ‘‘നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അവന്റെ അമ്മയോടു ചോദിച്ചിരുന്നു. ഞങ്ങളുടെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ. അതനുസരിച്ചു നിങ്ങൾ കാര്യമായി ചെയ്യുമല്ലോ എന്നാണ് അവർ മറുപടി പറഞ്ഞത്. എന്നാൽ കല്യാണം കഴിഞ്ഞപ്പോൾ ആഭരണങ്ങളൊക്കെ കണ്ടിട്ട് അവർക്കു പൊതുവെ തൃപ്തിക്കുറവുണ്ടായിരുന്നു. മോളെ മർദിക്കുന്നതിനു മുമ്പ് ഒരു മണിക്കൂറോളം അമ്മയും രാഹുലും സഹോദരിയുമായി മുറിയടച്ചിട്ടു സംസാരിച്ചിട്ടുണ്ട്. അത് ഗൂഢാലോചനയാണ്. അമ്മയുടെയും സഹോദരിയുടെയും പങ്ക് സംബന്ധിച്ചും അന്വേഷണം വേണം’’– അദ്ദേഹം പറഞ്ഞു.
കല്യാണം കഴിഞ്ഞ് മകളെ ജർമനിയിലേക്കു കൊണ്ടുപോകും എന്നാണ് രാഹുൽ പറഞ്ഞിരുന്നത് എന്നു പിതാവ് പറഞ്ഞു. ഇതിനായി 9ന് റിസപ്ഷനുവന്നതിനു ശേഷം പാസ്പോർട്ടിന്റെ കാര്യത്തിനായി ആലുവയിൽ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘‘എന്നാൽ ഇപ്പോള്‍ കേൾക്കുന്ന വാർത്തകൾ ഇവൻ വലിയ തട്ടിപ്പുകാരനാണ് എന്നാണ്. ജർമനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞു മറ്റു പെൺകുട്ടികളെയും പറ്റിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം. ഇതേ രീതിയിൽ ആളുകളെ കടത്തുകയോ മറ്റോ ചെയ്യുന്ന സംഘത്തിന്റെ ഏജന്റ് ആണോ രാഹുൽ എന്ന് അന്വേഷിക്കണം’’ – യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.