ADVERTISEMENT

ഡൽഹിയിൽനിന്നു പോളണ്ട് തലസ്ഥാനമായ വാഴ്സയിലേക്കുള്ള വിമാനയാത്ര. പോളണ്ടിലൂടെ പടിഞ്ഞാറൻ അതിർത്തിവഴി യുക്രെയ്നിലേക്കു പോകാനായിരുന്നു തീരുമാനം. വാഴ്സയിലേക്കു വിമാനം വഴിമാറിയാണു പറക്കുന്നതെന്നും ഒന്നര മണിക്കൂർ അധികമെടുക്കുമെന്നും അറിയിപ്പുണ്ടായി. കിഴക്കൻ യുക്രെയ്ൻ മേഖല ഒഴിവാക്കാനാണ് ഈ ‘അധികപ്പറക്കൽ’. 2014ൽ ആ മേഖലയ്ക്കു മുകളിലൂടെ പറന്ന മലേഷ്യൻ എയർലൈൻസ് വിമാനം മിസൈൽ ആക്രമണത്തിൽ തകർന്നതിനുശേഷമുള്ളതാണ് ഈ വഴിമാറ്റം. 298 പേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വാഴ്സയിൽ നിന്നു സെഷോവിലേക്കു വീണ്ടും വിമാനയാത്ര. താരതമ്യേന ചെറിയ വിമാനത്താവളമാണു യുക്രെയ്ൻ അതിർത്തിയിൽനിന്ന് അകലെയല്ലാത്ത സെഷോവിലേത്. തീരെ തിരക്കില്ലാതിരുന്ന ഈ വിമാനത്താവളം യുദ്ധമാരംഭിച്ചതോടെ വലിയ തിരക്കുള്ളതായി. ക്രാകോവെറ്റ്സ് അതിർത്തിയിലൂടെയാണു യുക്രെയ്നിലേക്കു കടന്നത്. സെഷോവിൽനിന്ന് 85 കിലോമീറ്റർ അകലെയാണിത്. യുക്രെയ്നിലേക്കു പോളണ്ടിൽനിന്നുള്ള കാറുകൾ കടത്തിവിടില്ലെന്നതിനാൽ യുക്രെയ്നിൽനിന്നുള്ള കാറുമായി ഡ്രൈവർ 6 മണിക്കൂർ വൈകിയാണെത്തിയത്. ക്രാകോവെറ്റ് അതിർത്തി ചെക്പോസ്റ്റുകളിലും കാത്തിരിപ്പിന്റെ മണിക്കൂറുകൾ.

അതിർത്തിവിട്ടു യുദ്ധഭൂമിയായ യുക്രെയ്നിലേക്കു കടന്നു. ഗോതമ്പുപാടങ്ങളും സൂര്യകാന്തിപ്പാടങ്ങളും തീർക്കുന്ന മനോഹാരിത. അടുത്ത നഗരമായ ലിവ്യുവിൽനിന്ന് എന്റെ റിപ്പോർട്ടിങ് ആരംഭിച്ചു. മലയാള മനോരമയ്ക്കായി ആദ്യ റിപ്പോർട്ട് അയച്ചത് ഇവിടെയുണ്ടായ മിസൈൽ ആക്രമണങ്ങളെക്കുറിച്ചാണ്. തകർന്ന കെട്ടിടങ്ങളുടെയും മറ്റും ചിത്രങ്ങൾ സഹിതം.

തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിൽ ഞാൻ യുദ്ധത്തിന്റെ ഭീകരമുഖം കണ്ടു. വെടിയൊച്ചകൾ നിറഞ്ഞ അന്തരീക്ഷവും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും റെയിൽവേ ട്രാക്കുകളുമെല്ലാം യുദ്ധദുരന്തത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്നു. ഓരോ ദിവസവും പുതിയ കാഴ്ചകൾ. തകർന്ന ഭവനസമുച്ചയങ്ങൾ, സ്കൂളുകൾ, ദേവാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ.

ഡോൺബാസിലെ യുദ്ധമുഖത്ത് യുക്രെയ്ൻ സൈനികനൊപ്പം ഭാനു പ്രകാശ് ചന്ദ്ര
ഡോൺബാസിലെ യുദ്ധമുഖത്ത് യുക്രെയ്ൻ സൈനികനൊപ്പം ഭാനു പ്രകാശ് ചന്ദ്ര

സിറിയയിലും ഇറാഖിലും ശ്രീലങ്കയിലുമെല്ലാം പോരാട്ടമുഖങ്ങളിൽ പോകാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്്. പക്ഷേ, അവയിൽനിന്നു തികച്ചും വ്യത്യസ്തമായ യുദ്ധാന്തരീക്ഷമാണു യുക്രെയ്നിലേത്. ജനജീവിതം തികച്ചും നരകതുല്യവും ദുസ്സഹവുമാക്കിയാണു സിറിയയിലും ഇറാഖിലുമെല്ലാം യുദ്ധം നടക്കുന്നത്. പാടേ തകർന്ന റോഡുകൾ, വീടുകൾ, കെട്ടിടങ്ങൾ. അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ നരകിക്കുന്ന ജനം. യുക്രെയ്നിലും യുദ്ധം തുടങ്ങിയ നാളുകളിൽ വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെ എങ്ങനെ മറികടക്കാമെന്ന് അവർ പഠിച്ചിരിക്കുന്നു. മനോഹരമായ പാതകൾ. പാതയോരങ്ങളിലും പാർക്കുകളിലുമെല്ലാം നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. ഷോപ്പിങ് മാളുകളിലും മറ്റും സാധാരണപോലെ ജനം ഭയമില്ലാതെ സഞ്ചരിക്കുന്നു. യുദ്ധം നടക്കുകയാണെങ്കിലും സാധാരണജനജീവിതത്തെ അതു കാര്യമായി ബാധിക്കുന്നില്ല.

കീവിൽ രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെ നിരോധനാജ്ഞ ഉണ്ട്. മറ്റു നഗരങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലുമതു രാത്രി 9 മണിമുതലാണ്. ഈ സമയങ്ങളിൽ പെട്രോളും മറ്റും ലഭ്യമാകില്ല. വ്യാപാരസ്ഥാപനങ്ങൾ തുറക്കില്ല. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ലഗേജും മറ്റും സ്കാൻ ചെയ്യും. രാജ്യത്തിനകത്തെ ചെക്പോയിന്റുകളിൽ ലഗേജ് സ്കാനിങ് അടക്കമുള്ളവ ഇല്ല. ഹോട്ടലുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും മറ്റും മെറ്റൽ ഡിറ്റക്ടറുകൾപോലും കണ്ടില്ല. ക്യാമറയുമായി കടന്നുചെല്ലുന്നതിനും പ്രശ്നങ്ങൾ നേരിട്ടില്ല. 

ഇതൊക്കെയാണെങ്കിലും എപ്പോൾ എവിടെ ബോംബ് പൊട്ടുമെന്നതിനെക്കുറിച്ച് ആർക്കും ഒരു ഊഹവുമില്ലെന്നതു വേറെ കാര്യം.കീവിലെ കാര്യമാണിത്. എന്നാൽ റഷ്യൻ അതിർത്തി പ്രദേശങ്ങളിൽ യുദ്ധത്തിന്റെ ഗൗരവം വർധിക്കും. ബോംബ് സ്ഫോടനങ്ങളുടെയും വെടിയുടെയുമെല്ലാം ശബ്ദങ്ങൾ വർധിച്ചുകൊണ്ടിരിക്കും.

ഐക്യമുള്ള ജനത

യുക്രെയ്ൻ ജനതയുടെ ഐക്യബോധമാണ് എന്നെ ആശ്ചര്യപ്പെടുത്തിയ പ്രധാന ഘടകം. യുക്രെയ്നിൽ റഷ്യൻ ഭാഷ സംസാരിക്കുന്നവരുണ്ട്, ജൂതന്മാരും യുക്രെയ്ൻ വംശജരുമടക്കം വിവിധ ജനവിഭാഗങ്ങളുണ്ട്. എല്ലാവരും ഒറ്റക്കെട്ടാണ്. പേരിൽ വംശമോ ദേശീയതയോ തിരിച്ചറിയുന്ന ഭാഗം ആരും പറയുന്നില്ല. ഞാൻ പേരു ചോദിച്ച ഒരാൾ പോലും പേരിന്റെ രണ്ടാംഭാഗം പറഞ്ഞില്ല.

ടാങ്ക് നീക്കം.
ടാങ്ക് നീക്കം.

ഇന്ത്യക്കാരും യുദ്ധമുഖത്ത്

യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായി നിന്നുപോരാടുന്ന ഇന്ത്യക്കാർ ഒട്ടേറെയുണ്ട്. അവരിൽ രണ്ടുപേരെ എനിക്ക് നേരിട്ടു കാണാനായി. എന്തുകൊണ്ട് യുക്രെയ്ൻ സൈന്യത്തിൽ ചേർന്നു എന്നതു പോലുള്ള അടിസ്ഥാന ചോദ്യങ്ങൾക്കേ സൈന്യം അനുമതി നൽകിയുള്ളൂ.

കാണാൻ സമ്മതിച്ച 3 പേരിലൊരാൾ അവസാനനിമിഷം പിന്മാറി. തമിഴ്നാട് സ്വദേശിയാണ് അദ്ദേഹം. ആദ്യം കണ്ടയാൾ യഥാർഥ പേരു പറയാനോ ഫോട്ടോ എടുക്കാനോ തയാറായില്ല. മധ്യപ്രദേശ് സ്വദേശിയായ അദ്ദേഹം ആൻഡ്രി എന്ന യുക്രേനിയൻ പേരാണു പറഞ്ഞത്. പഠിക്കാനായി വന്നതാണ്. യുക്രെയ്നിൽവച്ചു വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നു. ഹരിയാന സ്വദേശിയായ രണ്ടാമൻ നവീൻ എന്നാണു പേരു പറഞ്ഞത്. യുദ്ധം നടക്കുമ്പോൾ വെറുതെയിരിക്കാൻ കഴിഞ്ഞില്ലെന്നും സൈന്യത്തെ സഹായിക്കേണ്ടതു ചുമതലയാണെന്നു തോന്നിയെന്നുമാണു നവീൻ പറഞ്ഞത്. ബഹ്മുതിലാണ് അദ്ദേഹം യുദ്ധംചെയ്യുന്നത്. അവിടെ യുദ്ധം കടുത്തതാണ്.

യുദ്ധത്തിൽ ഇന്ത്യ ആരുടെ പക്ഷത്താണെന്നറിയാൻ യുക്രെയ്ൻകാർക്ക് ഏറെ ആകാംക്ഷയുണ്ട്. പലരും എന്നോടതു ചോദിച്ചു. റഷ്യയിൽനിന്ന് ഇന്ത്യ വൻതോതിൽ പെട്രോളിയം വാങ്ങുന്നതിനാൽ ഭൂരിഭാഗം യുക്രെയ്നികളും ചിന്തിക്കുന്നത് ഇന്ത്യ റഷ്യക്കൊപ്പമാണെന്നാണ്.

നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് യുക്രെയ്നിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്. സോവിയറ്റ് യൂണിയന്റെ ഭാഗമാകുന്നതിനും മുൻപ് ഓസ്ട്രിയൻ, പോളിഷ് രാജവംശങ്ങൾ യുക്രെയ്ൻ ഭരിച്ചിരുന്നു. അന്നുമുതൽതന്നെ സ്വാതന്ത്ര്യം മോഹിക്കുന്ന ജനതയാണവരുടേത്. സോവിയറ്റ് യൂണിയനിൽനിന്ന് ആദ്യം വേറിട്ടരാജ്യമാണു യുക്രെയ്ൻ.

ഏറെ ശാന്തശീലർ

സ്വതന്ത്രചിന്താഗതിയാണ് അന്നാട്ടുകാരുടെ പ്രത്യേകത. ആരും പെട്ടെന്നൊന്നും ഇടപഴകില്ല. ‌നമ്മുടെ കാര്യങ്ങളിൽ ഇടപെടുകയോ വന്നു സംസാരിക്കുകയോ ചെയ്യുന്നതും കണ്ടില്ല. എന്നാൽ, അങ്ങോട്ടു സംസാരിച്ചാൽ അവർ തികച്ചും സൗഹൃദപരമായിത്തന്നെ പെരുമാറും, സഹായിക്കും.

കിഴക്കൻ യുക്രെയ്നിൽ ആധുനിക യുദ്ധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന സൈനികർ
കിഴക്കൻ യുക്രെയ്നിൽ ആധുനിക യുദ്ധ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന സൈനികർ

മറ്റു പല രാജ്യങ്ങളിലെയും പോലെ വിദേശികളെ വേർതിരിച്ചുകാണുന്ന സ്വഭാവം അവരിൽ കണ്ടില്ല. ദേശീയത, നിറം എന്നിവയൊന്നും വിഷയമല്ല. എവിടെയെല്ലാം പോയോ അവിടെയൊന്നും യുക്രെയ്ൻ സൈനികർ എന്നെ മറ്റൊരു രാജ്യക്കാരനായി കണക്കാക്കിയതായി തോന്നിയതേയില്ല. അവരിലൊരാളെനപ്പോലെ ചിരിച്ചും കളിച്ചും അവരെന്നോടൊപ്പം നിന്നു. സഹായിച്ചു, കാര്യങ്ങൾ വിശദീകരിച്ചു.

ഫോട്ടോ എടുക്കുന്നതിനോടു പലപ്പോഴും വിമുഖത കാണിച്ചെന്നു മാത്രം. പിന്നീട് സൈനിക ഉദ്യോഗസ്ഥൻ അതിന്റെ കാരണം വിശദീകരിച്ചു. ഫോട്ടോ കണ്ട് ഗൂഗിൾ എർത്ത് മാപ്പ് പോലുള്ള സംവിധാനങ്ങളിലൂടെ സ്ഥലം മനസ്സിലാക്കി എതിരാളികൾ ആക്രമിക്കാനുള്ള സാധ്യതയാണവരെ ഭയപ്പെടുത്തുന്നത്. കൂട്ടക്കൊല, കൂട്ട ശവസംസ്കാരങ്ങൾ, തകർന്ന കെട്ടിടങ്ങൾ, ഇതെല്ലാമായിട്ടും മനോവീര്യം കൈവിടുന്നില്ല യുക്രെയ്ൻ ജനത. ആരെയും ദ്രോഹിക്കാത്ത, ആരുടെയും കാര്യത്തിൽ ഇടപെടാത്ത ഞങ്ങൾക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു വിധി എന്നാണ് അവരുടെ ചിന്ത.

നാറ്റോയ്ക്കൊപ്പം ചേരുന്നതുംമറ്റും ഞങ്ങളുടെ ഇഷ്ടമല്ലേ, ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ അതു തീരുമാനിക്കാനുള്ള അവകാശം ഞങ്ങൾക്കില്ലേ, എന്നെല്ലാമാണ് അവരുടെ ചോദ്യങ്ങൾ. പശ്ചിമ യൂറോപ്യൻ രീതികളാണു യുക്രെയ്നുള്ളത്. അവർക്ക് കൂടുതൽ അടുപ്പവും പശ്ചിമ യൂറോപ്പുമായാണ്. യുക്രെയ്നിലെ ബോർഡുകളിലും മറ്റും യൂറോപ്യൻ സ്വാധീനം കാണാം. റഷ്യൻ മേൽവിലാസം അവർ ഇഷ്ടപ്പെടുന്നതേയില്ല.

കൈവിടാത്ത പോരാട്ടവീര്യം

വല്ലാത്തൊരു പോരാട്ടവീര്യമുണ്ട് യുക്രെയ്നികൾക്ക്. അതുകൊണ്ടുതന്നെയാണ് ഈ യുദ്ധം തീരാത്തതും. ഒരു മാസത്തിനകം യുദ്ധം തീരുമെന്നാണ് വൻശക്തിയായ റഷ്യ കരുതിയത്. യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ചിന്തിച്ചതു മറിച്ചല്ല. യുക്രെയ്നിലെ സാധാരണ ജനങ്ങൾപോലും യുദ്ധത്തിൽ അവരുടേതായ പങ്കുവഹിക്കുന്നു. തുടക്കകാലത്തു ബോട്ടിൽ ബോംബുകളും പെട്രോൾ ബോംബുകളും മറ്റും നിർമിച്ചുനൽകി അവരിലേറെയും യുദ്ധത്തിൽ പങ്കാളികളായി. അതേ പോരാട്ടവീര്യം ഇപ്പോഴും തുടരുന്നു. ജനങ്ങളുടെ ഈ പിന്തുണയാണു തങ്ങൾക്കു കരുത്താകുന്നതെന്നു പല സൈനികരും പറഞ്ഞു.

യുദ്ധമുഖത്തേക്കു പോകാൻ സൈനിക യൂണിറ്റിന്റെ കമാൻഡർ അനുവദിക്കണം. അനുവാദം ലഭിച്ചതോടെ, അവരുടെ അടുത്തേക്കു ഞാൻ പോയത് ഒരു പെട്ടി എനർജി ഡ്രിങ്കുമായാണ്. അതവരെ വല്ലാതെ സന്തോഷിപ്പിച്ചു. എല്ലാവരും വലിയ സൗഹൃദത്തിലായി. ഞാൻ കൊടുത്തതിന്റെ ഇരട്ടിയായി ഭക്ഷണവും ബട്ടറുമെല്ലാം തന്നു. നിരോധനാജ്ഞ ആരംഭിച്ചാൽ പെട്രോൾ ബങ്കെല്ലാം അടയ്ക്കും. ഒരുദിവസം സൈനികർ എനിക്കു പെട്രോൾ തന്നു, ഭക്ഷണം തന്നു. സ്നേഹത്തിന്റെ, ആദരവിന്റെ നേരനുഭവമായി എനിക്കിവയെല്ലാം.

സഹായിക്കുന്ന പൊതുജനവും വ്യത്യസ്തരല്ല. ലിവ്യൂവിൽനിന്നു കീവിലേക്കുള്ള യാത്രയിൽ ട്രെയിനിൽ ഒരു യുവതിയെയും യുവാവിനെയും കണ്ടുമുട്ടി. അവർ എനിക്കു ഭക്ഷണപ്പായ്ക്കറ്റും ചോക്ലേറ്റുകളും വാങ്ങിത്തന്നു. യുക്രെയ്നിൽവന്ന് അവർക്കായി എഴുതുന്നതിനു നന്ദി അറിയിച്ചു. കീവ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ, ഒരാൾ ടാക്സിയിൽ എന്നെ ഹോട്ടലിൽ ഇറക്കി അദ്ദേഹത്തിന്റെ സ്ഥലത്തേക്കു യാത്ര തുടർന്നു. 23 വയസ്സുള്ള ആന്റൺ ബൈഡ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു അത്. 

ഞാൻ തിരികെവരും മുൻപ് ആന്റണും കൂട്ടുകാരും വീണ്ടും എന്നെ കാണാനെത്തി. യുദ്ധം തുടങ്ങിയ കാലത്തുതന്നെ വിദ്യാർഥികളടക്കം ഒട്ടേറെ മലയാളികൾ നാട്ടിലേക്കു പോയി. ഇനിയും ഇവിടെ മലയാളികളെ കാണില്ലെന്നു കരുതിയപ്പോഴാണു കൊച്ചി സ്വദേശിയായ ഡോ.യു.പി.ആർ.മേനോനെ കണ്ടുമുട്ടിയത്. മെഡിക്കൽ പഠനത്തിനായി 1980ൽ യുക്രെയ്നിലെത്തിയ അദ്ദേഹം യുക്രെയ്ൻ പൗരയായ നതാലിയയെ വിവാഹം കഴിച്ച് അവിടെത്തന്നെ ജീവിക്കുന്നു. മോസ്കോ ഒളിംപിക്സിന്റെ കാലത്താണ് അദ്ദേഹം യുക്രെയ്നിലെത്തിയത്. അന്നു സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു യുക്രെയ്ൻ. രാജ്യം ഒറ്റക്കെട്ടായാണു റഷ്യക്കെതിരെ പോരാടുന്നതെന്നു മേനോനും സാക്ഷ്യപ്പെടുത്തി.

English Summary : Sunday Special about Ukrine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com