കേരളത്തിൽ നഴ്സിങ് വിദ്യാഭ്യാസത്തിന് 100 വയസ്സ്
Mail This Article
വിദേശത്തു നിന്നു മലയാള മണ്ണിലെത്തിയ ആറു കന്യാസ്ത്രീകൾ 100 വർഷം മുൻപു പകർന്നുതന്ന രോഗിപരിചരണ പാഠങ്ങൾക്ക് ഇന്നു ലോകത്തു പൊന്നും വിലയാണ്. ആ അറിവിന്റെ മികവിൽ കേരളം ലോകരാജ്യങ്ങൾക്കു മുന്നിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ കേരളത്തിലെ നഴ്സിങ് പഠനത്തിനു നൂറാണ്ടു തികയുന്നു. നഴ്സിങ് രംഗത്ത് കേരളം ഇന്നു കൈവരിച്ച നേട്ടങ്ങളുടെ തുടക്കം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ്.
അവിടെ അനൗദ്യോഗികമായി തുടങ്ങിയ നഴ്സിങ് പഠനം പിന്നീടു നഴ്സിങ് സ്കൂളായി വളരുകയായിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ ആറു കന്യാസ്ത്രീകൾ ചേർന്നു കേരളത്തിൽ ആദ്യമായി നഴ്സിങ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച എറണാകുളം ഗവ. സ്കൂൾ ഓഫ് നഴ്സിങ് ശതാബ്ദി ആഘോഷത്തിലേക്കു കടക്കുമ്പോൾ അതു കേരളത്തിന്റെ നഴ്സിങ് ചരിത്രത്തിന്റെ ആഴങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. മിഷനറിയായിരുന്ന തോമസ്.ജെ. ഡേവിഡ്സൺ, 1818ൽ മട്ടാഞ്ചേരിയിൽ ഡിസ്പെൻസറി ആരംഭിക്കുന്നതോടെയാണ് കൊച്ചിയുടെ മണ്ണിൽ അലോപ്പതി ചികിത്സയെത്തുന്നത്. 1845ൽ ദിവാൻ ശങ്കരവാരിയർ കൊച്ചി കായലിന് അഭിമുഖമായി ധർമാശുപത്രി പണിതു. അതാണ് ഇന്നത്തെ എറണാകുളം ജനറൽ ആശുപത്രി.
1922ൽ നാട്ടിലാകെ ജ്വരം പടർന്നു പിടിച്ചപ്പോൾ എറണാകുളത്തെ ധർമാശുപത്രി രോഗികളെക്കൊണ്ടു നിറഞ്ഞു. ജ്വരം ബാധിച്ചെത്തുന്ന രോഗികളെ എങ്ങനെ ശുശ്രൂഷിക്കണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു അധികൃതർ. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അന്നത്തെ കൊച്ചി രാജാവ് രാമവർമ പതിനാറാമൻ (മദിരാശിയിൽ തീപ്പെട്ട വലിയ തമ്പുരാൻ) വരാപ്പുഴ അതിരൂപതയ്ക്കു കത്തെഴുതി; രോഗികളെ ശുശ്രൂഷിക്കാൻ പരിശീലനം ലഭിച്ച ആളുകളെ വേണം. മാത്രമല്ല, ഇവിടെയുള്ളവരെ അതു പഠിപ്പിക്കുകയും വേണം. അതിനുള്ള സഹായം അഭ്യർഥിച്ചായിരുന്നു രാജാവിന്റെ കത്ത്.
കത്തു വായിച്ച അന്നത്തെ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. എയ്ഞ്ചൽ മേരി ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസി സമൂഹത്തിനു കത്തെഴുതി. നിങ്ങളുടെ സേവനം ഈ കൊച്ചു നാടിന് ആവശ്യമുണ്ട്. വരാപ്പുഴ അതിരൂപതയുടെ തദ്ദേശീയനായ ആദ്യ ആർച്ച്ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റി അന്നു റോമിൽ പഠിക്കുകയാണ്. അദ്ദേഹവും സിസ്റ്റർമാരെ കേരളത്തിൽ എത്തിക്കാനായി യത്നിച്ചു. അങ്ങനെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ നിന്നു സിസ്റ്റർമാരായ ഗബ്രിയേൽ, അർമേനിയ, പിയറിയ, ടറോയിസിസ് എന്നിവർ കേരളത്തിലെത്തി. വിളക്കു കത്തിക്കാൻ എണ്ണയും പ്രാർഥിക്കാനും താമസിക്കാനുമായി ഒരു സ്ഥലവും മാത്രമാണ് അന്യരാജ്യത്തേക്കു വരുമ്പോൾ അവർ ആകെ ആവശ്യപ്പെട്ടത്. കരുണയും സ്നേഹവും ഭാഷയാക്കി അവർ രോഗികളെ പരിചരിക്കാൻ തുടങ്ങി. ഇവർക്കു തൊട്ടുപിന്നാലെ രണ്ടു സിസ്റ്റർമാർ കൂടി ഇറ്റലിയിൽ നിന്നെത്തി.
സേവനത്തിനായി 6 സിസ്റ്റർമാരെ നൽകിയതിൽ നന്ദി പറഞ്ഞു രാജാവ് 1922 ഫെബ്രുവരി നാലിന് മിലാനിലെ സിസ്റ്റർ ഓഫ് ചാരിറ്റിയുടെ മദർ ജനറലിന് അയച്ച കത്ത് വലിയൊരു തുടക്കത്തിന്റെ ചരിത്ര രേഖയായി അവശേഷിക്കുന്നു. ആശുപത്രിയോടു തൊട്ടു ചേർന്നുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലെ നാലു മുറികളിലാണു കന്യാസ്ത്രീകൾ താമസിച്ചിരുന്നത്. നഴ്സിങ് അറിവുകൾ മറ്റുള്ളവരിലേക്കു പകർന്നു നൽകിയ ആ കന്യാസ്ത്രീകൾ താമസിച്ച മുറികളിലിരുന്നാണ് ഇപ്പോൾ ഗവ. നഴ്സിങ് സ്കൂളിലെ വിദ്യാർഥികൾ പഠിക്കുന്നത് എന്നത് കാലം കാത്തുവച്ച മറ്റൊരു അത്‌ഭുതം
1924ലാണ് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നഴ്സിങ് പരിശീലനം ആരംഭിക്കുന്നത്. ആശുപത്രിയിൽ സേവനത്തിലുണ്ടായിരുന്ന ആയമാർക്കും സഭയിലെ ചില കന്യാസ്ത്രീകൾക്കുമാണ് ആദ്യമായി പരിശീലനം നൽകിയതെന്നു കരുതുന്നു. ജനറൽ നഴ്സിങ് ഫോർ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് സിലബസ് പ്രകാരമായിരുന്നു പഠനം. അങ്ങനെ കേരളത്തിൽ ആദ്യമായി നഴ്സിങ് പരിശീലനത്തിന് ഔദ്യോഗിക തുടക്കമാകുകയായിരുന്നു.
സിസ്റ്റർമാർ എത്തിയതിനു ശേഷമാണ് ആശുപത്രിയിൽ അച്ചടക്കവും രോഗീപരിചരണം പോലുള്ള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങളും ഉണ്ടാകുന്നത്. തീർത്തും പരിചിതമല്ലാത്ത അന്തരീക്ഷത്തിൽ, അസൗകര്യങ്ങളുടെ ശ്വാസംമുട്ടലിലും അവർ രോഗികൾക്കു നൽകിയ സാന്ത്വന പരിചരണത്തിന് വിശുദ്ധിയുടെ തിളക്കമുണ്ടായിരുന്നു. നീണ്ട 44 വർഷമാണ് അവർ ജനറൽ ആശുപത്രിയിലും നഴ്സിങ് സ്കൂളിലുമായി സേവനമനുഷ്ഠിച്ചത്. എറണാകുളത്ത് വാരാപ്പുഴ അതിരൂപതയ്ക്കു കീഴിൽ ലൂർദ് ആശുപത്രി 1964ൽ പ്രവർത്തനം തുടങ്ങുമ്പോൾ അതിരൂപത സിസ്റ്റർമാരുടെ സേവനം തേടി. അങ്ങനെ ലൂർദ് ആശുപത്രിയുടെ ചുമതല ഏറ്റെടുത്ത് അവർ കേരളത്തിൽ ആതുരസേവനം തുടർന്നു.
എറണാകുളത്തെ നഴ്സിങ് പഠന കേന്ദ്രത്തിന് മദ്രാസ് നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നത് 1942ൽ ആണ്. 1948ൽ മിഡ്‌വൈഫറി കോഴ്സ് ആരംഭിച്ചു. 1951ൽ, തിരുക്കൊച്ചി സംസ്ഥാനത്തിനു കീഴിലായിരുന്ന എറണാകുളം ഗവ. നഴ്സിങ് സ്കൂളിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. ജനറൽ നഴ്സിങ്ങിന് അന്ന് 7 പേരുടെ ബാച്ചായിരുന്നു. തൊട്ടടുത്ത വർഷം അത് 27 പേരുടെ ബാച്ചായി. 1965 ലാണു സ്വതന്ത്ര നഴ്സിങ് സ്കൂളായി മാറുന്നത്. 1977ൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. 1976 വരെ പിഎസ്‌സി വഴിയായിരുന്നു വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതും പ്രവേശനം നൽകുന്നതും. ശമ്പളത്തോടു കൂടിയായിരുന്നു അന്നു നഴ്സിങ് പഠനം.
ഇപ്പോൾ 3 ബാച്ചുകളിലായി ആൺകുട്ടികളും പെൺകുട്ടികളുമായി 136 കുട്ടികളാണ് ഇവിടെ മൂന്നു വർഷത്തെ ജനറൽ നഴ്സിങ് ഡിപ്ലോമ കോഴ്സ് പഠിക്കുന്നത്. 20% സീറ്റുകൾ ആൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിക്കു സമീപത്തു പുതിയ കെട്ടിടത്തിൽ സ്കൂളിന്റെ ഓഫിസും ഹോസ്റ്റലും ലാബും പ്രവർത്തിക്കുമ്പോൾ തൊട്ടടുത്തു തന്നെ പഴയ കെട്ടിടം തനിമ ചോരാതെ ക്ലാസ്മുറികളായി നിലകൊള്ളുന്നു. ഐഎസ്ഒ അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ സർക്കാർ നഴ്സിങ് സ്കൂൾ കൂടിയാണിത്.
നഴ്സിങ് കോളജായി ഉയർത്താവുന്ന എല്ലാ സാഹചര്യവും സ്കൂളിലുണ്ടെന്നും ശതാബ്ദി വർഷത്തിൽ അതു സാധ്യമാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും സ്കൂൾ പ്രിൻസിപ്പൽ പി.സി ഗീതയും വൈസ് പ്രിൻസിപ്പൽ ബിനു സദാനന്ദനും പറഞ്ഞു. 9 ട്യൂട്ടർമാർ ഉൾപ്പെടെ 26 ജീവനക്കാരാണ് ഇവിടെയുള്ളത്. ട്യൂട്ടർമാരിൽ 3 പേർ എറണാകുളം നഴ്സിങ് സ്കൂളിലെ പൂർവവിദ്യാർഥികളാണ്.