സൈക്കിളിന് വഴിവെട്ടാം
Mail This Article
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോയപ്പോഴാണ് കൂടുതലും ആ കാഴ്ച കണ്ടത്. ഫിൻലൻഡ്,സ്വീഡൻ, നോർവേ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ സൈക്കിൾ ചവിട്ടി പോകുന്നവർ ധാരാളം. അവിടെ ദൂരയാത്രയ്ക്കാണു കാർ ഉപയോഗിക്കുന്നത്. നഗരത്തിലുള്ളവരും പരിസരത്തുള്ള ഗ്രാമങ്ങളിൽ നിന്നു നഗരത്തിൽ എത്തുന്നവരും കൂടുതലും സഞ്ചരിക്കുന്നത് സൈക്കിളിലാണ്. ജോലി സ്ഥലത്തേക്ക് ആളുകൾ ഭൂരിഭാഗവും പോകുന്നത് സൈക്കിളിൽ. പാർലമെന്റിലേക്ക് പോലും അംഗങ്ങൾ പോകുന്നത് സൈക്കിളിലാണ്. നോർവേ പ്രധാനമന്ത്രി സൈക്കിളിൽ ഓഫിസിൽ എത്തുന്നതു ഞാൻ ചിത്രീകരിച്ചിട്ടുണ്ട്.
സൈക്കിൾ സവാരികൊണ്ട് പല ഗുണങ്ങളുണ്ട്. ഒരു തരത്തിലുമുള്ള മലിനീകരണവും അതു സൃഷ്ടിക്കുന്നില്ല. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നില്ല. സൈക്കിൾ ചവിട്ടൽ ആരോഗ്യത്തിനും ഗുണകരം. മാതൃകാ ഗതാഗത സംവിധാനമായ സൈക്കിളിനെ നാം ഗൗരവമായി കാണണം.
ഒരിക്കൽ ചൈനയിൽ സലാം എന്ന സുഹൃത്തുമായി പല നഗരങ്ങളിലും ചുറ്റി സഞ്ചരിച്ചു. ഗുവാൻസോ (ഗോൺചോ) നഗരം ഉൾപ്പെടെ ചൈനയിലെ എല്ലാ നഗരങ്ങളിലും ൈസക്കിളുകൾ ധാരാളം. 2000ത്തിൽ ആദ്യമായി ബെയ്ജിങ് നഗരത്തിൽ പോയപ്പോൾ കണ്ട കാഴ്ച ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. അവിടെ സിഗ്നൽലൈറ്റിനരികിൽ രണ്ടു വശങ്ങളിലും സൈക്കിളുകൾ നിരയായി നിർത്തിയിട്ടിരിക്കുന്നു. സിഗ്നൽ ലൈറ്റിൽ പച്ച വെളിച്ചം തെളിഞ്ഞതോടെ ഡാമിന്റെ ഷട്ടർ തുറന്നു വിട്ടതുപോലെ സൈക്കിളുകൾ നിരത്തു നിറഞ്ഞു നീങ്ങിയത് കാണാമായിരുന്നു. എന്നാൽ ഇവിടെ രണ്ടായിരാമാണ്ടിലും സൈക്കിൾ അപരിഷ്കൃത വസ്തുവായി നമ്മൾ കണ്ടു. സൈക്കിൾ ചവിട്ടുന്നത് അപരിഷ്കൃതരും എന്ന കാഴ്ചപ്പാടായിരുന്നു. എന്നാൽ ഇപ്പോൾ ആ കാഴ്ചപ്പാടിന് അൽപം മാറ്റംവന്നു തുടങ്ങിയിട്ടുണ്ട്.
ചൈനയിൽ സിയാമെൻ എന്ന പട്ടണത്തിലാണു ലോകത്തിലെ ഏറ്റവും നീളമുള്ള എലിവേറ്റഡ് സൈക്കിൾ ട്രാക്ക് പണിതിരിക്കുന്നത്. ഒരു നഗരത്തിന്റെ മുകളിൽ കൂടി പാലം പോലെയാണ് അത്. ഗതാഗതത്തിന് ഒരു തടസ്സവുമില്ലാതെ ഉയരത്തിലൂടെ ഒരു സൈക്കിൾ ട്രാക്ക് മാത്രം. കഷ്ടിച്ച് പത്തടി വീതിയേയുള്ളൂ. റോഡരികിലാണ് ഇതിനുള്ള തൂണുകൾ. അങ്ങനെ ഒറ്റത്തൂണിലാണ് ഈ ട്രാക്ക് നീണ്ടങ്ങനെ പോകുന്നത്. ഉരുക്കിൽ വളരെ ലളിതമാണ് ഇതിന്റെ രൂപകൽപന. വലിയ ചെലവില്ലാതെയാണ് എട്ടു കിലോമീറ്റർ ദൂരം ഈ ട്രാക്ക് പണിതിരിക്കുന്നത്. ദുബായിലും ഇതേ രീതിയിൽ സൈക്കിൾ ട്രാക്കുണ്ട്. അവിടെ റോഡിന്റെ വശങ്ങളിലും നല്ല സൈക്കിൾ ട്രാക്കുകളുണ്ട്. ഇതേ രീതിയിൽ നമ്മുടെ നാട്ടിൽ എലിവേറ്റഡ് സൈക്കിൾ ട്രാക്കുകളും റോഡരികിലെ ട്രാക്കുകളും ഒന്നു സങ്കൽപിച്ചു നോക്കൂ.
ഇവിടെ സൈക്കിൾ ചവിട്ടുന്നവർ ഇപ്പോൾ വളരെ പേടിച്ചാണു പോകുന്നത്. സൈക്കിൾ സവാരിക്കു മാത്രമായി ഒരു ട്രാക്ക് ഉണ്ടായി ആ പേടി മാറ്റിയാൽ ധാരാളം പേർ ഇനിയും സൈക്കിൾ ഉപയോഗിക്കും. നമ്മുടെ ഹൈവേയ്ക്കു മുകളിലൂടെ, തിരക്കേറിയ നഗരത്തിനു മുകളിലൂടെയൊക്കെ ഇങ്ങനെ സൈക്കിളുകൾക്കു മാത്രമായി ഗതാഗത സംവിധാനം വരണം. അതിന് യൂസർഫീസും വാങ്ങട്ടെ. കാക്കനാട് നിന്നു മറൈൻ ഡ്രൈവിലേക്ക് ഇതുപോലെയൊരു ട്രാക്ക് സങ്കൽപ്പിച്ചു നോക്കൂ. ഇടയ്ക്കിടെ ചിലയിടങ്ങളിൽ വശങ്ങളിലേക്കു ലാൻഡിങ് സംവിധാനവും വേണം. തൃപ്പൂണിത്തുറ മുതൽ ആലുവ വരെ തെക്കു-വടക്കാണ് നമ്മുടെ മെട്രോ പോകുന്നത്. അതേ സമയം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ച് അത്രവലിയ ചെലവൊന്നും വേണ്ടാത്ത സൈക്കിൾ ട്രാക്കുകൾ ഉണ്ടെങ്കിൽ എത്ര മനോഹരമാവും.
നഗരത്തിലെ ഒരു തിരക്കും ബാധിക്കാതെ ആർക്കും ഒരു തടസ്സവും ഉണ്ടാക്കാതെ സവാരി ചെയ്യാൻ പറ്റുന്ന സൈക്കിൾ ട്രാക്ക് ഉണ്ടെങ്കിൽ നമ്മുടെ ഗതാഗത സംസ്കാരം തന്നെ മാറും. ട്രാക്കിന് കൈവരികൾ ഉള്ളതിനാൽ താഴേക്ക് വീഴുമെന്ന ഭയം വേണ്ട. ഇത്തരം സംവിധാനം ഉണ്ടായാൽ നഗര ജീവിതം കൂടുതൽ മെച്ചപ്പോടും. ഇവിടെ വ്യായാമത്തിന് ജിമ്മിലും വീട്ടിലുമൊക്കെ സൈക്കിൾ ചവിട്ടുന്നുണ്ടല്ലോ. പേടി മാറിയാൽ റോഡിലും ഇതുപോലെ സൈക്കിൾ ചവിട്ടാം. വികസിത നാടുകളിൽ നല്ല ശതമാനം ആളുകളും സൈക്കിളുകളിലേക്കു മാറുന്നു. നമ്മളുടെ നാട്ടിലെ 30 % ആളുകളും ഇങ്ങനെ സൈക്കിൾ ശീലമാക്കിയാൽ ഗതാഗതക്കുരുക്ക് എത്രയോകണ്ടു കുറയും. വായു മലിനീകരണം കുറയുകയും ആളുകളുടെ ആരോഗ്യം വർധിക്കുകയും ചെയ്യും. സൈക്കിൾ നിസ്സാരക്കാരനല്ല.