സാവിത്രിയുടെ ചിന്തയിൽ സാന്ത്വനം മാത്രം
Mail This Article
ഉണങ്ങാത്ത മൂന്നു മുറിവുകളുണ്ട് സാവിത്രിയുടെ ഹൃദയത്തിൽ. അച്ഛനും അമ്മയും ഭർത്താവും കാൻസർ ബാധിച്ചു മരിക്കുന്നത് അരികിലിരുന്നു കാണേണ്ടിവന്നപ്പോഴുണ്ടായത്. ആ വേദനയിൽ നിന്നു സാന്ത്വനം പ്രവഹിക്കുകയാണിപ്പോൾ. ഉറ്റവരുടെ വേർപാടോർത്തു തളർന്നിരിക്കാതെ സാവിത്രി മറ്റുള്ളവരിലേക്കു നോക്കി. തന്നെക്കാൾ തളർന്ന, തകർന്നടിഞ്ഞുപോയ മനുഷ്യരെ കണ്ടു.
ശാന്തമായ മരണത്തെക്കാൾ കവിഞ്ഞൊന്നും ആഗ്രഹിക്കാനാകാതെ വേദനതിന്നു ജീവിക്കുന്നവർക്കു സാന്ത്വനമേകാൻ സാവിത്രി ജീവിതം സമർപ്പിച്ചിട്ട് 16 വർഷം പിന്നിടുന്നു. സൗജന്യ സാന്ത്വന പരിചരണത്തിലൂടെ ആയിരങ്ങൾക്ക് ആശ്വാസമാകുന്ന തൃശൂർ എടമുട്ടം ആൽഫ പാലിയേറ്റീവ് കെയറിൽ സന്നദ്ധ പ്രവർത്തകയായും പിന്നീടു നഴ്സായും സേവനമനുഷ്ഠിക്കാൻ സാവിത്രി തീരുമാനിച്ചതിനു പിന്നിൽ കാൻസറിനെക്കാൾ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളുണ്ട്.
ഒന്നാം മുറിവ്: അച്ഛന്റെ മരണം
തൃപ്രയാർ താന്ന്യം വടക്കുംമുറി കോലാണിയിൽ കെ. സാവിത്രി (66) ആദ്യമായൊരു മരണം അടുത്തുനിന്നു കണ്ടത് 1979ൽ ആണ്. വേദന കൊണ്ടു നിലവിളിക്കുന്ന അച്ഛൻ ദാമോദരൻ ഇളയതിന്റെ അസുഖമെന്തെന്നു പോലും ആർക്കും അറിവുണ്ടായിരുന്നില്ല. മരണാസന്നനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുമ്പോൾ മാത്രമാണു കാൻസറെന്നു തിരിച്ചറിഞ്ഞത്. കരുത്തുറ്റ മനസ്സും ശരീരവുമുള്ള അച്ഛന്റെ നിലവിട്ടുള്ള നിലവിളി ഇന്നും സാവിത്രിയും സഹോദരങ്ങളും മറന്നിട്ടില്ല.
വേദനയെക്കാൾ ഭേദം മരണമായതിനാൽ അച്ഛന്റെ മരണം ആശ്വാസമായാണ് അനുഭവപ്പെട്ടത്. കാൻസർ ബാധിച്ചയാൾക്കു വേണ്ടി മറ്റെന്തു ചെയ്യാനാകുമെന്ന് അന്നു സാവിത്രിക്കറിയില്ല. പിന്നീടു 42ാം വയസ്സുവരെ സാവിത്രിയുടെ ജീവിതം മറ്റെല്ലാവരുടേതും പോലെ മുന്നോട്ടുപോയി. വിവാഹിതയായി, ഒരു മകൻ ജനിച്ചു. അമ്മ തങ്കമണിയമ്മ കാൻസർ ബാധിതയാണെന്ന വിവരം ഇടിത്തീ പോലെ സാവിത്രിയുടെയും സഹോദരങ്ങളുടെയും മേലെ പതിക്കുന്നത് 2006ൽ.
രണ്ടാം മുറിവ്: അമ്മയുടെ മരണം
കാൻസറിനു മെച്ചപ്പെട്ട ചികിത്സ ലഭ്യമായിത്തുടങ്ങിയ കാലമാണ്. എങ്കിലും അമ്മയുടെ രോഗം നിർണയിക്കാൻ വൈകിയതിനാൽ ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥ കഴിഞ്ഞെന്നു കാൻസർ ചികിത്സാ വിദഗ്ധൻ പറഞ്ഞപ്പോൾ തന്നെ പ്രതീക്ഷകളണഞ്ഞു. അമ്മയെയും കൂട്ടി സാവിത്രിയും സഹോദരങ്ങളും തിരികെ വീട്ടിലെത്തി. വേദന മൂർഛിച്ച് അമ്മ അബോധാവസ്ഥയിലായി. അപ്പോഴാണു സാന്ത്വന പരിചരണമെന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.
ആൽഫയുടെ ക്ലിനിക്കിൽ പേരു റജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുന്നതങ്ങനെയാണ്. പുതിയൊരു പരിചരണ രീതിയുമായി രണ്ടു ഡോക്ടർമാർ സാവിത്രിയുടെ വീട്ടിലേക്കു പടികടന്നെത്തി. അമ്മയുടെ കട്ടിലിനരികെ ക്ഷമയോടെ, സ്നേഹത്തോടെയിരുന്നു കിടക്കവ്രണങ്ങൾ വച്ചുകെട്ടി. സാവിത്രിയടക്കമുള്ളവരോട് അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിഞ്ഞു. അതനുസരിച്ചു പെരുമാറി. 3 മാസത്തിനു ശേഷം തികഞ്ഞ ശാന്തതയിലായിരുന്നു തങ്കമണിയമ്മയുടെ മരണം.
സാന്ത്വനത്തിന്റെ തുടക്കം
തങ്കമണിയമ്മയുടെ മരണശേഷവും സാന്ത്വന പരിചരണം നിലച്ചില്ല. സന്നദ്ധ പ്രവർത്തകർക്കൊപ്പം ഡോക്ടർമാർ സാവിത്രിയുടെ വീട്ടിലേക്കുള്ള വരവ് ഒരു വർഷത്തോളം കൂടി തുടർന്നു. മരിച്ചവരെക്കാൾ ഉറ്റവരാണു സാന്ത്വനം അർഹിക്കുന്നത് എന്ന തിരിച്ചറിവു സാവിത്രിയിലുണ്ടായി. താൻ കണ്ടതിനെക്കാൾ മോശമായ ചുറ്റുപാടുകളിലുള്ളവരെ സഹായിക്കാനെന്തു ചെയ്യാൻ കഴിയുമെന്ന തോന്നലുണ്ടായത് അപ്പോഴാണ്. നേരെ ആൽഫയിലെത്തി സന്നദ്ധ സേവനത്തിനു താൽപര്യമുണ്ടെന്ന് അറിയിച്ചു.
ആൽഫ ട്രസ്റ്റിന്റെ ചെയർമാനായ കെ.എം. നൂറുദ്ദീൻ തന്നെ സാവിത്രിയെ ഇരുകയ്യുംനീട്ടി തങ്ങളുടെ സംഘത്തിലംഗമാക്കി. 2 വർഷം വൊളന്റിയർ ആയി സേവനം. അനാഥ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതടക്കമുള്ള ജോലികൾ പൂർണ താൽപര്യത്തോടെ ചെയ്തുകൊണ്ടിരുന്നു. ഇതൊരു മുഴുനീള സേവനമാക്കി മാറ്റിയാലോ എന്ന ചിന്ത ഉയർന്നപ്പോൾ പാലിയേറ്റീവ് നഴ്സിങ് കെയറിൽ പരിശീലനം നേടി, ഫെലോഷിപ് സ്വന്തമാക്കി. ചികിത്സാ സാധ്യതകളെല്ലാം അസ്തമിച്ച, മരണം കാത്തു കഴിഞ്ഞ നൂറുകണക്കിനു പേർക്കു ശാന്തവും വേദനാരഹിതവുമായ വിടവാങ്ങലിന് ആകാവുന്നതെല്ലാം ചെയ്തുനൽകി.
മൂന്നാം മുറിവ്: ഭർത്താവിന്റെ മരണം
മുഴുവൻ സമയ സാന്ത്വന പരിചരണത്തിന്റെ തൃപ്തിയോടെ ജീവിതം മുന്നോട്ടു പോകുന്നതിനിടെ 2021 സെപ്റ്റംബറിലാണു സാവിത്രിയുടെ അരികിൽ ആ വാർത്തയെത്തുന്നത്. ഭർത്താവ് ശ്രീകുമാറിനു കാൻസർ ആണെന്ന സത്യം സാവിത്രിയെ ഉലച്ചുകളഞ്ഞു. അതുവരെ പഠിച്ചതെല്ലാം മനസ്സിൽ നിന്നകന്നു, സാന്ത്വനമേകേണ്ടതു തന്റെ ചുമതലയാണെന്ന വസ്തുത മറന്നു. രോഗിക്കു താങ്ങും തണലുമാകേണ്ടതിനു പകരം കണ്ണീരൊഴിയാതെ സാവിത്രി കിടപ്പായി.
പക്ഷേ, ഭർത്താവിന്റെ അവസാന നാളുകളിൽ നല്ല ഓർമകൾ മാത്രം സമ്മാനിക്കണമെന്ന ചിന്ത സാവിത്രിയെ ഉയർത്തെഴുന്നേൽപ്പിച്ചു. ജോലി രാജിവച്ചു ഭർത്താവിനൊപ്പം മുഴുവൻ സമയവും നിന്നു. സംഭവിക്കാൻ പോകുന്നതെന്താണെന്നു ഭർത്താവിനെ ബോധ്യപ്പെടുത്തി, ഉറച്ച മനസ്സോടെ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ പ്രേരിപ്പിച്ചു. 3 മാസത്തിനു ശേഷം ഭർത്താവ് തന്റെ മടിയിൽ കിടന്നു മരിക്കുമ്പോൾ സാവിത്രി ഉറച്ച ബോധ്യത്തോടെ ഒരു തീരുമാനത്തിലെത്തിയിരുന്നു. ഇനിയുള്ള കാലം സാന്ത്വന പരിചരണത്തിനായി ജീവിതം നീക്കിവയ്ക്കും. തിരികെ ആൽഫയിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ചു. സാന്ത്വന പരിചരണം നേടി മരണമടഞ്ഞവരെ ഓർക്കാനും അവർക്കായി പ്രാർഥിക്കാനും ആൽഫയിൽ ഉപാസന എന്ന പേരിലാരംഭിച്ച കേന്ദ്രത്തിന്റെ ചുമതല വഹിക്കുകയാണു സാവിത്രി. മറ്റുള്ളവർക്കു സാന്ത്വനമേകുന്നതിലൂടെ സാവിത്രി സ്വയം സാന്ത്വനം കണ്ടെത്തുന്നു.