അമ്മ എന്ന കാലം: പ്രകാശ് കാരാട്ടിന്റെ അമ്മ രാധമ്മയെക്കുറിച്ച് വൃന്ദ കാരാട്ട്
Mail This Article
വിവാഹിതരായി ഏതാനും ആഴ്ച കഴിഞ്ഞ് പ്രകാശും ഞാനും ഡൽഹി മോഡൽ ടൗണിൽ രണ്ടു മുറിയുള്ള ഒരു ചെറിയ ഒൗട്ട്ഹൗസ് വാടകയ്ക്കെടുത്തു. ഒടുവിൽ ഞങ്ങൾക്ക് അമ്മയെ, പ്രകാശിന്റെ അമ്മയെ, അടിയന്തരാവസ്ഥ കാരണം അവർ അനുഭവിക്കാൻ നിർബന്ധിതമായ ഏകാന്ത ജീവിതത്തിൽനിന്നു പുറത്തുകൊണ്ടുവരാനായി.
എപ്പോഴും പുഞ്ചിരിക്കുന്ന, സ്നേഹവതിയായ അമ്മായിയമ്മയെ ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയുടെ കഥയിലൂടെ ഞാൻ അവതരിപ്പിക്കാം. പാർലമെന്റ് അംഗങ്ങൾക്കുള്ള ഹോസ്റ്റലായ വിത്തൽഭായ് പട്ടേൽ ഹൗസിലാണു പ്രകാശും അമ്മയും കഴിഞ്ഞിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായിരുന്ന പ്രകാശ് ആ വീട്ടിലേക്ക് ഒരു രഹസ്യയാത്ര നടത്തി. വിവാഹിതരാകാനുള്ള ഞങ്ങളുടെ തീരുമാനം അമ്മയോടു പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞു ഞാൻ അമ്മയെ കാണാൻ ചെന്നു. പുഞ്ചിരിതൂകി, കൈകൾ വിരിച്ച് അമ്മ എന്നെ സ്വാഗതം ചെയ്തു. ഊഷ്മളമായി എന്നെ കെട്ടിപ്പിടിച്ചു.
ഞാൻ അമ്മയോടു പറഞ്ഞു, ‘മരുമകൾ കേരളത്തിൽനിന്നല്ലെന്നും അവൾക്കു മലയാളം സംസാരിക്കാൻ അറിയില്ലെന്നുമുള്ളതിൽ അമ്മയ്ക്കു നിരാശയുണ്ടാകുമെന്ന് എനിക്കറിയാം.’ അമ്മ ചിരിച്ചു. ‘അതെനിക്കൊരു പ്രശ്നമേയല്ല. നിങ്ങൾ രണ്ടാളും സന്തോഷമായിരുന്നാൽ മാത്രം മതി.’ അമ്മയ്ക്ക് റുമറ്റോയിഡ് ആർത്രൈറ്റിസ് ഉണ്ടായിരുന്നു. ആ കൂടിക്കാഴ്ചയുടെ ദിവസം താൻ കടുത്ത വേദനയിലായിരുന്നുവെന്നു മാസങ്ങൾ കഴിഞ്ഞു മാത്രമാണ് അമ്മ എന്നോടു പറഞ്ഞത്. അടുത്തുനിന്നു കണ്ടിട്ടും എനിക്കങ്ങനെ തോന്നിയതുപോലുമില്ല.
പ്രകാശായിരുന്നു അമ്മയുടെ ജീവിതത്തിന്റെ കേന്ദ്രം; തിരിച്ച് പ്രകാശിന് അമ്മയോട് ഗാഢമായ അടുപ്പമായിരുന്നു. ടെറ്റനസ് കാരണമാണെന്നു കരുതപ്പെടുന്നു, അവർക്ക് പ്രകാശിന്റെ പെങ്ങൾ കമലയെ 13ാം വയസ്സിൽ നഷ്ടമായി. അവരന്നു ബർമയിലായിരുന്നു. പ്രകാശിന്റെ അച്ഛന് അവിടെ റെയിൽവേയിലായിരുന്നു ജോലി. നാലു വർഷം കഴിഞ്ഞ്, ഹൃദയാഘാതം വന്നു പ്രകാശിന്റെ അച്ഛൻ മരിച്ചു. അപ്പോൾ പ്രകാശിന് 13 വയസ്സ്. ആ ദുരിതവർഷങ്ങളോട് എങ്ങനെ പൊരുത്തപ്പെട്ടുവെന്ന് ഒരിക്കൽ ഞാൻ അമ്മയോടു ചോദിച്ചു. ‘ഞാൻ എന്തു ചെയ്യാൻ – കാര്യങ്ങളെ പ്രായോഗികമായി സമീപിക്കുകയും പ്രകാശിനും എനിക്കും പിടിച്ചുനിൽക്കാനുള്ള മാർഗം കണ്ടെത്തുകയും വേണമായിരുന്നു.’
തന്റെ ദുഃഖത്തിൽനിന്ന് അമ്മ സ്വയം പുറത്തുവന്നു. പ്രകാശിനെ വളർത്താനുള്ള പണം കണ്ടെത്താൻ അവർ ഇൻഷുറൻസ് ഏജന്റായി. പാലക്കാട്ടെ ചെറിയ വീടു വിറ്റു. ആ പണം കൊണ്ട് ചെന്നൈയിൽ ഒരു വീടു പണിത് വാടകയ്ക്കു കൊടുത്തു. അതിനോടു ചേർന്നുള്ള ഒൗട്ട്ഹൗസിലാണ് പ്രകാശും അമ്മയും കഴിഞ്ഞത്. ഏതാണ്ടു തനിച്ചുതന്നെയാണ് അമ്മ ഇതെല്ലാം ചെയ്തത്. ഈ ഉത്തരവാദിത്തമെല്ലാം പേറുകയെന്നത് അമ്മയ്ക്ക് ഏറെ കരുത്തും ധൈര്യവും വേണ്ട കാര്യമായിരുന്നു. പ്രശ്നങ്ങൾ തന്നെ തളർത്താൻ അമ്മ അനുവദിച്ചില്ല. അമ്മയുടെ പല സുഹൃത്തുക്കളും വീട്ടുകാരും ഓർക്കുന്നതുപോലെ, അമ്മ എപ്പോഴും പുഞ്ചിരിച്ചു, പ്രസന്നയായിരുന്നു.
പഠനത്തിൽ മിടുക്കനായിരുന്ന പ്രകാശ് ഒരു സ്കോളർഷിപ് നേടി. സാധാരണഗതിയിൽ, സാമ്പത്തികമായി മെച്ചമുള്ള ഒരു കരിയറിന് ഇതു വഴിതെളിക്കേണ്ടതാണ്. പണത്തോടും പ്രഫഷനലായ വിജയത്തോടും മുഖം തിരിച്ച് മുഴുവൻസമയ പാർട്ടി പ്രവർത്തകനാകാൻ പ്രകാശ് തീരുമാനിച്ചത് അമ്മയുടെ പ്രതീക്ഷ തെറ്റിച്ചു. പ്രകാശിന്റെ തീരുമാനത്തെക്കുറിച്ചും പാർട്ടി എപ്പോഴും അമ്മയ്ക്കു താങ്ങായി ഉണ്ടാവുമെന്നും എ.കെ.ഗോപാലാനാണ് അമ്മയോടു പറഞ്ഞത്. അമ്മയ്ക്കു നിരാശ തോന്നിയോ എന്നു പറയാനാവില്ല. എന്തായാലും, സഹജമായ പ്രായോഗികബോധത്തോടെ അമ്മ പെരുമാറി. ഏറെ പാടുപെട്ടു പണികഴിപ്പിച്ച വീടു വിറ്റു. പ്രകാശിന്റെ കൂടെയായിരിക്കാൻ ഡൽഹിയിലേക്കു മാറി. അതിന്റെ ഗുണമുണ്ടായത് പ്രകാശിന്റെ അന്നത്തെ കൂട്ടുകാർക്കാണ് – എപ്പോൾ ചെന്നാലും അവർക്ക് വയറുനിറച്ച് ഭക്ഷണം ലഭിച്ചു. അവരെ കഴിപ്പിക്കാൻ അമ്മയ്ക്ക് ഇഷ്ടമായിരുന്നു; അവർ പലരുമായും വളരെ അടുത്ത ബന്ധവുമുണ്ടായി.
അടിയന്തരാവസ്ഥ ഇതെല്ലാം മാറ്റിമറിച്ചു. വിത്തൽഭായ് പട്ടേൽ മുറിവിട്ട്, പ്രകാശിന് ഒളിവിൽ പോകേണ്ടിവന്നു. തന്റെ ആരോഗ്യം മോശമാകുന്ന കാലത്ത് അമ്മയ്ക്കു തനിച്ചു കഴിയേണ്ടിവന്നു. പ്രകാശിനും അമ്മയ്ക്കും അതേറെ ദുസ്സഹമായിരുന്നു. ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ഒട്ടേറെ വിദ്യാർഥികൾ അറസ്റ്റിലായി. പലരും ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടു. അമ്മയെ സന്ദർശിക്കുക അവർക്കു പ്രയാസകരമായി. ഭാഗ്യത്തിന്, ഡൽഹിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യാൻ കേരളത്തിൽനിന്നെത്തിയ ഒരു സംഘം ജൂനിയർ ഡോക്ടർമാർ പ്രകാശിന്റെ സുഹൃത്തുക്കളായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഹോസ്റ്റലിലാണ് അവരിൽ ചിലർ താമസിച്ചിരുന്നത്.
ഒളിവിൽ കഴിയുന്ന രാഷ്ട്രീയ പ്രവർത്തകനെ പാർപ്പിക്കാൻ കഴിയാത്ത എയിംസ് ക്യാംപസ് ഹോസ്റ്റലിൽ അവർ പ്രകാശിന് അഭയം നൽകി. മാത്രമല്ല, മിക്കപ്പോഴും അമ്മയെ സന്ദർശിച്ച് ശുശ്രൂഷിക്കുകയും ചെയ്തു. എപ്പോഴും സഹായമായിരുന്ന ആ മെഡിക്കൽ വിദ്യാർഥികളെ, ഇന്നത്തെ ഡോക്ടർമാരെ – ഞാൻ സ്നേഹത്തോടെ ഓർക്കുന്നു: ഭാസ്കരൻ, മോഹൻ, സുകുമാരൻ, വേണു.
അമ്മയ്ക്കു വിത്തൽഭായ് പട്ടേൽ ഹൗസിൽനിന്നു മാറി ഞങ്ങളുടെ ഒപ്പം താമസിക്കാൻ സാധിച്ചത് പ്രകാശിന് വലിയ ആശ്വാസവും സന്തോഷവും നൽകി. മോഡൽ ടൗണിലെ ആ ചെറുതെങ്കിലും സുഖപ്രദമായ ഫ്ലാറ്റിലെ ഞങ്ങളുടെ ദിനങ്ങൾ മനോഹരമായിരുന്നു. വീട്ടുടമസ്ഥയോട് അമ്മ വേഗം സൗഹൃദത്തിലായി. വീട്ടിലുണ്ടാക്കുന്ന വിശേഷപ്പെട്ട വിഭവങ്ങൾ അവർക്കു കൊടുത്തുവിട്ടു. ബർമയിലെ ജീവിതത്തെക്കുറിച്ചുള്ള കഥകൾ അമ്മ എന്നോടു പറഞ്ഞു. പ്രകാശിന്റെ കുഞ്ഞുന്നാളിലെ കഥകളും – അമ്മ പറഞ്ഞില്ലെങ്കിൽ ഞാൻ ഒരിക്കലും അറിയാൻ ഇടയില്ലാത്ത കഥകൾ.
ഒരുമിച്ചായിരിക്കാൻ ഞങ്ങൾക്കു വളരെക്കുറച്ചു സമയമേ ലഭിച്ചുള്ളൂ; നാലു മാസം. അമ്മയുടെ ആരോഗ്യം മോശമായി. 1976 മാർച്ചിൽ അമ്മ മരിച്ചു. പ്രകാശിനെ അതു വല്ലാതെ ബാധിച്ചു. പ്രകാശിന്റെ ജെഎൻയു സുഹൃത്തുക്കളും അമ്മയുടെ എണ്ണമറ്റ ആരാധകരുമുണ്ടായിരുന്നു അമ്മയ്ക്ക് വിടചൊല്ലാൻ. ഞാൻ അമ്മയെ അഗാധമായി സ്നേഹിച്ചിരുന്നു. അമ്മയുമൊരുമിച്ച് ഏറെ നാൾ ജീവിക്കാൻ സാധിച്ചിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു. അമ്മയ്ക്കു വേണ്ട സ്നേഹവും കരുതലും നൽകാൻ കഴിഞ്ഞിരുന്നെങ്കിലെന്നു ഞാനിന്നും ആശിച്ചു പോകുന്നു.