ജീവിച്ചു കാണിക്കും ഗ്രാമങ്ങൾ
Mail This Article
ഒരിക്കൽ റുമാനിയയിലൂടെ യാത്ര ചെയ്യുകയാണ്. തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നു എല്ലാ സ്ഥലത്തേക്കും ട്രെയിനുണ്ട്. ഡ്രാക്കുളയുടെ ബ്രാൻകാസിൽ കാണാൻ ഒരുദിവസം പോയി. അന്നവിടെ താമസിച്ചു. പിന്നീട് സിവ്യൂ എന്ന സ്ഥലത്തു പോയി. വളരെ മോശം ട്രെയിനിലാണു യാത്ര. കംപാർട്മെന്റുകളിൽ മുഴുവൻ കുത്തിവരച്ചിട്ടിരിക്കുകയാണ്. സത്യത്തിൽ ഇന്ത്യൻ റയിൽവേയോടുള്ള സകല പരാതിയും കുറഞ്ഞു. സായ്പ് ഇങ്ങനെയുള്ള ട്രെയിനിൽ പോകുന്നത് കാണാനും കൗതുകമാണ്. വളരെ പതുക്കെയാണു ട്രെയിൻയാത്ര. ആർക്കും വലിയ തിരക്കില്ല. അന്നത്തെ താമസം സിവ്യൂ പട്ടണത്തിലാണ്. ആർക്കും ഇംഗ്ലിഷ് അറിയില്ലെന്നുള്ളതാണ് അവിടത്തെ ഏറ്റവും വലിയ പ്രശ്നം. ഹോട്ടലുകളിൽ റിസപ്ഷനിൽ നിൽക്കുന്നവർക്ക് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതിന്റെ ഭാഗമായി അൽപം ഇംഗ്ലിഷ് വശമുണ്ട്. അതും അത്യാവശ്യം മാത്രം. കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ അവർ കുഴയും. ഏതായാലും സിറ്റി സ്ക്വയറിൽ പോകാൻ ടാക്സി ഒപ്പിച്ചു.
രാത്രിയിൽ ഹോട്ടലിൽ ഇരുന്ന് അവിടത്തെ ഗ്രാമക്കാഴ്ചകളെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയിരുന്നു. ആറേഴു ഗ്രാമങ്ങളിൽ പോകണമെന്ന് ഉറപ്പിച്ചാണ് സിറ്റി സ്ക്വയറിലേക്കു വണ്ടി പിടിച്ചത്. ഒരു ഗ്രാമത്തിൽ ശരാശരി അരമണിക്കൂറിൽ താഴെ ചെലവഴിക്കാം എന്നു നിശ്ചയിച്ചു. തലേരാത്രിയിൽ തയാറാക്കിയ ഗ്രാമങ്ങളുടെ പട്ടിക ടാക്സി ഡ്രൈവർക്കു നൽകി. അദ്ദേഹം അതു പരിശോധിച്ച് ആദ്യം എത്തുന്നത്, രണ്ടാമത് കാണാവുന്നത് എന്നിങ്ങനെ ചില ഭേദഗതികൾ വരുത്തി. 75 യൂറോ എന്നു നിരക്കും പറഞ്ഞു. ഏതായാലും യാത്ര തുടങ്ങി. ഒരുമണിക്കൂർ ഓടിയിട്ടും ഡ്രൈവർ വണ്ടി നിർത്തുകയോ ഗ്രാമത്തിലേക്കു കയറുകയോ ചെയ്യുന്നില്ല. സംശയം തോന്നി, അദ്ദേഹത്തെ ലിസ്റ്റ് വീണ്ടും കാണിച്ച് ഈ ഗ്രാമങ്ങൾ എവിടെ എന്നു ചോദിച്ചു. അവൻ പറഞ്ഞു – അതെല്ലാം കഴിഞ്ഞു പോയി. അവൻ ഉദ്ദേശിച്ചത് ഇതിലൂടെയെല്ലാം പോയി പെട്ടെന്നു തിരിച്ചു വരിക എന്നാണ്. എനിക്കു വളരെ നിരാശ തോന്നി. ഏതായാലും അവസാനം രണ്ടു ഗ്രാമം മാത്രം ഷൂട്ട് ചെയ്തു തിരികെ ഹോട്ടലിൽ എത്തി. അപ്പോൾ കുറച്ചു സമയം ബാക്കിയുണ്ട്.
പട്ടണത്തിൽ നിന്നു കുറച്ചു പോയാൽ മാത്രം കാണുന്ന സ്ഥലങ്ങളുടെ വിവരം നോക്കിയപ്പോൾ ലിവിങ് മ്യൂസിയം ഉണ്ടെന്നു കണ്ടു. വിഡിയോ നോക്കിയപ്പോൾ രസകരമായി തോന്നി. റുമാനിയൻ സ്ത്രീകൾ പരമ്പരാഗത വസ്ത്രം ധരിച്ച് പശുവിനെ മേയ്ക്കുകയും കറക്കുകയും ചീസ് ഉണ്ടാക്കുകയും ഒക്കെയാണ്. ഏതായാലും മുൻപ് ഗ്രാമം ഷൂട്ട് ചെയ്യാൻ പറ്റാത്ത വിഷമം ഇവിടെ തീർക്കാമെന്നു വിചാരിച്ചു. 25 യൂറോയാണു പ്രവേശന ഫീസ്.
റുമാനിയയിലെ ഒരോ സ്ഥലത്തും ഉള്ള ആളുകളുടെ പരമ്പരാഗത ജീവിതരീതി എന്തായിരുന്നു എന്നതു ശരിയായി ജീവിച്ചു കാണിക്കുകയാണ് അവിടെ. ചിലർ മൺപാത്രം നിർമിക്കുന്നു. ചിലർ തുകൽ കൊണ്ട് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെ ഓരോ വിഭാഗങ്ങളും പണ്ടെങ്ങനെ ജീവിച്ചു എന്നതു നേരിട്ടു കണ്ടു മനസ്സിലാക്കാൻ കഴിയും. നൂറു കണക്കിന് ഏക്കർ സ്ഥലത്താണ് ഇതു ചെയ്യുന്നത്. 200 കൊല്ലം മുൻപുള്ള ഗ്രാമത്തിൽ പോയാൽ ഉണ്ടാകുന്ന ഫീൽ. കാളവണ്ടിയിലാണ് ആളുകളുടെ സഞ്ചാരം. അവിടെ ആംഫി തിയറ്ററുണ്ട്. വൈകിട്ട് ഇവരുടെയെല്ലാം കലാ പ്രകടനങ്ങളുണ്ട്. സത്യത്തിൽ കേരളത്തിൽ ഇങ്ങനെയൊരു സ്ഥലമുണ്ടോ എന്നു ചിന്തിച്ചു. നമ്മുടെ പൈതൃകവും പാരമ്പര്യ ജീവിത രീതികളുമെല്ലാം വ്യക്തമാക്കി കാണിക്കുന്ന ഒരിടം. നെയ്ത്തുകാർ, കുടമുണ്ടാക്കുന്നവർ, കൊല്ലപ്പണി ചെയ്യുന്നവരുടെ ആല, എണ്ണ ആട്ടുന്നവർ തുടങ്ങിയവയെല്ലാമുള്ള ഗ്രാമങ്ങൾ ഒരിടത്തു വരണം. തൃശൂർ മൃഗശാല നിന്നിരുന്ന സ്ഥലം ഇതിനു പറ്റിയതാണ്. സർക്കാരിന് ഇതു സംബന്ധിച്ച് ഒരു പദ്ധതി നിർദേശവും നൽകിയതാണ്. ഈ സ്ഥലം ഇപ്പോൾ സർക്കാർ ഓഫിസുകൾ പണിയാനായി ഉദ്ദേശിച്ചിരിക്കുകയാണന്നാണ് അറിയുന്നത്.
നമ്മുടെ പൈതൃകവും ഗ്രാമജീവിതവുമെല്ലാം വ്യക്തമാക്കുന്ന സ്ഥലം നിർമിച്ചു കാണാൻ വരുന്നവർക്ക് താമസിക്കാൻ ഹോട്ടലുകളും പണിയാവുന്നതാണ്. അടുത്ത തലമുറയ്ക്ക് പൂർവികരുടെ ജീവിതരീതി, പാരമ്പര്യം ഇതെല്ലാം മനസ്സിലാക്കാമല്ലോ. മറ്റെല്ലാം രാജ്യങ്ങളും അവരുടെ പൂർവികർ എങ്ങനെ ജീവിച്ചു എന്നത് ആർക്കൈവ് ചെയ്യാറുണ്ട്. ചൈനയിൽ ഷെൻജൻ എന്ന ഗ്രാമത്തിൽ ലിവിങ് മ്യൂസിയമുണ്ട്. നോർവേയിലുണ്ട്, മലേഷ്യയിലുണ്ട്. വെറുതേ കുറെ സമ്പാദിച്ച് കൂട്ടി കഴിയുകയല്ല മനുഷ്യ സമൂഹത്തിന്റെ ലക്ഷ്യം. അവന്റെ സംസ്കാരത്തെ ആർക്കൈവ് ചെയ്യണം.
മലയാളി സംസ്കാരത്തെ ഇതുപോലെ സൂക്ഷിച്ച് അടുത്ത തലമുറയെ കാണിക്കാനുള്ള സ്ഥലം നമുക്കു വേണം. ലോക നിലവാരത്തിലുള്ള വാസ്തു ശിൽപികളെക്കൊണ്ട് ഇതു പണിയിപ്പിക്കണം. സാംസ്കാരിക ബോധവും പൈതൃക ബോധവും ഉള്ളവർ ഇതു മനോഹരമായി ചെയ്യണം. വിവിധ സമുദായങ്ങൾ, കുലങ്ങൾ, ജീവിത രീതികൾ ഇവയെല്ലാം ഒരിടത്തു കാണാൻ കഴിയുന്ന ഇടം. എത്രരസമാവും ആ കാഴ്ചകളും അറിവുകളും.