കുറാണ്ടയും നമ്മുടെ സാധ്യതകളും
Mail This Article
ഓസ്ട്രേലിയയിലെ യാത്രയിൽ കുറാണ്ട എന്ന വനമേഖല കാണാൻ പോയി. അവിടെ ആദിമ ജനതയുടെ വാസസ്ഥലമുണ്ട്. അവിടത്തെ കാഴ്ചകൾ കൗതുകകരമായിരുന്നു. അവർ അരിമാവ് കൊണ്ട് ദേഹത്ത് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അവർ വിവിധ നൃത്തച്ചുവടുകൾ കാണിച്ചു. ബൂമറാങ് എങ്ങനെയാണ് എറിയേണ്ടതെന്നു കാണിച്ചു തന്നു. വനഗ്രാമത്തിൽ അവർക്ക് കടകളുണ്ട്. അവർ നിർമിക്കുന്ന കരകൗശല വസ്തുക്കൾ അവിടെ നിന്നു വാങ്ങാം.
ഏതാണ്ട് എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം മുഴുവൻ ആദിവാസി ഗോത്രങ്ങളുടെ വിവിധ കലാപ്രകടനങ്ങളെല്ലാമുള്ള ഒരു കേളീഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. അവിടെ ലഭിക്കുന്ന വരുമാനം മുഴുവൻ ഇവർക്കുള്ളതാണ്. അവിടെ ആദിവാസി ഭക്ഷണമെല്ലാം കിട്ടുന്ന റസ്റ്ററന്റുകളുമുണ്ട്. നമ്മുടെ വയനാടിന് ഇങ്ങനെയൊരു സാധ്യതയുണ്ടെന്നു തോന്നി. ബസിൽ ഞങ്ങളെ വിട്ടിട്ടു പോയതാണ്. കാഴ്ച കണ്ടു കഴിയുമ്പോഴേക്കു തിരികെ വരാമെന്നു പറഞ്ഞു പോയതാണ് ഡ്രൈവറും ടൂർ കോ– ഓഡിനേറ്ററുമായ സ്ത്രീ.
പറഞ്ഞ സമയമായിട്ടും ബസെത്തിയില്ല. മൊബൈൽ ഫോൺ ഇല്ലാത്ത കാലം. ഹോട്ടൽ 130 കിലോ മീറ്റർ അപ്പുറമാണ്. വിവിധ ബാച്ചുകളായി വന്ന വിനോദ സഞ്ചാരികളെല്ലാം പോയ്ക്കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ അവിടിരുന്നു. കുറെ കഴിഞ്ഞപ്പോൾ കുറാണ്ടാ ആദിവാസികൾ വളരെ ഫ്രീയായി പുറത്തിറങ്ങുന്നത് കണ്ടു. അതിൽ ഒരു അപ്പൂപ്പൻ എന്റെ അടുത്തു വന്നിട്ട് അബോർജിനാണോ എന്നു ചോദിച്ചു. ദക്ഷിണേന്ത്യക്കാരനാണെന്നും നിങ്ങളുടെ വംശജരുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞു. അൽപം കഴിഞ്ഞപ്പോഴേക്കും ബസ് എത്തി. ഞങ്ങളെ അവിടെ വിട്ടിട്ട് അവർ മറ്റ് പല ഓട്ടങ്ങൾക്കും പോയതാണ്.
അടുത്ത ദിവസം സിഡ്നിക്കു പുറത്തെ കാഴ്ചകൾ കാണാനിറങ്ങി. എന്നെക്കൂടാതെ ഒരു ചൈനക്കാരനും വേറെ ചില രാജ്യക്കാരുമുണ്ട്. ബീച്ചും മറ്റു കാഴ്ചകളും കണ്ടു വണ്ടിയിൽ തിരികെക്കയറി. എന്നാൽ ഒരാൾ മാത്രം ബസ് ഷെൽറ്ററിന് അരികെ നിന്നു സിഗരറ്റ് വലിക്കുകയായിരുന്നു. ഡ്രൈവർ വിളിച്ചതോടെ അയാൾ സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് ഓടി വന്നു ബസിൽ കയറി.
പെട്ടെന്നു ഡ്രൈവർ ബസ് ഓഫാക്കി. സിഗരറ്റ് കുറ്റി എടുത്തു മാലിന്യം കളയുന്ന പാത്രത്തിൽ ഇടാൻ അഭ്യർഥിച്ചു. മാലിന്യം ഇടേണ്ട സ്ഥലത്ത് മാത്രമേ തങ്ങൾ അത് കളയൂ എന്നും ടൂറിസ്റ്റുകൾ ഇതിനോട് സഹകരിക്കണമെന്നും പറഞ്ഞു. ബസിൽ ഇരുന്ന എല്ലാവരും സത്യത്തിൽ ചൂളിപ്പോയി. സിഡ്നി ഇത്രയും വൃത്തിയായിരിക്കാൻ കാരണം ഇങ്ങനെ മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയാത്തതു കൊണ്ടാണെന്നും നിങ്ങളെല്ലാം ഇവിടെ എത്തുന്നത് ഈ നഗരം വൃത്തിയായിരിക്കുന്നതു കൊണ്ടാണെന്നും ആ ഡ്രൈവർ വിശദീകരിച്ചു.
സത്യത്തിൽ ഇതുപോലെ നമ്മുടെ ബസ് ഡ്രൈവർമാർക്കൂം ഓട്ടോ ഡ്രൈവർമാർക്കും ടൂറിസ്റ്റുകളോടു പറയാൻ കഴിയുമോ എന്നു ഞാൻ ചിന്തിച്ചു. അങ്ങനെ പറയാൻ ആത്മധൈര്യം വേണം. ഇങ്ങനെ പറയണമെങ്കിൽ നമ്മുടെ ശീലം അതാകണം. നമ്മുടെ നാടിന്റെ രീതിയും അതാകണം. മാലിന്യം തോന്നുംപടി വലിച്ചെറിയാതിരിക്കാനുള്ള വിദ്യാഭ്യാസം ലഭിച്ചിരിക്കണം. ഇതൊരു സംസ്കാരത്തിന്റെ ഭാഗമാകണം. എന്നാലേ നമ്മുടെ നാട് മാലിന്യമുക്തമാകൂ. വിദ്യാലയങ്ങളിൽ മാലിന്യം ഇടാൻ വേസ്റ്റ് ബിൻ വേണമെന്ന് അധ്യാപകരോട് വിദ്യാർഥികൾ പറയണം. വഴിയരികിൽ മാലിന്യം കളയരുതെന്നു മാതാപിതാക്കൾക്കു കുട്ടികളോടു പറയാൻ പറ്റണം.