ശൂരനാട്ടെ ചോരയ്ക്കു കണക്കുണ്ടോ?
Mail This Article
വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ ഇൻസ്പെക്ടർ ഭാസ്ക്കരപ്പണിക്കർ പൊക്കിയെടുത്തു. അവൾക്കരികിൽ ആറു മാസം പ്രായമുള്ള അനുജത്തി കിടക്കുന്നുണ്ടായിരുന്നു. നേരെ ഉള്ളന്നൂർ കുളം ലക്ഷ്യമാക്കി ഇൻസ്പെക്ടർ നടന്നു. പൊലീസുകാരെ കൊന്ന ശേഷം പായ്ക്കാലിൽ ഗോപാലപിള്ള എവിടെപ്പോയി ഒളിച്ചു? അതാണു ഭാസ്ക്കരപ്പണിക്കർക്ക് അറിയേണ്ടത്. കുഞ്ഞിന്റെ അമ്മ തങ്കമ്മ എസ്ഐയുടെ പിറകെ നിലവിളിച്ചു കൊണ്ടോടി. കുളത്തിലേക്കു കുഞ്ഞിന്റെ മുഖം താഴ്ത്തി. ജീവന്റെ കുമിളകൾ മുകളിലേക്കുയർന്നു. കണ്ടു നിൽക്കാനാകാതെ തങ്കമ്മ ആർത്തനാദത്തോടെ ഭാസ്ക്കരപ്പണിക്കരുടെ കാലിൽ വീണു.
കുഞ്ഞ് മരണത്തിന്റെ പടിവാതിൽ വരെ പോയി എന്നു തോന്നുമ്പോൾ അവളുടെ തല അയാൾ മുകളിലേക്കുയർത്തും. അപ്പോൾ ജീവിതത്തിലേക്കു മടങ്ങാനായി കുരുന്നു പിടയും. അങ്ങനെ മൂന്നു തവണ. ഒരിക്കൽ കൂടി അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾ മരണലോകത്തെത്തുമായിരുന്നു. കുരുന്നിനെ അയാൾ കുളക്കരയിലേക്കെറിഞ്ഞു. വീർത്ത വയറും തികട്ടുന്ന വെള്ളവുമായി കരയിൽ നിശ്ചലയായി അവൾ കിടന്നു. അമ്മ അവളെ വാരിയെടുത്തു. കുളക്കരയിൽ നിന്ന് ആ അമ്മയും കുഞ്ഞും എവിടേക്കു പോയെന്ന് പിന്നെ ആരും അന്വേഷിച്ചില്ല. അവളുടെ അനുജത്തിക്ക് എന്തു സംഭവിച്ചുവെന്ന് ആരും തിരക്കിയില്ല. ആ കുടുംബം എവിടെപ്പോയെന്ന് ഒരാളും ചോദിച്ചില്ല. ഉള്ളന്നൂർ കുളം ഇന്നു പായൽ മൂടി കിടപ്പുണ്ട്. ആരും അങ്ങോട്ടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നു മാത്രം...
അടൂർ പൊലീസ് സ്‌റ്റേഷൻ ക്രൈം നമ്പർ: 1/50.
കേസ്: ശൂരനാട്ടെ സർക്കാർ കുളത്തിൽ മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കാനെത്തിയ അടൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മാവേലിക്കര മുട്ടം മാപ്പിളശേരി കളപ്പുരയ്‌ക്കൽ പി.ജെ.മാത്യു, കോൺസ്‌റ്റബിൾമാരായ കഴക്കൂട്ടം കുമഴിക്കര ശ്രീരാമഭവനിൽ കെ. വാസുദേവൻ പിള്ള, ഡാനിയൽ, കുഞ്ഞുപിള്ള ആചാരി എന്നിവരെ 1949 ഡിസംബർ 31ന് ആയുധധാരികളായ സംഘം വെട്ടിക്കൊലപ്പെടുത്തി.
പ്രതികൾ: പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, പേരൂർ മാധവൻ പിള്ള, ശങ്കരനാരായണൻ തമ്പി (മുൻ നിയമസഭാ സ്പീക്കർ), സി.കെ.കുഞ്ഞുരാമൻ, പോണാൽ തങ്കപ്പക്കുറുപ്പ്, തണ്ടാശേരി രാഘവൻ, കളയ്ക്കാട്ടുതറ പരമേശ്വരൻ നായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്കരൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമക്കുറുപ്പ്, അയണിവിള കുഞ്ഞുപിള്ള, ചിറപ്പാട്ട് ചാത്തൻകുട്ടി, അമ്പിയിൽ ജനാർദനൻ നായർ, കോതേലി വേലായുധൻ നായർ തുടങ്ങി 26 പേർ.
പ്രോസിക്യൂഷൻ ചാർജ്
ഭരണം കൈവശപ്പെടുത്താനുള്ള കമ്യൂണിസ്റ്റുപാർട്ടിയുടെ ലക്ഷ്യത്തിനു വേണ്ടി തിരുക്കൊച്ചി സർക്കാരിനെതിരെ അക്രമസമരം നടന്നു വരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപാന്തരമായ അഖില തിരുവിതാംകൂർ ജനാധിപത്യ യുവജന സംഘത്തിൽ അംഗങ്ങളായ പ്രതികൾ സർക്കാർ വകയായ ഉള്ളന്നൂർ കുളത്തിലും കിഴികിട ചാലിലും മീൻ പിടിക്കാനുള്ള അവകാശം കായംകുളം സ്വദേശിക്കു ലേലം ചെയ്തു കൊടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കി. ഈ ചാലിൽ ഇറങ്ങി ഒരുകൂട്ടം ആളുകൾ മീൻപിടിക്കാൻ പോകുന്നുവെന്നു ലേലക്കാരൻ അടൂർ പൊലീസ് ഇൻസ്പെക്ടർക്കു പരാതി നൽകി. ഇരുകക്ഷികളെയും വിളിച്ചു വരുത്തി ചർച്ച നടത്താമെന്ന് ഇൻസ്പെക്ടർ പി.ജെ. മാത്യു പരാതിക്കാരനെ അറിയിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ 6 കോൺസ്റ്റബിൾമാരുമായി അടൂർ സ്റ്റേഷനിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള ശൂരനാട്ടേക്കു പുറപ്പെട്ടു.
ഉള്ളന്നൂർ കുളം ലക്ഷ്യമാക്കിയായിരുന്നു വാഹനം പോയിരുന്നത്. സ്ഥലത്തേക്ക് അടുത്തപ്പോൾ വാഹനത്തിനു നേരെ കല്ലേറുണ്ടായെങ്കിലും കാര്യമാക്കാതെ മുന്നോട്ടുപോയി. കിഴികിട ചാലിലേക്കു പോകണമെങ്കിൽ തൊണ്ടു വഴി പോകണം. പൊലീസ് പാർട്ടി രണ്ടു വഴിക്കായി തിരിഞ്ഞു. ഇൻസ്പെക്ടറും മൂന്നു പൊലീസുകാരും ഒരു വഴിക്കും ഹെഡ് കോൺസ്റ്റബിളും രണ്ടു പൊലീസുകാരും മറ്റൊരു വഴിക്കും. തൊണ്ടിൽ ഇറങ്ങിയതോടെ അതിരൂക്ഷമായ കല്ലേറ് ആരംഭിച്ചു. കല്ല് ഇൻസ്പെക്ടറുടെ നെറ്റിയിൽ കൊണ്ടു. ആയുധധാരികളായ സംഘം പാഞ്ഞെത്തി. ഒരാൾ ഇൻസ്പെക്ടറെ കഠാരകൊണ്ടു കുത്തി. പിന്നീട് കാലിൽ വെട്ടി. ഓരോ പൊലീസുകാരെയും എട്ടും പത്തും പേർ ചേർന്നു കുത്തുകയും വെട്ടുകയും ചെയ്തു. ഇൻസ്പെക്ടർ മാത്യുവും കോൺസ്റ്റബിൾമാരായ വാസുദേവൻ പിള്ളയും കുഞ്ഞുപിള്ള ആചാരിയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കോൺസ്റ്റബിൾ ഡാനിയലിനെ വെട്ടിയും കുത്തിയും അവശനാക്കി. 1950 ജനുവരി ഒന്നിനു മാവേലിക്കര ആശുപത്രിയിൽ ഡാനിയൽ മരിച്ചു.
സിന്ദൂരപ്പൊട്ടിന്റെ ഓർമയ്ക്ക്
മധ്യകേരളത്തിൽ ജന്മിത്വത്തിനെതിരെ കലാപമുയർത്തി എന്നവകാശപ്പെടുന്ന ഈ സംഭവത്തിന് പ്രായം 75 ആകുന്നു. കാർഷിക ഗ്രാമത്തിൽ നിലനിന്ന കൊടിയ അസമത്വങ്ങളാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. രണ്ടു മൂന്നു ജന്മി കുടുംബങ്ങളായിരുന്നു ശൂരനാടിന്റെ കാർഷിക സാമ്പത്തിക വ്യവസ്ഥ നിയന്ത്രിച്ചിരുന്നത്. ഇവിടത്തെ പണിക്കാരായിരുന്നു നാട്ടിലെ ഏറിയ പങ്കും. ജന്മി കുടുംബങ്ങളിൽ ഒന്നായിരുന്നു തെന്നല കുടുംബം (മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ളയുടെ കുടുംബം). കൂലി കൂടുതൽ ചോദിക്കാൻ ചെന്നവരെ ജന്മി ആട്ടിപ്പായിച്ചു. മർദിച്ച സംഭവങ്ങളും ഉണ്ടായി. അസമത്വത്തിൽ പുകഞ്ഞിരുന്നവരെ മീൻ പിടിത്ത വിഷയത്തിലേക്കു വഴി തിരിച്ചു വിടാൻ പാർട്ടിക്കു കഴിഞ്ഞു. അവരുടെ രോഷത്തിനു ബലിയാടായതു 4 പൊലീസുകാരാണെന്നു മാത്രം. ഒരു കമ്യൂണിസ്റ്റും ജന്മിമാരുടെ ബംഗ്ലാവുകളിലേക്കു പ്രകടനം നടത്തിയില്ല. ഒരു ജന്മിക്കുമെതിരെയും അക്രമം അഴിച്ചുവിട്ടില്ല. പൊലീസുകാർക്കെതിരെ അക്രമം നടത്തിയതോടെ ശൂരനാട്ടേക്ക് അതിക്രൂര നാളുകളുടെ വരവ് ആരംഭിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കു പൊലീസ് പറഞ്ഞതാണു വിശ്വാസം
പൊലീസ് സംഘത്തിലുണ്ടായിരുന്ന കോൺസ്റ്റബിൾ തഴവ സ്വദേശി വാസുപിള്ള രക്ഷപ്പെട്ടോടി 30 കിലോ മീറ്റർ അകലെയുള്ള കായംകുളം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞപ്പോഴാണ് ആഭ്യന്തര വകുപ്പ് ശൂരനാട്ടെ ദാരുണ സംഭവം പുറംലോകം അറിയുന്നത്. പറവൂർ ടി.കെ.നാരായണ പിള്ളയായിരുന്നു അന്നു തിരുക്കൊച്ചിയുടെ മുഖ്യമന്ത്രി. കൊലപാതക വിവരം അറിഞ്ഞു ടി.കെ.നാരായണ പിള്ളയും മന്ത്രിമാരായ പനമ്പള്ളി ഗോവിന്ദ മേനോൻ, എ.ജെ ജോൺ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവർ തിരുവനന്തപുരത്തു നിന്നു ശൂരനാട്ട് എത്തി. ഇവരെത്തും മുൻപേ സ്ഥലത്ത് എത്തിയ ഐജി എൻ. ചന്ദ്രശേഖരൻ നായർ വിവരങ്ങൾ മന്ത്രിമാരെ ധരിപ്പിച്ചു. ‘മരിച്ചു വീണ മാത്യുവിന്റെ തുടകളിലെ മാംസം ആൾക്കൂട്ടം വാർന്നെടുത്തു കുളത്തിലെ മീനുകൾക്കു തീറ്റയാക്കി.’ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി പറഞ്ഞു: ‘എനിക്കു പൊലീസ് പറഞ്ഞതു വിശ്വാസമായി. ശൂരനാട് എന്നൊരു നാടിനി വേണ്ട.’ തുടർന്നു നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു: രക്തച്ചൊരിച്ചിലും വിപ്ലവവുമുണ്ടാക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നതായി സർക്കാരിനു വിവരം ലഭിച്ചതിനാൽ തിരുക്കൊച്ചി ഐക്യ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരിക്കുന്നു.
വന്നു, ഭാസ്ക്കരപ്പണിക്കർ
സസ്പെൻഷനിലായിരുന്ന ചെങ്ങന്നൂർ ഇൻസ്പെക്ടർ ഭാസ്ക്കരപ്പണിക്കരെ അടൂർ ഇൻസ്പെക്ടറായി നിയമിച്ചു. കേസിന്റെ അന്വേഷണച്ചുമതലയും നൽകി. അവിടെത്തുടങ്ങി ശൂരനാട്ടെ നരനായാട്ട്. കൂടാതെ പട്ടാളവും സ്ഥലത്തെത്തി. ഭാസ്ക്കരപ്പണിക്കരെ സഹപ്രവർത്തകർ രഹസ്യമായി ഇടിയൻ എന്നാണു വിളിച്ചിരുന്നത്. ഭാസ്ക്കരപ്പണിക്കർ സ്ഥലത്തെത്തി ഓരോ വീടും അരിച്ചു പെറുക്കി. പ്രതിപ്പട്ടികയിലുള്ളവരുടെ വീടിന്റെ കട്ടിളകൾ വരെ പൊളിച്ചു മാറ്റി. കൊടിയ മർദനത്തിന്റെ നാളുകളായിരുന്നു വരാനിരുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ മർദനത്തിനിരയായി. കമ്യൂണിസ്റ്റ് അനുഭാവിയും നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത കോൺഗ്രസുകാരനുമായിരുന്ന തണ്ടാശേരി രാഘവനെ അടൂർ പൊലീസ് സ്റ്റേഷനിലിട്ട് അടിച്ചു കൊന്നു. ശൂരനാട് സംഭവത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷിയാണു രാഘവൻ. തുടയെല്ലു പൊട്ടി തളരുമ്പോഴും ഇൻക്വിലാബ് എന്നു വിളിച്ചു രാഘവൻ. മൃതദേഹം മാവേലിക്കര ആശുപത്രി പരിസരത്തു കുഴിച്ചു മൂടി. കളയ്ക്കാട്ടു പരമേശ്വരൻ നായർ, പായ്ക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്കരൻ നായർ, കാഞ്ഞിരപ്പള്ളിവടക്ക് പുരുഷോത്തമക്കുറുപ്പ് എന്നിവരും പൊലീസ് മർദനത്തെത്തുടർന്നു തടവറകളിൽ മരിച്ചു. 1950 ജനുവരി 18. അടൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ തണ്ടാശേരി രാഘവൻ പിടഞ്ഞു വീണു മരിച്ച ദിവസം. കമ്മ്യൂണിസ്റ്റുകാർ ഈ ദിനം ശൂരനാട് രക്തസാക്ഷിദിനമായി ആചരിക്കുന്നു.
നെൽവയലുകളിൽ കതിരിട്ടു കമ്യൂണിസം
1940കളുടെ അവസാനത്തിലാണു ശൂരനാട്ട് ആദ്യമായി കമ്യൂണിസ്റ്റ് ഘടകം രൂപം കൊള്ളുന്നത്. തിരുവിതാംകൂറിലെ രണ്ടാമത്തെ ഘടകമായിരുന്നു ഇത്. ആദ്യഘടകം എണ്ണയ്ക്കാട്ട് ആണ്. നടയിൽവടക്കേതിൽ പരമുനായരാണ് ശൂരനാട്ടെ പ്രഥമ ഘടകത്തിന്റെ സെക്രട്ടറി. പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, കെ.കേശവൻ പോറ്റി, ശങ്കരനാരായണൻ തമ്പി, പേരൂർ മാധവൻപിള്ള എന്നിവരാണു സംഘാടകർ. തോപ്പിൽഭാസി ശൂരനാട് ഉൾപ്പെടുന്ന വള്ളികുന്നം ലോക്കൽ സെക്രട്ടറിയായിരുന്നു. ശൂരനാട്ടെ പാർട്ടി കൊലപാതകത്തിൽ പുതുപ്പള്ളി രാഘവൻ പിന്നീട് ഖേദിച്ചു. പൊലീസുകാരെ കൊല്ലേണ്ടിയിരുന്നില്ലെന്നു തോപ്പിൽഭാസിയും പിന്നീട് എഴുതി. പാർട്ടിക്കു വേണ്ടി പോരിനിറങ്ങിയ പേരൂർ മാധവൻ പിള്ള 1968ൽ പാർട്ടി വിട്ടു ബോൾഷെവിക് പാർട്ടിയുണ്ടാക്കി.
ശൂരന്മാരുടെ നാട് ശൂരനാട്
കൊല്ലം ജില്ലയുടെ വടക്കേയറ്റത്തുള്ള കാർഷിക ഗ്രാമമാണ് ശൂരനാട്. ശൂരനാട് കേസിലെ പ്രതികളായിരുന്ന ചാലിത്തറ കുഞ്ഞച്ചനെയും പായിക്കാലിൽ രാമൻ നായരെയും പിന്നീട് നാട് കണ്ടിട്ടില്ല. ഒന്നുകിൽ പൊലീസ് ഇടിച്ചു കൊന്നു കുഴിച്ചിട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ ഏതോ നാട്ടിൽ അവർ മറ്റു രണ്ടുപേരായി ജീവിച്ചിട്ടുണ്ടാകാം. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പോടെ കേസിലെ പ്രതികളായിരുന്നവർ രണ്ടു പാർട്ടികളിലായി. അതോടെ തോപ്പിൽഭാസി അനാഛാദനം ചെയ്ത രക്തസാക്ഷി മണ്ഡപം സിപിഐയുടേതായി. ഇതിനു തൊട്ടടുത്തായി 1971 നവംബറിൽ സിപിഎം മറ്റൊരു രക്തസാക്ഷി മണ്ഡപം തീർത്തു. ഇഎംഎസ് കല്ലിട്ട മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതു കെ. ആർ ഗൗരിയമ്മയാണ്. ഗൗരിയമ്മ പിന്നീട് പാർട്ടിയിൽ നിന്നു പുറത്തായപ്പോൾ മണ്ഡപത്തിൽ നിന്ന് അവരുടെ പേര് കൊത്തിയളക്കിക്കളഞ്ഞു.
പലായനത്തിന്റെ കഥ
എസ്ഐ ഭാസക്കരപ്പണിക്കർ ഉള്ളന്നൂർ കുളത്തിൽ മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ആ രണ്ടു വയസ്സുകാരിയെ ഞങ്ങൾ കണ്ടെത്തി. കായംകുളത്തിനടുത്തു വേലഞ്ചിറ എന്ന ഗ്രാമത്തിൽ ഭർത്താവിനും മക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിയുന്നു. റിട്ട സ്കൂൾ അധ്യാപിക ലീലയാണ് ആ പഴയ രണ്ടു വയസ്സുകാരി. അനുജത്തി ഇന്ദിര കുടുംബ സമേതം ജീവിക്കുന്നു. അന്നു കുളത്തിൽ മുക്കിപ്പിടിച്ചതും ജീവനു വേണ്ടി നിലവിളിച്ചതുമൊന്നും ലീലയ്ക്ക് ഓർമയില്ല. ഓർമയില്ലാത്ത പ്രായത്തിൽ തന്നെ അതു സംഭവിച്ചതു നന്നായെന്നു ലീല പറയുന്നു. ആഹാരത്തിനും വസ്ത്രത്തിനും വകയില്ലാതെ അലഞ്ഞത് തെളിഞ്ഞു നിൽക്കുന്നു. അന്നത്തെ കഥ ചോദിച്ചപ്പോൾ ലീല പറഞ്ഞു: ‘പാർട്ടിക്കാർ പൊലീസുകാരെ കൊന്നതു തെറ്റായിരുന്നില്ലേ? ജീവിക്കാൻ വേണ്ടി പണിയെടുത്ത പൊലീസുകാരെയല്ലേ കൊല്ലാക്കൊല ചെയ്തത്. പൊലീസ് ഞങ്ങളോട് ചെയ്തതും തെറ്റായിരുന്നില്ലേ?...എത്ര കുടുംബങ്ങൾ ഇല്ലാതാക്കി?’ ലീല ടീച്ചറുടെ പതിഞ്ഞ നിശ്വാസത്തിൽ എല്ലാമുണ്ടായിരുന്നു.