ഫ്ലോറൻസ്: കലയുടെ കളിത്തൊട്ടിൽ
Mail This Article
ഒടുവിലാണു ഞങ്ങൾ കലയുടെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കുന്ന ഫ്ലോറൻസ് നഗരത്തിൽ എത്തുന്നത്. രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടൊന്നും കണ്ടും പഠിച്ചും തീരാനാവാത്തത്ര സമ്പന്നമായ ചരിത്രത്തിന്റെയും കാഴ്‌ചകളുടെയും ഇടമാണ് ഫ്ലോറൻസ്.
ശാസ്‌ത്രത്തിൽ ലേശം കൗതുകം കൂടുതലായതിനാൽ മറ്റെല്ലാം മാറ്റിവച്ചു ഗലീലിയോ മ്യൂസിയം കാണാനാണു ഞങ്ങളാദ്യം പോയത്. മിലാനിലെ ഡ വീഞ്ചി മ്യൂസിയം പോലെ തന്നെ പഴയകാല വാനശാസ്ത്രത്തിന്റെ വളർച്ച കാണിക്കുന്ന ആയിരത്തിലധികം ശാസ്ത്രോപകരണങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അവ കൂടാതെ ഗലീലിയോയുടെ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ, ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ എന്നിവയും അവിടെ കാണാം.
ജെയിംസ് വെബ് സ്പെയ്സ് ടെലിസ്കോപ്പിലൂടെ ലോകമിന്നു പ്രപഞ്ചത്തിന്റെ അങ്ങേക്കോണിലുള്ള പല അദ്ഭുതങ്ങളും കാണുന്നെങ്കിൽ അതിന്റെ തുടക്കകാലം മുതലുള്ള ടെലിസ്കോപ്പുകളുടെ ഒരു വലിയ നിരയാണ് അവിടെ ഏറ്റവും കൗതുകം ജനിപ്പിക്കുന്ന കാഴ്ച. അതുപോലെ സൂക്ഷ്‌മലോകത്തെ കാണാനുതകുന്ന മൈക്രോസ്‌കോപ്പുകളുടെയും പഴയ ശേഖരം അവിടെയുണ്ട്. 1737 ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സാന്താക്രൂസ് ദേവാലയത്തിന്റെ പ്രധാന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ ലഭിച്ച വിരലും പല്ലും ഇപ്പോൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സ്വാഭാവികമായും ഞങ്ങളുടെ അടുത്ത സന്ദർശനസ്ഥലം സാന്താക്രൂസ് ദേവാലയം തന്നെയായിരുന്നു. ഗലീലിയോയുടെ മാത്രമല്ല, ഇറ്റാലിയൻ നവോത്ഥാനകാലത്തെ പ്രശസ്‌തരും ബഹുമുഖ പ്രതിഭകളുമായിരുന്ന മൈക്കലാഞ്ചലോ, റോസിനി, ലിയോൺ ബാറ്റിസ്റ്റ അൽബേർത്തി, വിട്ടോരിയോ അൽഫേരി, ലിയാനാർദോ ബ്രൂണി തുടങ്ങിയവരുടെ ശവകുടീരങ്ങളും ഡിവൈൻ കോമഡി എന്ന മഹാകാവ്യം സമ്മാനിച്ച ദാന്തേ അലിഗീരി, ചിത്രകലയുടെ കുലപതി ഡാ വീഞ്ചി എന്നിവരുടെ സ്മാരകഫലകങ്ങളും ഈ ദേവാലയത്തിനുള്ളിലുണ്ട്. അതായത് ലോകം ഇന്ന് മഹാദ്ഭുതങ്ങൾ എന്നു വാഴ്ത്തുന്ന ചിത്രങ്ങൾ, ശിൽപങ്ങൾ, കവിതകൾ, ദർശനങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവയ്ക്കെല്ലാം കാരണമായവർ ഒരേ ദേവാലയത്തിനുള്ളിൽ ഒന്നിച്ച് അന്തിയുറങ്ങുന്നു. ആ മഹാരഥന്മാരുടെ മുന്നിൽ ഒരു നിമിഷം നമ്രശിരസ്‌കനായി നിൽക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഈ യാത്രയിലെ ഏറ്റവും വലിയ സുകൃതം.
അടുത്തത് ഉഫൈസി ഗാലറി എന്ന ആർട്ട് മ്യൂസിയമാണ്. അതിന്റെ മുന്നിൽ എത്തിയപ്പോൾ നീണ്ട ക്യൂ. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാത്തു നിന്നാലേ അകത്തേക്കു കടക്കാൻ കഴിയൂ. നിൽപ്പും സമയനഷ്ടവ ആലോചിച്ചു സങ്കടത്തിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ വന്ന് തന്റെ കയ്യിൽ രണ്ട് ടിക്കറ്റ് അധികമുണ്ട് ആർക്കെങ്കിലും വേണമെങ്കിൽ തരാം എന്നു പറഞ്ഞു. ആ ക്യൂവിൽ നിൽക്കുന്ന ആരും ആ വാഗ്ദാനം ഏറ്റെടുക്കാൻ തയാറായില്ല. ഇതിൽ കള്ളവും ചതിവുമൊന്നുമില്ല. തന്റെ കൂടെ വരാമെന്നു സമ്മതിച്ചിരുന്ന രണ്ടുപേർക്ക് പെട്ടെന്ന് അസൗകര്യമുണ്ടായതുകൊണ്ടാണ് ഇങ്ങനെ വിൽക്കേണ്ടി വരുന്നത് എന്നവർ വിശദീകരിച്ചു. എന്നിട്ടും ഭീരുക്കളായ യൂറോപ്യന്മാരും ചൈനക്കാരും അനങ്ങിയില്ല. നമ്മൾ ഇന്ത്യക്കാർക്കു പിന്നെ അതൊക്കെ ശീലമാണല്ലോ. ഞാൻ ചാടി വീണ് വാങ്ങിക്കൊള്ളാം എന്നു പറഞ്ഞു. അവർക്ക് ആശ്വാസമായി. ഞങ്ങളെ അകത്തേക്കു കൂട്ടിക്കൊണ്ട് പോയി പരിശോധനാഗേറ്റ് കടന്നതിനു ശേഷമാണ് അവർ അതിന്റെ പണം വാങ്ങാൻ തയാറായത്. ഞങ്ങൾക്ക് ഒരു മണിക്കൂർ ലാഭം. മറ്റുള്ളവരെ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന യൂറോപ്യന്മാർ അപ്പോഴും ക്യൂവിൽ തന്നെ.
വിശദമായി കാണാൻ ശ്രമിച്ചാൽ ഒരു മാസമെടുത്താലും കണ്ടുതീർക്കാനാവാത്തത്ര ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും ശേഖരം ഉഫൈസി മ്യൂസിയത്തിനുള്ളിലുണ്ട്. ഏതാണ്ട് മൂന്നു നൂറ്റാണ്ട് കാലം ഫ്ലോറൻസ് നഗരത്തെ അടക്കി ഭരിക്കുകയും റോമൻസഭയ്ക്ക് ലിയോ പത്താമൻ ഉൾപ്പെടെ മൂന്നു മാർപാപ്പമാരെ സംഭാവന ചെയ്യുകയും ചെയ്‌ത പ്രശസ്‌തമായ മെഡിചി കുടുംബത്തിന്റെ വകയായിരുന്നു ഇന്ന് ഉഫൈസി ഗാലറിയിൽ കാണുന്ന ചിത്രങ്ങളിൽ ഏറെയും. 1581 ൽ കാസിമോ മെഡിചിയാണ് ഈ മ്യൂസിയം പണികഴിപ്പിച്ചത്. ബാങ്കിങ്ങും അധികാരമായിരുന്നു പ്രധാന താത്പര്യങ്ങളെങ്കിലും കലയെ അത്യഗാധമായി ഇഷ്ടപ്പെട്ടവർ കൂടിയായിരുന്നു മെഡിചി കുടുംബം. അക്കാലത്ത് ഇറ്റാലിയൻ കലയിൽ ഒരു നവോത്ഥാനമുണ്ടാക്കുന്നതിൽ അവരുടെ കലാതാൽപര്യങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മൈക്കലാഞ്ചലോയെപ്പോലെ ഒരു അതിപ്രഗത്ഭൻ ചെറുപ്പകാലത്ത് ആ കുടുംബത്തിന്റെ ആശ്രിത വത്സലനായിരുന്നു എന്നറിയുമ്പോൾ ആ പങ്ക് നമുക്ക് തിരിച്ചറിയാൻ കഴിയും. മക്കളില്ലാത്തതിനാൽ സ്വന്തം വംശം അന്യം നിൽക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞു മെഡിചി കുടുംബത്തിലെ അവസാന അംഗമായിരുന്ന അന്ന മരിയ മരിക്കുന്നതിനു മുൻപു നഗരത്തിനു കൈമാറിയ ചിത്രങ്ങളാണ് ഇപ്പോൾ ഉഫൈസിയിലുള്ളത്. സാന്താക്രൂസ് ദേവാലയത്തിന്റെ ഒരു ഭാഗത്ത് മെഡിചികളുടെ ചാപ്പൽ ഉണ്ട്. അതിനുള്ളിലാണ് അന്ന മരിയയെ സംസ്‌കരിച്ചിരിക്കുന്നത്. അധികാരവും ചതിയും പകവീട്ടിലും കൊലപാതകവും മതവും സഭയും ഒക്കെ കലർന്ന ഈ കുടുംബത്തിന്റെ വിചിത്രമായ കഥ അറിയാൻ താത്പര്യമുള്ളവർ ‘മെഡിചി’ എന്ന നെറ്റ്ഫ്ലിക്‌സ് സീരീസ് കാണുന്നത് നന്നായിരിക്കും. ഞാനാവട്ടെ മെഡിചി ചാപ്പലിനുള്ളിലെ ബുക്ക് ഷോപ്പിൽ നിന്ന് അവരുടെ ചരിത്രം വിവരിക്കുന്ന പുസ്തകവും വാങ്ങിയാണ് വന്നത്.